ഹരിതകര്‍മ്മ സേനാംഗത്തിന് പ്രചോദനമേകി ശുചിത്വ മിഷന്‍ മേധാവിയുടെ ഭവന സന്ദര്‍ശനം

0

തിരുവനന്തപുരം: തന്‍റെ വീട്ടിലെ പാഴ്വസ്തുക്കള്‍ സ്ഥിരമായി ശേഖരിക്കുന്ന ഹരിതകര്‍മ്മ സേനാംഗത്തിന്‍റെ വീട്ടില്‍ അപ്രതീക്ഷിത സന്ദര്‍ശനം നടത്തി ശുചിത്വ മിഷന്‍ എക്സിക്യൂട്ടിവ് ഡയറക്ടര്‍ യു.വി ജോസും കുടുംബവും. അന്താരാഷ്ട്ര വനിതാദിനത്തിലാണ് ഭാര്യ പീസമ്മ ജോസിനൊപ്പം കുടപ്പനക്കുന്ന് പാതിരാപ്പള്ളി വാര്‍ഡിലെ ഹരിതകര്‍മ്മ സേനാംഗമായ ഉദയകുമാരിയെ തേടി യു.വി ജോസ് എത്തിയത്. ഉദയകുമാരി, മക്കള്‍ ബിന്‍സി, ബിജോയ് എന്നിവര്‍ക്കൊപ്പം ഒരു മണിക്കൂറോളം ചെലവിട്ട ജോസും കുടുംബവും ഇവര്‍ക്കായി കരുതിവെച്ചിരുന്ന സമ്മാനങ്ങളും കൈമാറി.400 രൂപ മാസവരുമാനത്തില്‍ തുടങ്ങി ഹരിതകര്‍മ്മ സേനയില്‍ 30,000 രൂപ വരെ മാസം നേടിയെന്ന സന്തോഷം ഉദയകുമാരി പങ്കുവെച്ചു. ആളുകള്‍ വിലകുറച്ച് കണ്ടിരുന്ന ഒരു കാലമുണ്ടായിരുന്നുവെന്നും എന്നാല്‍ ഇപ്പോള്‍ ഹരിതകര്‍മ്മ സേനയുടെ തൊഴിലിനെ ബഹുമാനിച്ച് വളരെ സ്നേഹത്തോടെ ഇടപെടുന്നവരാണ് കൂടുതലെന്നും ഉദയകുമാരി പറഞ്ഞു.സമൂഹത്തില്‍ ആരോഗ്യപ്രവര്‍ത്തകര്‍ ചെയ്യുന്ന സേവനം തന്നെയാണ് ഹരിതകര്‍മ്മ സേനയും ചെയ്യുന്നതെന്ന് യു.വി. ജോസ് അഭിപ്രായപ്പെട്ടു. നാട്ടിലെ മാലിന്യപ്രശ്നം പരിഹരിക്കാന്‍ ഒറ്റക്കെട്ടായി ഇറങ്ങിയ അവര്‍ക്ക് ഇത്തരം കരുതലുകള്‍ വലിയ കരുത്താണെന്നും അദ്ദേഹം പറഞ്ഞു.സംസ്ഥാന ശുചിത്വ മിഷന്‍ ഐഇസി എക്സ്പേര്‍ട്ട് ഗോകുല്‍ പ്രസന്നന്‍, ഹരിത കേരളം മിഷന്‍ ആര്‍.പി. ജയന്തി എന്നിവരും സംബന്ധിച്ചു.

You might also like

Leave A Reply

Your email address will not be published.