പോപ്പുലര്‍ ഫ്രണ്ടിന്റെ പ്രവര്‍ത്തനങ്ങളുടെ ഗുണഭോക്താക്കള്‍ സംഘപരിവാറെന്ന് പി കെ കുഞ്ഞാലിക്കുട്ടി

0

ദോഹ: രാജ്യത്ത് നിലനില്‍ക്കുന്ന പലവിധ പ്രശ്‌നങ്ങളെ എല്ലാ കാലത്തും ജാതീയതയും വര്‍ഗ്ഗീയതയും പറഞ്ഞ് ബി ജെ പിക്ക് ഒളിച്ചു വെക്കാന്‍ സാധിക്കില്ലെന്നും ജനങ്ങള്‍ക്ക് അത്തരം കാര്യങ്ങള്‍ മനസ്സിലായിത്തുടങ്ങിയിട്ടുണ്ടെന്നും മുസ്‌ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി. ഖത്തര്‍ കെ എം സി സിയുടെ പുതിയ അംഗത്വ കാര്‍ഡുകളുടെ പുറത്തിറക്കല്‍ ചടങ്ങില്‍ പങ്കെടുക്കാന്‍ ഖത്തറിലെത്തിയ അദ്ദേഹം ഇന്ത്യന്‍ മീഡിയാ ഫോറത്തിന്റെ മീറ്റ് ദി പ്രസ് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു. ബി ജെ പി ഭരണത്തിന്റെ അവധി അടുത്തു വരികയാണെന്നും പ്രതിപക്ഷം യോജിക്കുന്ന സമയത്തോടെ ബി ജെ പി ഭരണം അവസാനിക്കുമെന്നും അദ്ദേഹം പറഞ്ഞു. അടുത്ത പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ ഒന്നായി നിന്നാല്‍ ഫലം വ്യത്യസ്തമാകും. ചില സംസ്ഥാനങ്ങളില്‍ തെരഞ്ഞെടുപ്പിന് മുമ്പും ചില സംസ്ഥാനങ്ങളില്‍ തെരഞ്ഞെടുപ്പിന് ശേഷവുമാണ് രാഷ്ട്രീയ സഖ്യങ്ങള്‍ രൂപപ്പെടേണ്ടതെന്നും അദ്ദേഹം പറഞ്ഞു. രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തിലുള്ള ഭാരത് ജോഡോ യാത്ര മികച്ച പ്രതികരണമാണ് സൃഷ്ടിക്കുന്നത്. ഇന്ത്യ മുഴുവനുമുള്ള ജനങ്ങളെ നടന്നു കാണാന്‍ ഇറങ്ങിത്തിരിച്ച രാഹുല്‍ ഗാന്ധിയുടെ നടപടി എടുത്തുപറയേണ്ടതുണ്ടെന്നും പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഇന്ത്യയുടെ അഖണ്ഡതയ്ക്കും മതേതരത്വത്തിനും വേണ്ടിയുള്ള ഇത്തരമൊരു പ്രവര്‍ത്തനം സമീപകാലത്തൊന്നും നടന്നിട്ടില്ലെന്നും എല്ലാവരേയും ഒന്നിപ്പിക്കാനുള്ള ശ്രമങ്ങളാണ് കോണ്‍ഗ്രസ് നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. ചെറിയ മാറ്റങ്ങള്‍ വന്നാല്‍ പോലും നിലവിലുള്ള രാഷ്ട്രീയാവസ്ഥയില്‍ പ്രതിഫലിക്കും. യു പിയും ഗുജറാത്തിലുമൊക്കെ ബി ജെ പിയുടെ സീറ്റ് കുറയുന്ന ട്രെന്‍ഡാണുള്ളത്. വളരെ പെട്ടെന്ന് ഇന്ത്യന്‍ രാഷ്ട്രീയം മാറാനുള്ള സാധ്യതയുണ്ടെന്നും പി കെ കുഞ്ഞാലിക്കുട്ടി വിശദമാക്കി. പോപ്പുലര്‍ ഫ്രണ്ടിന്റെ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ ന്യൂനപക്ഷങ്ങള്‍ക്കല്ല ബി ജെ പിക്കും സംഘപരിവാര്‍ സംഘടനകള്‍ക്കുമാണ് ഗുണമുണ്ടാക്കിയതെന്ന് പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. തീവ്രവാദത്തെ എതിര്‍ത്തും അതിനെതിരായ കാംപെയിന്‍ നടത്തിയുമാണ് ലീഗ് മുമ്പോട്ടു പോകുന്നതെന്നു പറഞ്ഞ കുഞ്ഞാലിക്കുട്ടി സംഘപരിവാറും പോപ്പുലര്‍ ഫ്രണ്ടിനെ പോലെ വര്‍ഗ്ഗീയത തന്നെയാണ് പറയുന്നതെന്നും അവര്‍ക്കെതിരെയും ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു. തീവ്രവാദ സമീപനമെടുക്കുന്ന സംഘടനകളെ കാലാകാലമായി ലീഗ് അടുപ്പിക്കാറില്ലെന്നും അദ്ദേഹം വിശദമാക്കി. കിട്ടുന്ന എന്തും വര്‍ഗ്ഗീയ പ്രചരണം നടത്താനാണ് സംഘപരിവാര്‍ ശ്രമിക്കുന്നതെന്നും അത് ജാതിയായാലും മതമായാലും ഭക്ഷണമായാലും സന്താനങ്ങളായാലും വര്‍ഗ്ഗീയതയുടെ കാഴ്ചപ്പാടാണ് അവതരിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. എന്‍ഡോസള്‍ഫാന്‍ വിഷയത്തില്‍ യു ഡി എഫ് സര്‍ക്കാര്‍ കാണിച്ച താത്പര്യം നിര്‍ഭാഗ്യവശാല്‍ ഇടതു സര്‍ക്കാര്‍ കാണിക്കുന്നില്ലെന്നും പി കെ കുഞ്ഞാലിക്കുട്ടി കുറ്റപ്പെടുത്തി. മുസ്‌ലിം ലീഗ് ഇടതുപക്ഷവുമായി അടുക്കാന്‍ ആലോചിക്കുന്നുണ്ടോ എന്ന ചോദ്യത്തെ അദ്ദേഹം ഒരു ചിരിയിലൊതുക്കി. ഇന്ത്യന്‍ മീഡിയാ ഫോറം പ്രസിഡന്റ് ഐ എം എ ഓമനക്കുട്ടന്‍, ജനറല്‍ സെക്രട്ടറി ഐ എം എ റഫീക്ക് എന്നിവര്‍ പങ്കെടുത്തു.

You might also like

Leave A Reply

Your email address will not be published.