‘ആ പോസും കോണ്‍ഫിഡന്‍സും വേറെ ലെവല്‍’; ഫോട്ടോയെ പ്രശംസിച്ച്‌ ബി.ജെ.പി നാഗാലാന്‍ഡ് അധ്യക്ഷന്‍ തെംജന്‍ ഇംന എലോങ്

0

രാഹുലിന്റെ ലണ്ടന്‍ യാത്രയിലെ പരാമര്‍ശങ്ങളെ ചൊല്ലി കോണ്‍ഗ്രസും ബി.ജെ.പിയും കൊമ്ബുകോര്‍ക്കുന്നതിനിടെയാണ് നാഗാലാന്‍ഡ് മന്ത്രി കൂടിയായ ബി.ജെ.പി നേതാവിന്റെ പ്രശംസ.ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസിന്റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലാണ് കറുത്ത സ്യൂട്ട് ധരിച്ച്‌ പാന്റ് പോക്കറ്റില്‍ കൈയിട്ട് നില്‍ക്കുന്ന രാഹുലിന്റെ ചിത്രം ‘നിങ്ങള്‍ ഒറ്റക്കാണെങ്കിലും നിങ്ങള്‍ വിശ്വസിക്കുന്ന കാര്യങ്ങള്‍ക്കായി നിലകൊള്ളുക’ എന്ന കുറിപ്പോടെ പങ്കുവെച്ചത്. ഇതിനോടുള്ള പ്രതികരണത്തിലാണ് ‘ഈ ആത്മവിശ്വാസവും പോസും വേറെ ലെവല്‍’ എന്ന് ബി.ജെ.പി നേതാവ് കുറിച്ചത്. എന്നാല്‍, പിന്നീട് ട്വിറ്ററില്‍ മറ്റൊരു പോസ്റ്റുമായി രംഗത്തെത്തിയ അദ്ദേഹം, കോണ്‍ഗ്രസ് പേജിലുള്ള ക്യാപ്ഷന്‍ കടമെടുത്തതാണെന്ന് സൂചിപ്പിച്ച്‌ ‘അടിക്കുറിപ്പെങ്കിലും സ്വന്തമായി എഴുതുക’ എന്ന് പരിഹസിച്ചു. രാഹുലിന്റെ ചിത്രം സമൂഹ മാധ്യമങ്ങള്‍ ഏറ്റെടുക്കുകയും നിരവധി പേര്‍ പ്രശംസയുമായി എത്തുകയും ചെയ്തിരുന്നു.ലണ്ടന്‍ സന്ദര്‍ശനത്തിനിടെ ബി.ജെ.പിക്കും ആര്‍.എസ്.എസിനുമൊക്കെ എതിരെ രൂക്ഷ വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി രംഗത്തെത്തുകയും ബി.ജെ.പി അതില്‍ വിമര്‍ശനവുമായി എത്തുകയും ചെയ്തിരുന്നു. വര്‍ഗീയ, ഫാഷിസ്റ്റ് സംഘടനയായ ആര്‍.എസ്.എസ്, ഇന്ത്യയിലെ ഭൂരിഭാഗം സ്ഥാപനങ്ങളും കൈയടക്കിയെന്ന് രാഹുല്‍ ഗാന്ധി ലണ്ടനിലെ ചാറ്റ്ഹാം ഹൗസില്‍ നടത്തിയ അഭിമുഖത്തില്‍ ആരോപിച്ചിരുന്നു. ഇന്ത്യയിലെ ജനാധിപത്യ മത്സരങ്ങളുടെ സ്വഭാവം പൂര്‍ണമായും മാറി. അതിനു കാരണം ആര്‍.എസ്.എസ് എന്ന വര്‍ഗീയ, ഫാഷിസ്റ്റ് സംഘടന, ഇന്ത്യയുടെ ഒരു വിധം സ്ഥാപനങ്ങളെല്ലാം പിടിച്ചടക്കിയതാണ്.രാജ്യത്തെ വിവിധ സ്ഥാപനങ്ങള്‍ അവര്‍ എങ്ങനെ വിജയകരമായി പിടിച്ചെടുത്തു എന്നത് ഞെട്ടിപ്പിക്കുന്നതാണ്. മാധ്യമങ്ങള്‍, ജുഡീഷ്യറി, പാര്‍ലമെന്റ്, തെരഞ്ഞെടുപ്പ് കമീഷന്‍ എന്നിവയെല്ലാം ഭീഷണിയിലാണ്. അവയെല്ലാം ഒരു വിധത്തിലല്ലെങ്കില്‍ മറ്റൊരു വിധത്തില്‍ അവരുടെ നിയന്ത്രണത്തിലുമാണ്.അന്വേഷണ ഏജന്‍സികളെ എങ്ങനെയാണ് അവര്‍ ഉപയോഗിക്കുന്നതെന്ന് നിങ്ങള്‍ക്ക് ഏതൊരു പ്രതിപക്ഷ നേതാവിനോടും ചോദിക്കാം. എന്റെ ഫോണ്‍ ചോര്‍ത്തി. നിരവധി പ്രതിപക്ഷ നേതാക്കളുടെ ഫോണുകളില്‍ പെഗസസ് ഉണ്ട്. നിരീക്ഷിക്കപ്പെടുന്നുവെന്നും ഫോണുകള്‍ ചോര്‍ത്തുന്നുവെന്നതും സ്ഥിരമായി ഞങ്ങളെ അലട്ടുന്ന പ്രശ്നമാണ്. കൂടാതെ, പ്രതിപക്ഷാംഗങ്ങള്‍ക്കെതിരെ നിരവധി കേസുകള്‍ ഉണ്ട്. ക്രിമിനല്‍ കേസുകള്‍ ആകാത്ത സംഭവങ്ങള്‍ക്ക് പോലും ക്രിമിനല്‍ കേസുകള്‍ എടുത്തിട്ടുണ്ട്. എനിക്കെതിരെ പോലും ഇത്തരത്തില്‍ നിരവധി കേസുകളുണ്ട്. ഇതിനെ പ്രതിരോധിക്കാനാണ് ഞങ്ങളുടെ ശ്രമം. ഞങ്ങളാണ് അധികാരത്തിലിരിക്കുന്നതെങ്കില്‍ ഇങ്ങനെ സംഭവിക്കുമായിരുന്നില്ല -രാഹുല്‍ ഗാന്ധി വ്യക്തമാക്കി.പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമര്‍ശിക്കുന്നവര്‍ അക്രമിക്കപ്പെടുമെന്ന് ലണ്ടനില്‍ വാര്‍ത്ത സമ്മേളനത്തില്‍ രാഹുല്‍ ഗാന്ധി പറഞ്ഞിരുന്നു. ബി.ബി.സി ഈ രീതിയിലാണ് അക്രമിക്കപ്പെട്ടത്. മോദിയെ പിന്തുണക്കുന്നവര്‍ക്ക് എല്ലാ പിന്തുണയും ലഭിക്കും. ഗുജറാത്ത് കലാപത്തെ കുറിച്ച്‌ പറയുന്ന രണ്ട് ഭാഗങ്ങളുള്ള ബി.ബി.സി ഡോക്യുമെന്ററി പ്രൊപ്പഗണ്ടയായാണ് വിദേശകാര്യ മന്ത്രാലയം വിലയിരുത്തിയത്. അതിലെ വസ്തുനിഷ്ഠതയെ കുറിച്ചല്ല കോളോണിയല്‍ മനസിനെ കുറിച്ചാണ് കേന്ദ്രസര്‍ക്കാറിന് പറയാനുണ്ടായിരുന്നതെന്നും അദ്ദേഹം പറഞ്ഞു.

കേന്ദ്രത്തിലെ ഭരണകക്ഷി വെറുപ്പിന്റെയും അക്രമത്തിന്റെയും പ്രത്യയശാസ്ത്രമാണ് പിന്തുടരുന്നതെന്നും അവരുടെ സിദ്ധാന്തങ്ങളുടെ സത്ത ഭീരുത്വമാണെന്നും ‘ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ്’ (ഐ.ഒ.സി) യു.കെ ചാപ്റ്റര്‍ ലണ്ടനില്‍ നടത്തിയ പരിപാടിയില്‍ സംസാരിക്കവെ രാഹുല്‍ ആരോപിച്ചിരുന്നു. വിദേശകാര്യമന്ത്രി എസ്. ജയ്ശങ്കറിന്റെ ചൈന പരാമര്‍ശവും രാഹുല്‍ ഇതില്‍ ഉയര്‍ത്തി. ‘വിദേശകാര്യമന്ത്രി പറയുന്നത് ചൈന ഇന്ത്യയെക്കാള്‍ കരുത്തരാണ് എന്നാണ്. ഈ ധാരണയുമായി എങ്ങനെയാണ് അവരുമായി ഏറ്റുമുട്ടുക. ബി.ജെ.പിയുടെ ഉള്ളിലെപ്പോഴും ഭയമാണ് എന്നതാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ചൈനയെ പ്രശംസിച്ച്‌ ഇന്ത്യയെ അവഹേളിക്കുകയാണ് ബി.ജെ.പി. ഒരിക്കല്‍ താനും സുഹൃത്തുക്കളും ചേര്‍ന്ന് ഒരു മുസ്‍ലിമിനെ മര്‍ദിച്ച കാര്യം സവര്‍ക്കര്‍ എഴുതിയിട്ടുണ്ട്. അന്ന് വളരെ സന്തോഷം തോന്നിയെന്നാണ് സവര്‍ക്കര്‍ എഴുതിയത്. ഒരാളെ മര്‍ദിച്ച്‌ സന്തോഷം തോന്നുന്നുവെങ്കില്‍ അത് ഭീരുത്വമല്ലാതെ എന്താണ്’, എന്നിങ്ങനെയായിരുന്നു രാഹുലിന്റെ വിമര്‍ശനങ്ങള്‍.രാഹുല്‍ രാജ്യത്തെ വഞ്ചിക്കരുതെന്ന് കേന്ദ്രമന്ത്രി അനുരാഗ് ഠാകൂര്‍ ഇതിനോട് പ്രതികരിച്ചിരുന്നു. ഇന്ത്യാവിരുദ്ധ പ്രസ്താവന നടത്താന്‍ കിട്ടുന്ന ഒരവസരവും രാഹുല്‍ ഗാന്ധി പാഴാക്കാറില്ല. അദ്ദേഹത്തിന്റെ ഭാഷയും ചിന്തയും പ്രവര്‍ത്തനവുമെല്ലാം സംശയാസ്പദമാണ്. ഈ രീതി രാഹുല്‍ ആവര്‍ത്തിക്കുകയാണ് -മന്ത്രി തുടര്‍ന്നു. ബി.ജെ.പി ഐ.ടി വിഭാഗം തലവന്‍ അമിത് മാളവ്യയും രാഹുല്‍ വിമര്‍ശനവുമായി രംഗത്തുവന്നിരുന്നു.

You might also like

Leave A Reply

Your email address will not be published.