പത്തു വര്‍ഷം കൊണ്ട് കേരളം സമ്പൂര്‍ണ കായിക സാക്ഷരത കൈവരിക്കും: മുഖ്യമന്ത്രി പിണറായി വിജയന്‍

0
തിരുവനന്തപുരം: പത്തു വര്‍ഷം കൊണ്ട് സമ്പൂര്‍ണ കായിക സാക്ഷരത കൈവരിച്ച സംസ്ഥാനമായി കേരളത്തെ പ്രഖ്യാപിക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ആയുഷ് മന്ത്രാലയവുമായി സഹകരിച്ച് രാജീവ്ഗാന്ധി സെന്‍റര്‍ ഫോര്‍ ബയോടെക്നോളജിയും ഇന്‍റര്‍നാഷണല്‍ യോഗ റിസര്‍ച്ച് ഫൗണ്ടേഷനും സംയുക്തമായി ആര്‍ജിസിബി കാമ്പസില്‍ സംഘടിപ്പിക്കുന്ന ദ്വിദിന അന്താരാഷ്ട്ര സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.ആരോഗ്യരംഗത്ത് കേരളം ശ്രദ്ധേയമായ മുന്നേറ്റങ്ങള്‍ കൈവരിച്ചിട്ടുണ്ട്. എന്നാലും സാമൂഹ്യ ആരോഗ്യഘടനയില്‍ പലതരത്തിലുള്ള പരിമിതികളുണ്ട്. ആരോഗ്യരംഗത്ത് ഉയര്‍ന്ന് വരുന്ന പുതിയ വെല്ലുവിളികളെ കൂട്ടായ പ്രവര്‍ത്തനത്തിലൂടെ മറികടക്കേണ്ടതുണ്ട്. അത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് കരുത്തു പകരുന്നതാകും യോഗയുടെ പരിശീലനവും പ്രചാരണവും. യോഗയുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങള്‍ക്കും ബന്ധപ്പെടാന്‍ സഹായകമാകുന്ന സ്ഥാപനമായി ഭാവിയില്‍ യോഗ റിസര്‍ച്ച് ഫൗണ്ടേഷന്‍ മാറുമെന്ന് പ്രതീക്ഷിക്കുന്നെന്നും അദ്ദേഹം പറഞ്ഞു.

നിലവില്‍ ആയുര്‍വേദ അലോപ്പതി ചികിത്സയ്ക്കായി നിരവധി ആളുകള്‍ കേരളത്തിലെത്തുന്നുണ്ട്. അന്താരാഷ്ട്ര നിലവാരത്തിലുള്ള ഒരു യോഗാഭ്യാസ കേന്ദ്രമായി യോഗ റിസര്‍ച്ച് ഫൗണ്ടേഷന്‍ മാറുന്നതോടെ സംസ്ഥാനത്തിനും രാജ്യത്തിനും പുറത്തു നിന്ന് ധാരാളം ആളുകള്‍ ഇവിടേക്കെത്താന്‍ സാധ്യതയുണ്ട്. അതോടെ കേരളം ഒരു സമ്പൂര്‍ണ ഹെല്‍ത്ത് ടൂറിസം ഡെസ്റ്റിനേഷനായി മാറുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സംസ്ഥാനത്തെ യോഗാ ആശുപത്രികളുടെ അടിസ്ഥാന സൗകര്യ വികസനത്തിനായി ദേശീയ ആയുഷ്മിഷന്‍ പദ്ധതിയിലൂടെയും സംസ്ഥാന സര്‍ക്കാരിന്‍റെ വിവിധ പദ്ധതികളിലൂടെയും 18. 65 കോടി രൂപയുടെ പ്രവര്‍ത്തനങ്ങളാണ് നടപ്പാക്കുന്നത്. യോഗയെ പ്രോത്സാഹിപ്പിക്കാന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലൂടെ 1000 ആയുഷ് യോഗ ക്ലബ്ബുകള്‍ സ്ഥാപിക്കും. ഒരു വാര്‍ഡില്‍ ചുരുങ്ങിയത് 20 പേരെ ഒരേ സമയം യോഗ പരിശീലിപ്പിക്കുന്നതിനുള്ള വേദി ഉറപ്പാക്കുകയും യോഗാ ക്ലബ്ബ് ആരംഭിക്കുകയും ചെയ്യും.നെടുമങ്ങാട് മുന്‍സിപ്പാലിറ്റി, പെരുങ്കടവിള ബ്ലോക്ക്, കൂത്തുപറമ്പ് ബ്ലോക്ക് എന്നീ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ സമ്പൂര്‍ണ യോഗ നടപ്പിലാക്കുന്ന കേന്ദ്രങ്ങളായി മാറുന്നതിനുള്ള തയ്യാറെടുപ്പിലാണ്. വയോജനങ്ങള്‍ക്ക് വീട്ടിനുള്ളില്‍ വച്ച് നടത്താന്‍ കഴിയുന്ന ഒന്നാണ് യോഗാഭ്യാസം. ഇതിനായി സാങ്കേതിക വിദ്യയുടെ സാധ്യതകള്‍ കൂടി ഉപയോഗപ്പെടുത്തേണ്ടതുണ്ട്. അതിന് സഹായകമാകുന്ന പ്രവര്‍ത്തനങ്ങള്‍ ഇത്തരം സെമിനാറുകളിലൂടെ ഉണ്ടാകണമെന്നും മുഖ്യമന്ത്രി പറഞ്ഞു.സെമിനാറിനോടനുബന്ധിച്ച് സത്സംഗ് ഫൗണ്ടേഷന്‍ സ്ഥാപകന്‍ ശ്രീ എമ്മിന്‍റെ ‘യോഗ നിരീശ്വര്‍ക്കും’ എന്ന പുസ്തകവും മുഖ്യമന്ത്രി പ്രകാശനം ചെയ്തു. തിരുവനന്തപുരം ആക്കുളത്ത് ഇന്‍റര്‍നാഷണല്‍ യോഗ റിസര്‍ച്ച് ഫൗണ്ടേഷന്‍റെ ശിലാസ്ഥാപനവും പിണറായി വിജയന്‍ നിര്‍വഹിച്ചു.യോഗയെക്കുറിച്ചുള്ള ശാസ്ത്രീയവും യഥാര്‍ത്ഥവുമായ വസ്തുതകള്‍ മനസ്സിലാക്കാന്‍ സാധ്യമായ ഗവേഷണ പ്രവര്‍ത്തനങ്ങള്‍ നടത്തേണ്ടതുണ്ടെന്ന് മുഖ്യപ്രഭാഷണം നടത്തിയ സത്സംഗ് ഫൗണ്ടേഷന്‍ സ്ഥാപകന്‍ ശ്രീ എം പറഞ്ഞു. മനുഷ്യമനസ്സിനെ വലിയ ചക്രവാളത്തിലേക്ക് തുറക്കാന്‍ യോഗ സഹായകമാകും. യോഗയുമായി ബന്ധപ്പെട്ട ഉപരിപ്ലവമായ കാഴ്ചപ്പാടുകള്‍ക്ക് അപ്പുറം ശാസ്ത്രീയതയുടെ മുഖ്യധാരയിലേക്ക് കൊണ്ടുവരാന്‍ ഇത്തരം കൂടിച്ചേരലുകള്‍ വഴിതുറക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.ഇന്‍റര്‍നാഷണല്‍ യോഗ റിസര്‍ച്ച് ഫൗണ്ടേഷനുമായി സഹകരിച്ചു രാജീവ്ഗാന്ധി സെന്‍റര്‍ ഫോര്‍ ബയോടെക്നോളജിയില്‍ യോഗയുമായി ബന്ധപ്പെട്ട് നടക്കുന്ന ആദ്യ സെമിനാറാണ് ആര്‍ജിസിബി ഡയറക്ടര്‍ പ്രൊഫ. ചന്ദ്രഭാസ് നാരായണ പറഞ്ഞു. യോഗയും ശാസ്ത്രവും തമ്മിലുള്ള പാരസ്പര്യത്തിന് ശക്തി പകരുന്നതിലൂടെ സമൂഹത്തിന് ഗുണകരമാകാന്‍ ഇത്തരം സെമിനാറുകള്‍ സഹായകമാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.ചടങ്ങില്‍ റീജിയണല്‍ കാന്‍സര്‍ സെന്‍റര്‍ ഡയറക്ടര്‍ ഡോ. രേഖാ നായര്‍, ശ്രീചിത്ര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് ആന്‍റ് ടെക്നോളജി ഡയറക്ടര്‍ ഡോ. സഞ്ജയ് ബിഹാരി, മുന്‍ ചീഫ് സെക്രട്ടറി ഡോ വി പി ജോയ്, ഇന്‍റര്‍ യൂണിവേഴ് സിറ്റി സെന്‍റര്‍ ഫോര്‍ യോഗിക് സ്റ്റഡീസ് ഡയറക്ടര്‍ പ്രൊഫ. അവിനാശ് പാണ്ഡേ, മൗലാന ആസാദ് നാഷണല്‍ ഉറുദു യൂണിവേഴ് സിറ്റി രജിസ്ട്രാര്‍ പ്രൊഫസര്‍ എസ് കെ ഇഷ്ട്യാക്ക് അഹമ്മദ്, എമിരറ്റസ് പ്രൊഫസര്‍ ഗോപാലകൃഷ്ണന്‍ കെ,  ഇന്‍റര്‍നാഷണല്‍ യോഗ റിസര്‍ച്ച് ഫൗണ്ടേഷന്‍ ഗവേണിംഗ് ബോഡി അംഗം എ. ജയകുമാര്‍, കവിത നാരായണ്‍ തുടങ്ങിയവര്‍ സംസാരിച്ചു.യോഗയും ശാസ്ത്രവും സമന്വയിപ്പിക്കുന്ന പ്രഭാഷണങ്ങള്‍ സെമിനാറിന്‍റെ ഭാഗമായുണ്ടാകും. ഇന്ത്യയിലേയും വിദേശത്തേയും ആരോഗ്യ ശാസ്ത്രസാങ്കേതിക മേഖലയിലെ ഡോക്ടര്‍മാര്‍, ശാസ്ത്രകാരന്മാര്‍ തുടങ്ങിയവര്‍ സെമിനാറില്‍ പങ്കെടുക്കുന്നുണ്ട്.ബെംഗളൂരുവിലെ യൂണിവേഴ് സിറ്റി സെന്‍റര്‍ ഫോര്‍ യോഗിക് സയന്‍സസ്, ശ്രീചിത്ര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് ആന്‍ഡ് ടെക്നോളജി, റീജിയണല്‍ കാന്‍സര്‍ സെന്‍റര്‍, വേള്‍ഡ് ആയുര്‍വേദ ഫൗണ്ടേഷന്‍ എന്നിവയുടെ സഹകരണവും സെമിനാറിനുണ്ട്.

You might also like

Leave A Reply

Your email address will not be published.