ഇക്വഡോറിന് വേണ്ടി നായകൻ എന്നർ വലൻസിയ രണ്ട് ഗോളുകൾ നേടി. 16-ാം മിനിട്ടിൽ പെനാൽറ്റിയിലൂടെയാണ് വലൻസിയ ആദ്യ ഗോൾ നേടിയത്. 31-ാം മിനിട്ടിൽ തകർപ്പനൊരു ഹെഡറിലൂടെ വലൻസിയ രണ്ടാം ഗോൾ നേടി. പ്രെസിയാഡോ മറിച്ചുനൽകിയ ക്രോസിൽനിന്നായിരുന്നു വലൻസിയയുടെ ഗോൾ. ഈ ഗോളോടെ, ഇക്വഡോറിനുവേണ്ടി ലോകകപ്പിൽ അഞ്ച് ഗോളെന്ന നേട്ടത്തിലെത്താനും വലൻസിയയ്ക്ക് കഴിഞ്ഞു. ഇക്വഡോറിന് വേണ്ടി ലോകകപ്പിൽ ഏറ്റവുമധികം ഗോൾ നേടിയ താരമെന്ന നേട്ടവും വലൻസിയ സ്വന്തമാക്കി.മത്സരത്തിന്‍റെ തുടക്കത്തിൽതന്നെ ഇക്വഡോർ എന്നർ വലൻസിയയിലൂടെ ലക്ഷ്യത്തിലേക്ക് പായിച്ചെങ്കിലും വാർ അടിസ്ഥാനമാക്കിയുള്ള പരിശോധനയിൽ ഗോളല്ലെന്ന് വ്യക്തമായി. ഓഫ് സൈഡാണെന്നാണ് പരിശോധനയിൽ വ്യക്തമായത്.മത്സരത്തിൽ തുടക്കംമുതൽ നിരന്തരം ഇരമ്പിയാർത്തുകൊണ്ടാണ് ഇക്വഡോർ ആക്രമണം അഴിച്ചുവിട്ടത്. പലപ്പോഴും ഇക്വഡോർ ആക്രമണത്തിന് മുന്നിൽ എന്തുചെയ്യണമെന്നറിയാതെ ഖത്തർ പ്രതിരോധം ചിതറിപ്പോകുന്നത് കാണാമായിരുന്നു. ലാറ്റിനമേരിക്കൻ ടീം തങ്ങളുടെ പരിചയസമ്പത്ത് കളിക്കളത്തിൽ കാണിച്ചു. ആദ്യ 10 മിനിറ്റിനുള്ളിൽ അവർ മത്സരത്തിൽ ശക്തമായ മേധാവിത്വം പുലർത്തി.മത്സരത്തിൽ ഉടനീളം ആക്രമിച്ചുകളിച്ച ഇക്വഡോർ നിരവധി ഗോളവസരങ്ങൾ തുറന്നു. രണ്ടാം പകുതിയിൽ പ്രതിരോധം ശക്തമാക്കിയാണ് ഖത്തർ കളിച്ചത്. കൂടുതൽ ഗോൾ വഴങ്ങാതിരിക്കാനായിരുന്നു ആതിഥേയരുടെ ശ്രമം. ഒപ്പം പരുക്കൻ അടവുകളിലൂടെ ഇക്വഡോറിനെ തടുക്കാനും ഖത്തർ നിരന്തരം ശ്രമിച്ചുകൊണ്ടേയിരുന്നു. എന്നാൽ തുടരെ ആക്രമിച്ച ഇക്വഡോർ നിരന്തരം ഖത്തർ ഗോൾമുഖത്ത് ഭീതി വിതച്ചു. നിരന്തരം ഫ്രീകിക്കുകൾ നേടി ഇക്വഡോർ, ഖത്തറിനെ സമ്മർദ്ദത്തിലാക്കിക്കൊണ്ടിരുന്നു.
You might also like