ഭക്ഷ്യസംസ്കരണ മേഖലയിലെ ബിസിനസ് സാധ്യതകളുമായി റിങ്ക് ഡെമോ ഡേ സാങ്കേതികവിദ്യയുമായി കോര്‍ത്തിണക്കി ഭക്ഷ്യസംസ്കരണ മേഖലയെ പ്രോത്സാഹിപ്പിക്കുക ലക്ഷ്യം

0

തിരുവനന്തപുരം: മൂല്യവര്‍ധിത കാര്‍ഷിക അനുബന്ധ സംരംഭങ്ങളെ പ്രോല്‍സാഹിപ്പിച്ച് കേരളത്തിന്‍റെ സാമ്പത്തിക വളര്‍ച്ചയില്‍ നിര്‍ണായക പങ്കുവഹിക്കാന്‍ ഒരുങ്ങുകയാണ് കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍. സാങ്കേതികവിദ്യയുമായി കോര്‍ത്തിണക്കി ഭക്ഷ്യസംസ്കരണ, മൂല്യവര്‍ധിത ഉത്പന്ന മേഖലയുടെ അഭിവൃദ്ധിയും പദ്ധതിയുടെ ലക്ഷ്യമാണ്. ഇതുവഴി മൂല്യവര്‍ധിത ഉത്പന്ന വ്യവസായത്തെ കുറിച്ച് അവബോധം സൃഷ്ടിക്കാനും പുതിയ സംരംഭകരെ കണ്ടെത്താനുമുള്ള അവസരമാകും. തോട്ടവിളകളുടെയും സുഗന്ധവ്യഞ്ജനങ്ങളുടെയും സമുദ്രോത്പന്നങ്ങളുടെയും സമൃദ്ധിയുള്ള കേരളത്തില്‍ വലിയ സാധ്യതയാണ് കാര്‍ഷിക സാങ്കേതിക മേഖലയ്ക്കുളളത്.
ദേശീയ സാങ്കേതിക ദിനത്തോടനുബന്ധിച്ച് കെഎസ് യുഎം സംഘടിപ്പിക്കുന്ന ഓണ്‍ലൈന്‍ ‘റിങ്ക് ഡെമോ ഡേ’യില്‍ ഭക്ഷ്യസംസ്കരണ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരെയും സംരംഭം തുടങ്ങാന്‍ താല്‍പര്യപ്പെടുന്നവരെയുമാണ് പങ്കെടുപ്പിക്കുന്നത്. മൂല്യവര്‍ധന വരുത്തി നാണ്യവിളകളിലും മറ്റും വരുന്ന കമ്പോള നിരക്കു വ്യതിയാനങ്ങളെ മറികടക്കാനായാല്‍ കാര്‍ഷിക മേഖലയ്ക്കും വളര്‍ച്ച നേടാനാവുമെന്ന് സ്റ്റാര്‍ട്ടപ്പ് മിഷന്‍ സിഇഒ അനൂപ് അംബിക പറഞ്ഞു.
കേരളത്തിലെ ഗവേഷണ സ്ഥാപനങ്ങളില്‍ വ്യാവസായിക സാധ്യതയുള്ള നിരവധി സാങ്കേതിക വിദ്യകള്‍ ദിനംപ്രതി വികസിപ്പിക്കുന്നുണ്ട്. ഗവേഷകര്‍ കണ്ടെത്തുന്ന സാങ്കേതിക വിദ്യകളെ പരീക്ഷണശാലകളില്‍ നിന്നും വിപണിയിലെത്തിച്ച് വാണിജ്യ സാധ്യതകളെ ഉപയോഗപ്പെടുത്താന്‍ പര്യാപ്തമാക്കുന്നതിനും പദ്ധതി ലക്ഷ്യമിടുന്നു. പ്രാരംഭ ഘട്ടം എന്ന നിലയില്‍ കഴിഞ്ഞ വര്‍ഷം നടന്ന ഹഡില്‍ ഗ്ലോബലിനോടനുബന്ധിച്ച് കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ സംഘടിപ്പിച്ച ബ്രാന്‍ഡിംഗ് ചലഞ്ചിലൂടെ തിരഞ്ഞെടുക്കപ്പെട്ട ഭക്ഷ്യ ഉല്‍പ്പന്നങ്ങള്‍ക്ക് പ്രമുഖ ഡിസൈനര്‍മാര്‍ ബ്രാന്‍ഡിങ് വഴി പുതിയ മുഖം നല്‍കിയിരുന്നു. കേരളത്തിലെ ഗവേഷണ-വികസന സ്ഥാപനങ്ങളില്‍ നിന്നും വികസിപ്പിച്ചെടുത്ത വാണിജ്യ സാധ്യതയുള്ള ഭക്ഷ്യ സാങ്കേതികവിദ്യകള്‍ ഇന്നത്തെ (മേയ് 10)  റിങ്ക് ഡെമോയില്‍ പ്രദര്‍ശിപ്പിക്കുന്നു.കാസര്‍കോട് ഐസിഎആര്‍-സിപിസിആര്‍ഐ വികസിപ്പിച്ച കോക്കനട്ട് ഹണി, കോക്കനട്ട് ചിപ്സ്, കൊച്ചി കുഫോസ് വികസിപ്പിച്ച കടല്‍പ്പായല്‍ പാസ്ത, കണ്ണൂര്‍ ഐസിഎആര്‍-ഷുഗര്‍കെയ്ന്‍ ബ്രീഡിംഗ് ഇന്‍സ്റ്റിറ്റ്യൂട്ട് റിസര്‍ച്ച് സെന്‍റര്‍ വികസിപ്പിച്ച ഫ്ളേവേര്‍ഡ് കരിമ്പ് വൈന്‍, തിരുവനന്തപുരം ഐസിഎആര്‍-സിടിസിആര്‍ഐ വികസിപ്പിച്ച വാക്വം ഫ്രൈഡ് ചിപ്സ്, സ്വീറ്റ് പൊട്ടാറ്റോ ന്യൂട്രിബാര്‍, തിരുവനന്തപുരം സിഎസ്ഐആര്‍-എന്‍ഐഐഎസ്ടി വികസിപ്പിച്ച റെഡി ടു കുക്ക് ആനച്ചേന, കൊച്ചി ഐസിഎആര്‍-സിഐഎഫ്ടിയുടെ ചെറുധാന്യ-കടല്‍പായല്‍ കുക്കീസ്, ഫിഷ് പ്രോട്ടീന്‍ വേഫേര്‍സ് തുടങ്ങിയവ ഇതില്‍ ഉള്‍പ്പെടുന്നു.ഉല്‍പ്പന്നങ്ങളുടെ ലൈസന്‍സ് വാങ്ങാന്‍ താല്‍പര്യമുള്ളവര്‍ക്ക് പാക്കേജിംഗ് ഡിസൈന്‍, ലോഗോ എന്നിവ ഉള്‍പ്പെടുന്ന ബ്രാന്‍ഡോടു കൂടി സാങ്കേതികവിദ്യ സ്വന്തമാക്കാം.റിങ്ക് ഡെമോ ഡേയില്‍ പങ്കെടുക്കാനുള്ള ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ ലിങ്ക്: https://ksum.in/Demoday_May10.

You might also like

Leave A Reply

Your email address will not be published.