അരിസോണ ഏര്‍ലി വോട്ടിംഗില്‍ റിക്കാര്‍ഡ് പോളിംഗ്, ഏഴു ബൂത്തുകളിലായി 2922 വോട്ടര്‍മാര്‍ നേരിട്ടെത്തി വോട്ട് രേഖപ്പെടുത്തി

0

നവംബര്‍ മൂന്നിന് നടക്കുന്ന അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിനുള്ള ഏര്‍ലി വോട്ടിംഗ് അരിസോണ സംസ്ഥാനത്ത് ആരംഭിച്ചപ്പോള്‍ പോളിംഗ് സ്റ്റേഷനുകളില്‍ റിക്കാര്‍ഡ് പോളിംഗ് നടന്നതായി അധികൃതര്‍. 4.1 മില്യന്‍ രജിസ്‌ട്രേഡ് വോട്ടര്‍മാരുള്ള അരിസോണ സംസ്ഥാനം റിപ്പബ്ലിക്കന്‍ കോട്ടയായാണ് അറിയപ്പെടുന്നത്. ഈവര്‍ഷം അട്ടിമറി വിജയം നേടുമെന്നാണ് ഡമോക്രാറ്റിക് പാര്‍ട്ടി നേതൃത്വം പ്രതീക്ഷിക്കുന്നത്.2016-ല്‍ ഡൊണള്‍ഡ് ട്രംപിനെയായിരുന്നു അരിസോണ സംസ്ഥാനം പിന്തുണച്ചത്. രണ്ട് റിപ്പബിക്കന്‍ സെനറ്റര്‍മാരേയും സംസ്ഥാനം ജയിപ്പിച്ചതാണ്. പ്രസിഡന്റ് ട്രംപ് നിരവധി തവണ അരിസോണയില്‍ സന്ദര്‍ശനം നടത്തിയിരുന്നു. തെരഞ്ഞെടുപ്പ് ആരംഭിച്ച വാരം സംഘടിപ്പിച്ച തെരഞ്ഞെടുപ്പ് പ്രചാരണം കോവിഡ് പശ്ചാത്തലത്തില്‍ മാറ്റിവച്ചുവെങ്കിലും വോട്ടര്‍മാര്‍ നേരിട്ടെത്തി വോട്ട് രേഖപ്പെടുത്തണമെന്ന് ട്രംപ് അഭ്യര്‍ത്ഥിച്ചു. അരിസോണ മാരികോപ്പ കൗണ്ടിയിലാണ് റിക്കാര്‍ഡ് പോളിംഗ് രേഖപ്പെടുത്തിയത്. 2016-ല്‍ 847-ഉം, 2018-ല്‍ 393-ഉം വോട്ട് രേഖപ്പെടുത്തിയ സ്ഥാനത്ത് കൗണ്ടിയിലെ ഏഴു ബൂത്തുകളിലായി 2922 വോട്ടര്‍മാരാണ് നേരിട്ടെത്തി വോട്ട് രേഖപ്പെടുത്തിയത്.അരിസോണയില്‍ നിലവിലുള്ള റിപ്പബ്ലിക്കന്‍ സെനറ്റര്‍ മാര്‍ത്ത മെക്‌സാലി, ഡമോക്രാറ്റിക് സ്ഥാനാര്‍ത്ഥി മാര്‍ക്ക് കെല്ലിയേക്കാള്‍ വളരെ പിറകിലാണ്. ഇത്തവണ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയെ തറപറ്റിച്ച്‌ അരിസോണയില്‍ ബൈഡന്‍ വിജയം കൈവരിക്കുമെന്നും, സംസ്ഥാനത്തെ പതിനൊന്ന് ഇലക്ടറല്‍ വോട്ടുകളും നേടുമെന്ന് പാര്‍ട്ടി അവകാശപ്പെട്ടു.ജോ ബൈഡന്റെ സോഷ്യലിസ്റ്റ് അജണ്ട അരിസോണ വോട്ടര്‍മാര്‍ തള്ളിക്കളയുമെന്നും, ഡോ ബൈഡന്റെ കഴിഞ്ഞ 47 വര്‍ഷത്തെ ഭരണ പരാജയം തങ്ങള്‍ക്ക് അനുകൂലമാകുമെന്നും ട്രംപ് കാമ്ബയില്‍ ഡപ്യൂട്ടി നാഷണല്‍ പ്രസ് സെക്രട്ടറി സാമന്ത സഗര്‍ അവകാശപ്പെട്ടു.

You might also like

Leave A Reply

Your email address will not be published.