ലോകത്തിലെ ഏറ്റവും വലിയ ഭക്ഷ്യമേളയില്‍ തനത് വിഭവങ്ങളുമായി കേരളവും

0

തിരുവനന്തപുരം:  ഭക്ഷ്യവസ്തുക്കളുടെയും ആസ്വാദ്യകരമായ പാനീയങ്ങളുടെയും ലോകത്തിലെ ഏറ്റവും വലിയ പ്രദര്‍ശന വിപണന മേളയില്‍ വെവിധ്യമാര്‍ന്ന തനത് വിഭവങ്ങളുമായി കേരളവും. ഇന്ന് മുതല്‍ ദുബായില്‍ നടക്കുന്ന ഗള്‍ഫുഡ് 2024 മേളയില്‍ കേരളത്തിലെ സംരംഭകര്‍ വ്യത്യസ്തതയാര്‍ന്ന തങ്ങളുടെ സംരംഭങ്ങളുമായി കേരള പവലിയനില്‍ അണിനിരക്കും. ദുബായിലെ വേള്‍ഡ് ട്രേഡ് സെന്‍ററിലാണ് നാല് ദിവസത്തെ മേള സംഘടിപ്പിച്ചിരിക്കുന്നത്.
കേരള സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ ഡെവലപ്മെന്‍റ് കോര്‍പ്പറേഷന്‍ ലിമിറ്റഡ് (കെഎസ്ഐഡിസി) യാണ് ഗള്‍ഫുഡ് 2024 ന്‍റെ 19-ാമത് മേളയില്‍ കേരള പവലിയന്‍ (ഇസഡ്-സിപി 22- സബീല്‍ പ്ലാസ) സ്ഥാപിച്ചിരിക്കുന്നത്. 190 ലധികം രാജ്യങ്ങളില്‍ നിന്ന് സന്ദര്‍ശകര്‍ മേളയ്ക്കെത്തും.
ക്രെംബെറി യോഗര്‍ട്ട്, പ്രോട്ടെക് ഓര്‍ഗാനോ, പവിഴം അരി, മഞ്ഞിലാസ് ഫുഡ് ടെക്, വെളിയത്ത് ഫുഡ് പ്രോഡക്ട്സ്, നാസ്ഫുഡ് എക്സിം, ഗ്ലെന്‍വ്യൂ തേയില, ഫൂ ഫുഡ്സ്, ബീക്രാഫ്റ്റ് തേന്‍, ഗ്ലോബല്‍ നാച്ചുറല്‍ ഫുഡ് പ്രോസസിംഗ് കമ്പനി, ഹാരിസണ്‍സ് മലയാളം, മലബാര്‍ നാച്ചുറല്‍ ഫുഡ്സ് തുടങ്ങിയ കേരളത്തിലെ വളര്‍ന്നുവരുന്ന ഭക്ഷ്യമേഖലയിലെ സംരംഭകരുടെ ഉത്പന്നങ്ങള്‍ പവലിയനില്‍ പ്രദര്‍ശനത്തിനുണ്ട്.
‘കേരളം- ഇന്ത്യയുടെ സുഗന്ധവ്യജ്ഞന തലസ്ഥാനം’ എന്ന പ്രമേയം കേന്ദ്രീകരിച്ചുള്ള നിക്ഷേപക സംഗമവും 21 ബുധനാഴ്ച വൈകുന്നേരം 7 ന് ദുബായിലെ റിറ്റ്സ് കാള്‍ട്ടണില്‍ കെഎസ്ഐഡിസി സംഘടിപ്പിച്ചിട്ടുണ്ട്.യുണൈറ്റഡ് അറബ് എമിറേറ്റ്സിലെ ഇന്ത്യന്‍ അംബാസഡര്‍ ഹിസ് എക്സലന്‍സി സഞ്ജയ് സുധീര്‍, യുഎഇ യിലെ ഫുഡ് ആന്‍ഡ് ബിവറേജ് മാനുഫാക്ചറിംഗ് ബിസിനസ് ഗ്രൂപ്പ് ചെയര്‍മാന്‍ ഹിസ് എക്സലന്‍സി സാലിഹ് അബ്ദുള്ള ലൂത്ത, നോര്‍ക്ക-വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി സുമന്‍ ബില്ല, കെഎസ്ഐഡിസി എംഡിയും വ്യവസായ വാണിജ്യ വകുപ്പ് ഡയറക്ടറുമായ എസ്. ഹരികിഷോര്‍ എന്നിവര്‍ സംഗമത്തില്‍ പങ്കെടുക്കും.കേരളത്തിലെ ഭക്ഷ്യമേഖലയെയും പ്രത്യേകിച്ച് സുഗന്ധവ്യജ്ഞനവുമായി ബന്ധപ്പെട്ടും തേങ്ങ, ചക്ക, സമുദ്രോത്പന്ന ഭക്ഷ്യസംസ്കരണം തുടങ്ങിയ പ്രധാനപ്പെട്ട വിഭവങ്ങളുടെ മേഖലയിലെ അവസരങ്ങളെ സംബന്ധിച്ചും നിക്ഷേപക സംഗമം ചര്‍ച്ച ചെയ്യുമെന്ന് ഹരികിഷോര്‍ പറഞ്ഞു.ഭക്ഷണവും ഭക്ഷ്യ സാങ്കേതികവിദ്യയും വികസനത്തിന് പരമാവധി പ്രയോജനപ്പെടുത്തി സംസ്ഥാനത്തിന്‍റെ മുന്നോട്ട് കുതിക്കുന്ന ഭക്ഷണ ആവാസവ്യവസ്ഥയില്‍ പങ്കാളികളാകാന്‍ ആഭ്യന്തര-വിദേശ നിക്ഷേപകരെ പ്രോത്സാഹിപ്പിക്കുന്ന അന്തരീക്ഷം സൃഷ്ടിക്കാനാണ് സര്‍ക്കാര്‍ ശ്രമമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.2023 ലെ വ്യാവസായിക നയത്തിന്‍റെ ഭാഗമായി സൂര്യോദയ മേഖലകളെ പ്രോത്സാഹിപ്പിക്കുന്നതിന് നിരവധി സാമ്പത്തിക ആനുകൂല്യങ്ങളാണ് സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കി വരുന്നത്. ഇന്ത്യയുടെ കാര്‍ഷിക ഉത്പാദനത്തില്‍ സംസ്ഥാനം ഗണ്യമായ സംഭാവനയാണ് നല്‍കുന്നത്. കുരുമുളക്-97 ശതമാനം, കൊക്കോ, നാളികേരം, കശുവണ്ടി, സംസ്കരിച്ച സമുദ്രോത്പന്നങ്ങള്‍ എന്നിവയില്‍ 70 ശതമാനത്തോളവും കേരളത്തിന്‍റെ സംഭാവനയാണ്.

You might also like

Leave A Reply

Your email address will not be published.