ലോകരാജ്യങ്ങളെ ആകെ അമ്ബരിപ്പിച്ച പ്രസ്താവനയാണ് റഷ്യ ഇപ്പോള്‍ നടത്തിയിരിക്കുന്നത്

0

ഇന്ത്യയില്‍ രാഷ്ട്രീയ അസന്തുലിതാവസ്ഥ സൃഷ്ടിക്കാന്‍ അമേരിക്ക ശ്രമിക്കുന്നു എന്നതാണ് റഷ്യയുടെ ആദ്യ ആരോപണമെങ്കില്‍, രണ്ടാമത്തേത് ഖലിസ്താന്‍ വിഘടനവാദിയായ ഗുര്‍പത് വന്ത് സിങ്ങിനെ വധിക്കാന്‍ നടന്ന ഗൂഢാലോചനയില്‍ ഇന്ത്യയ്ക്ക് പങ്കുണ്ടെന്ന അമേരിക്കന്‍ വാദത്തെ തള്ളിക്കളയുന്നതാണ്.

രണ്ട് വിഷയത്തിലും അമേരിക്കയെ കടന്നാക്രമിക്കുന്ന ശക്തമായ നിലപാടാണ് ഇന്ത്യയുടെ എക്കാലത്തെയും ഉറ്റ സുഹൃത്തായ റഷ്യ സ്വീകരിച്ചിരിക്കുന്നത്.ഇന്ത്യ ഭരിക്കുന്നത് ഏത് പാര്‍ട്ടിയായാലും ആ രാജ്യത്തോടുള്ള കൂറും അടുപ്പവും തുടരുമെന്നത് റഷ്യയുടെ പ്രഖ്യാപിത നയമാണ്. ഈ നിലപാടില്‍ ഉറച്ച്‌ നിന്ന് റഷ്യ പരസ്യമായി നടത്തിയ അഭിപ്രായ പ്രകടനം അമേരിക്കയെ മാത്രമല്ല, മറ്റു രാജ്യങ്ങളെയും അത്ഭുതപ്പെടുത്തുന്നതാണ്. റഷ്യയുമായി ഏറെ അടുക്കാന്‍ ശ്രമിക്കുന്ന ചൈനയെയും അപ്രതീക്ഷിതമായ റഷ്യയുടെ പുതിയ നീക്കം ഞെട്ടിച്ചിട്ടുണ്ട്.ഇന്ത്യയിലെ പൊതുതിരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ അമേരിക്ക ശ്രമിക്കുന്നു എന്ന ഗുരുതര ആരോപണമാണ് റഷ്യ പരസ്യമായി ഉന്നയിച്ചിരിക്കുന്നത്. ഇന്ത്യ പോലും പറയാന്‍ മടിച്ച കാര്യം പരസ്യമായി ഉന്നയിക്കുക വഴി പുതിയ പോര്‍മുഖമാണ് റഷ്യ തുറന്നിരിക്കുന്നത്. ഇന്ത്യയില്‍ മതസ്വാതന്ത്ര്യ ലംഘനമുണ്ടായെന്ന തരത്തില്‍ അമേരിക്കന്‍ ഫെഡറല്‍ കമ്മിഷന്‍ റിപ്പോര്‍ട്ട് പുറത്തുവന്നതാണ് റഷ്യയെ ചൊടിപ്പിച്ചിരിക്കുന്നത്. ഇതിനു പിന്നാലെയാണ് റഷ്യന്‍ വിദേശകാര്യ മന്ത്രാലയത്തിന്റെ കടുത്ത പരാമര്‍ശം അമേരിക്കയ്ക്ക് എതിരെ ഉണ്ടായിരിക്കുന്നത്. ഇന്ത്യയെക്കുറിച്ച്‌ അറിയാതെയാണ് മതസ്വാതന്ത്ര്യത്തെ കുറിച്ച്‌ അമേരിക്ക അനാവശ്യമായ ആരോപണങ്ങള്‍ ഉന്നയിക്കുന്നതെന്നാണ് റഷ്യന്‍ വിദേശകാര്യ മന്ത്രാലയ വക്താവ് മരിയ സഖറോവ ആരോപിച്ചിരിക്കുന്നത്. റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിനുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷമാണ് ഇത്തരമൊരു പ്രതികരണം വിദേശകാര്യ വക്താവ് നടത്തിയതെന്നതും ശ്രദ്ധേയമാണ്.ഇന്ത്യയിലെ പൊതുതിരഞ്ഞെടുപ്പിനെയും ആഭ്യന്തര രാഷ്ട്രീയ സാഹചര്യത്തെയും അസന്തുലിതമാക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് അമേരിക്കന്‍ നിലപാടെന്നാണ് റഷ്യ ലോകത്തോട് വിളിച്ചു പറഞ്ഞിരിക്കുന്നത്. ഇത് ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടുന്നതിന് തുല്യമാണെന്നാണ് റഷ്യ കുറ്റപ്പെടുത്തുന്നത്. അമേരിക്കന്‍ സ്റ്റേറ്റ് കമ്മിഷന്‍ ഓണ്‍ ഇന്റര്‍നാഷണല്‍ റിലീജിയസ് ഫ്രീഡം പ്രസിദ്ധീകരിച്ച വാര്‍ഷിക റിപ്പോര്‍ട്ടിലാണ് ഇന്ത്യയുടെ മതസ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട് ഗുരുതര വിമര്‍ശനങ്ങളുണ്ടായിരുന്നത്. ഈ റിപ്പോര്‍ട്ടിനെതിരെ ഇന്ത്യയും രൂക്ഷമായ ഭാഷയില്‍ പ്രതികരിച്ചിരുന്നുവെങ്കിലും അമേരിക്കയെ റഷ്യ കടന്നാക്രമിച്ചതുപോലെ പ്രതികരിച്ചിരുന്നില്ല.

അതു പോലെ തന്നെ ഖലിസ്താന്‍ വിഘടനവാദി ഗുര്‍പത് വന്ത് സിങ് പന്നൂനെ വധിക്കാന്‍ നടന്ന ഗൂഢാലോചനയില്‍ ഇന്ത്യയ്ക്ക് പങ്കുണ്ടെന്ന അമേരിക്കയുടെ ആരോപണവും റഷ്യ തള്ളിക്കളഞ്ഞിട്ടുണ്ട്. അമേരിക്ക പുലര്‍ത്തുന്ന നിയോ കൊളോണിയല്‍ മനഃസ്ഥിതിയില്‍ നിന്നാണ് ഇത്തരത്തിലുള്ള ആരോപണങ്ങളുണ്ടാകുന്നതെന്നാണ് റഷ്യ തുറന്നടിച്ചിരിക്കുന്നത്. ‘പൊതുതിരഞ്ഞെടുപ്പ് നടക്കുന്ന സന്ദര്‍ഭത്തില്‍ ഇന്ത്യയുടെ ആഭ്യന്തര രാഷ്ട്രീയസ്ഥിതിയെ താളംതെറ്റിക്കുക എന്നതാണ് യഅമേരിക്കയുടെ ലക്ഷ്യം. ഇന്ത്യയുടെ ആഭ്യന്തരവിഷയങ്ങളിലുള്ള കൈകടത്തല്‍ കൂടിയാണതെന്നും റഷ്യ ആരോപിക്കുന്നു. ഈ കൊലപാതകത്തില്‍ ഇന്ത്യയുടെ പങ്ക് വ്യക്തമാക്കാനുതകുന്ന വസ്തുതാപരമായ തെളിവുകള്‍ നല്‍കാന്‍ അമേരിക്കയ്ക്ക് സാധിച്ചിട്ടില്ലെന്നും റഷ്യ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

ഗുര്‍പത്വന്ത് സിങ് പന്നൂനെ വധിക്കാനുള്ള ഗൂഢാലോചനയില്‍ ഇന്ത്യന്‍ പൗരര്‍ക്ക് പങ്കുണ്ടെന്ന് സ്ഥാപിക്കുന്ന വിശ്വസനീയമായ തെളിവുകള്‍ അമേരിക്ക നല്‍കിയിട്ടില്ലെന്നാണ് തങ്ങള്‍ക്ക് ലഭ്യമായ വിവരമെന്നാണ് പരസ്യ പ്രസ്താവനയില്‍ റഷ്യന്‍ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയിരിക്കുന്നത്. അടിസ്ഥാനരഹിതവും ഊഹോപോഹങ്ങള്‍ നിഴലിക്കുന്നതുമായ ആരോപണങ്ങള്‍ അസ്വീകാര്യമാണെന്ന് റഷ്യന്‍ വിദേശകാര്യവക്താവ് മരിയ സഖറോവയാണ് പറഞ്ഞിരിക്കുന്നത്. ഇന്ത്യയുടെ വികസനത്തിന്റെ പൊതുവായ സാംസ്‌കാരിക മനോഭാവത്തേയും ചരിത്രപരമായ പശ്ചാത്തലത്തേയും കുറിച്ച്‌ അമേരിക്കയ്ക്കുള്ള പരിമിതമായ അറിവും ഇന്ത്യയെന്ന രാഷ്ട്രത്തോടുള്ള അവഹേളനവുമാണ് ഇത് പ്രകടമാക്കുന്നതെന്നും മരിയ സഖറോവ കൂട്ടിച്ചേര്‍ത്തു.

You might also like

Leave A Reply

Your email address will not be published.