യുഎഇയില്‍ റോഡുകളിലെ അപകടങ്ങളില്‍ 98 ശതമാനവും സംഭവിക്കുന്നത് നല്ല കാലാവസ്ഥയിലാണെന്ന് ആഭ്യന്തര മന്ത്രാലയം

0

2023 ലെ വിവരങ്ങള്‍ അനുസരിച്ച്‌, അശ്രദ്ധ, പെട്ടെന്ന് വാഹനം തിരിക്കുക, മുൻപില്‍ പോകുന്ന വണ്ടിക്ക് തൊട്ടുപിന്നിലായി വാഹനം ഓടിക്കുക, വരികള്‍ മാറുക എന്നിവയാണ് അപകടത്തിന് പ്രധാന കാരണങ്ങള്‍.
2023 ല്‍ യുഎഇ റോഡുകളില്‍ നടന്ന അപകടങ്ങളില്‍ 71 ശതമാനം മരണങ്ങളും 61 ശതമാനം പരിക്കുകളും സംഭവിച്ചു. അമിതവേഗത, ക്ഷീണം, മയക്കം, റോഡിലേക്ക് പെട്ടെന്ന് പ്രവേശിക്കുക, മദ്യപിച്ച്‌ വാഹനമോടിക്കുക, ചുവന്ന ലൈറ്റ് മറികടക്കുക, കാല്‍നട ക്രോസിംഗുകള്‍ അവഗണിക്കുക എന്നിവയാണ് മറ്റ് കാരണങ്ങള്‍.
റോഡ് അപകടങ്ങളില്‍ കഴിഞ്ഞ വർഷത്തെ മൊത്തം മരണസംഖ്യ 352 ആണ്, 2022-ലെ കണക്കിനേക്കാള്‍ ഇത് അല്പം കൂടുതലാണ് (മൂന്ന് ശതമാനം), എന്നാല്‍ 2021-ലെ എണ്ണത്തേക്കാള്‍ എട്ട് ശതമാനം കുറവാണ്. പരിക്കേറ്റവരുടെ എണ്ണം (5,568) 2022-നെ അപേക്ഷിച്ച്‌ 10 ശതമാനം കൂടുതലാണ്. കൂടാതെ 2021 നെ അപേക്ഷിച്ച്‌ 27 ശതമാനം കൂടുതലുമാണിത്.
19 നും 29 നും ഇടയില്‍ പ്രായമുള്ള യുവ ഡ്രൈവർ ഏറ്റവും അപകടസാധ്യതയുള്ളവരാണെന്ന് ഡാറ്റ കാണിക്കുന്നു. മൊത്തം മരണങ്ങളില്‍ 38 ശതമാനവും പരിക്കേറ്റവരില്‍ 36 ശതമാനവും ഈ പ്രായത്തിലുള്ളവരാണ്. പ്രധാന അപകടങ്ങളുടെ പതിനഞ്ച് ശതമാനവും പുതുതായി ഡ്രൈവിംഗ് ലൈസൻസ് ലഭിച്ചവരില്‍ നിന്നാണ് സംഭവിച്ചത് .മൊത്തം വലിയ അപകടങ്ങളുടെ എണ്ണം 4,391 ആണ്, ലൈറ്റ് വാഹനങ്ങള്‍ (കാറുകള്‍ അടക്കമുള്ളവ) 69 ശതമാനം അപകടങ്ങളും വരുത്തി. മോട്ടോർ സൈക്കിളുകള്‍ 12 ശതമാനം അപകടത്തിന് കാരണമായി.
അപകടങ്ങളുടെ കണക്കെടുത്താല്‍, 55 ശതമാനം ഡ്രൈവർമാരും 28 ശതമാനം യാത്രക്കാരും 17 ശതമാനം കാല്‍നടക്കാരുമാണ് മരണപ്പെട്ടത്. അതുപോലെ, പരിക്കേറ്റവരില്‍ 58 ശതമാനം ഡ്രൈവർമാരും 26 ശതമാനം യാത്രക്കാരും 16 ശതമാനം കാല്‍നടക്കാരുമാണ്.
രാവിലെ അല്ലെങ്കില്‍ ഉച്ച സമയങ്ങളെ അപേക്ഷിച്ച്‌ ഏറ്റവും കൂടുതല്‍ അപകടങ്ങള്‍ വൈകുന്നേരങ്ങളിലാണ് (40 ശതമാനം) നടക്കുന്നതെന്നും തുറന്ന ഡാറ്റ വ്യക്തമാക്കുന്നത്. ഷെയ്ഖ് മുഹമ്മദ് ബിൻ സാഇദ് സ്ട്രീറ്റിലാണ് ഏറ്റവും കൂടുതല്‍ അപകടങ്ങള്‍ സംഭവിക്കുന്നത്. തുടർന്ന് അബുദാബി-അല്‍ ഐൻ റോഡും അല്‍ ഖൈല്‍ റോഡും വരുന്നു.

You might also like

Leave A Reply

Your email address will not be published.