കെ.എ.എസ് മെയിന്‍ പരീക്ഷ വീണ്ടും നടത്തണമന്ന് ആവശ്യവുമായി ഉദ്യോഗാര്‍ഥികളുടെ പരാതി

0

കെ.എ.എസിന്‍റെ വിവരണാത്മകമായ മെയിന്‍ പരീക്ഷയെ കുറിച്ചാണ് ആക്ഷേപം ഉയര്‍ന്നത്. കെ.എ.എസ് ചട്ടങ്ങള്‍ ലംഘിച്ചാണ് പരീക്ഷ നടത്തിയതെന്നും ഉദ്യോഗാര്‍ഥികള്‍ ആരോപിക്കുന്നു.യു.പി.എസ്‌.സിയുടെ അതേ സ്‌കീമില്‍ പരീക്ഷ നടത്തുമെന്ന വാഗ്ദാനം ലംഘിക്കപ്പെട്ടു. യു.പി.എസ്‌.സി പരീക്ഷകളില്‍ മുദ്രവെച്ച ചോദ്യപേപ്പര്‍ പൊട്ടിച്ചു പുറത്തെടുക്കുന്നത് ഉദ്യോഗാര്‍ഥികളാണ്. എന്നാല്‍, കെ.എ.എസിന്‍റെ പ്രിലിമിനറി പരീക്ഷയില്‍ നിന്ന് വ്യത്യസ്തമായി മെയിന്‍ പരീക്ഷയുടെ ചോദ്യപേപ്പറുകള്‍ മുദ്രവെച്ച കവറിലല്ല ലഭിച്ചത്. അതിനാല്‍ ചോദ്യങ്ങള്‍ ചോര്‍ന്നിരിക്കാന്‍ സാധ്യതയുണ്ടെന്നാണ് ഉദ്യോഗാര്‍ഥികള്‍ ചൂണ്ടിക്കാട്ടുന്നത്.യു.പി.എസ്‌.സി വിവരണാത്മക പരീക്ഷകളില്‍ രണ്ടു തരത്തിലുള്ള ചോദ്യങ്ങളാണ് ഉണ്ടാവുക. 10 മാര്‍ക്കിന്‍റെ ചോദ്യത്തിന് നൂറു വാക്കിലും 15 മാര്‍ക്കിന്‍റെ ചോദ്യത്തിന് 150 വാക്കിലും ഉത്തരം എഴുതണം. ഇതിന് ആനുപാതികമായ സ്ഥലം ഉത്തരകടലാസില്‍ ഉണ്ടായിരിക്കും. അതേസമയം, കെ.എ.എസ് പരീക്ഷയില്‍ മൂന്നു മാര്‍ക്കിനും അഞ്ചു മാര്‍ക്കിനുമാണ് ചോദ്യങ്ങളുണ്ടായിരുന്നത്. എന്നാല്‍, എത്ര വാക്കില്‍ ഉത്തരം എഴുതണമെന്ന് വ്യക്തമാക്കിയില്ലെന്നും ഉത്തരം എഴുതാന്‍ ആവശ്യമായ സ്ഥലം ഉണ്ടായിരുന്നില്ലെന്നും ഉദ്യോഗാര്‍ഥികള്‍ പറയുന്നു.റാങ്ക്‌ലിസ്റ്റ് പുറത്ത് വന്നപ്പോള്‍ ഐ.എ.എസ് പരീക്ഷയില്‍ ഇന്‍റര്‍വ്യു ഘട്ടത്തില്‍ എത്തിയവര്‍ വരെ പുറത്താകുന്ന സ്ഥിതിയാണ് ഉണ്ടായത്. മറ്റു പലരും പട്ടികയില്‍ കയറിപ്പറ്റിയെന്നുമാണ് പരാതി. ഇക്കാര്യം ചൂണ്ടിക്കാട്ടി ഒന്നിലധികം തവണ പി.എസ്.സി ചെയര്‍മാന് ഉദ്യോഗാര്‍ഥികള്‍ പരാതി നല്‍കിയിരുന്നു. ചെയര്‍മാന്‍ നടപടി സ്വീകരിക്കാത്ത സാഹചര്യത്തില്‍ മുഖ്യമന്ത്രിക്ക് ഉദ്യോഗാര്‍ഥികള്‍ പരാതി നല്‍കിയിട്ടുണ്ടെന്നും മീഡിയവണ്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.അതേസമയം, ഉദ്യോഗാര്‍ഥികളുടെ ആരോപണത്തില്‍ കഴമ്ബില്ലെന്നും പരീക്ഷ വീണ്ടും നടത്തണമെന്ന ആവശ്യം പരിഗണിച്ചിട്ടില്ലെന്നും പി.എസ്.സി വ്യക്തമാക്കി.

You might also like

Leave A Reply

Your email address will not be published.