മലബാറിലെ വിദ്യാഭ്യാസ പ്രശ്‌നങ്ങള്‍ക്ക് ശാശ്വത പരിഹാരം ഉണ്ടാക്കണം : മലബാര്‍ എഡ്യുക്കേഷന്‍ മൂവ്‌മെന്റ്

0

ദോഹ. ഗുണമേന്‍മയുള്ള വിദ്യാഭ്യാസ അവസരങ്ങളുടെ കാര്യത്തില്‍ മലബാര്‍ മേഖല ഇപ്പോഴും ഗുരുതരമായ പ്രതിസന്ധി നേരിട്ടു കൊണ്ടിരിക്കുകയാണെന്നും ഇതിനൊരു ശാശ്വത പരിഹാരം ഉണ്ടാക്കണമെന്നും മലബാര്‍ എഡ്യുക്കേഷന്‍ മൂവ്‌മെന്റ് അഭിപ്രായപ്പെട്ടു. സംഘടനയുടെ പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി ഖത്തറിലെത്തിയ ഡോ. പി.വി. മുഹമ്മദ് കുട്ടി, ഡോ. ഇസഡ് ഏ അഷ്‌റഫ് എന്നിവര്‍ വക്‌റ എക്‌സ്‌പോര്‍ ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ഓഡിറ്റോറിയത്തില്‍ നടന്ന വിദ്യാഭ്യാസ പ്രവര്‍ത്തകരുടെ യോഗത്തിലാണ് ഇക്കാര്യം ആവശ്യപ്പെട്ടത്.

പ്രാഥമിക വിദ്യാഭ്യാസം മുതല്‍ ഉന്നത വിദ്യാഭ്യാസം വരെ സമസ്ത മേഖലകളിലും മലബാര്‍ വ്യക്തമായ വിവേചനം നേരിടുന്നു എന്ന് ഇത് സംബന്ധിച്ചുള്ള സ്ഥിതി വിവരകണക്കുകള്‍ സൂചിപ്പിക്കുന്നു. മലബാറിലെ പ്ലസ് വണ്‍ സീറ്റ്പ്രതിസന്ധി എല്ലാ വര്‍ഷവും മാധ്യമങ്ങളില്‍ ചര്‍ച്ചയാവുന്നുവെന്നതല്ലാതെ ശാശ്വത പരിഹാരം കാണാന്‍ ബന്ധപ്പെട്ടവര്‍ സന്നദ്ധമാവുന്നില്ല. മലബാറില്‍ പതിനായിരക്കണക്കിന്‌പേര്‍ പഠിക്കാന്‍ സീറ്റില്ലാതെ വിഷമിക്കുമ്പോള്‍ തെക്കന്‍ ജില്ലകളില്‍ ആയിരക്കണക്കിന് സീറ്റുകളാണ് ഒഴിഞ്ഞു കിടക്കുന്നതെന്നത് കേരള വികസനത്തിലെ ആസൂത്രണ വീഴ്ചയാണ് സൂചിപ്പിക്കുന്നത്.ഉന്നതവിദ്യാഭ്യാസ രംഗത്ത് മലബാറിലെ ആറ് ജില്ലകളുടെ ബിരുദ പഠനത്തിനുള്ള ലഭ്യമായ സീറ്റുകളുടെ ശരാശരി എടുക്കുമ്പോള്‍ 18% കുട്ടികള്‍ക്കു മാത്രമേ സര്‍ക്കാര്‍/എയ്ഡഡ് സീറ്റുകള്‍ ലഭ്യമാകുകയുള്ളു.പ്രൊഫഷണല്‍/തൊഴിലധിഷ്ഠിത കോഴ്‌സുകളിലും കടുത്ത അസന്തുലിതാവസ്ഥയാണ് നിലനില്‍ക്കുന്നത്.

ഈ വിഷയം ഭരണ കര്‍ത്താക്കളുടെ ശ്രദ്ധയില്‍ കൊണ്ടുവരാനും ജനങ്ങളില്‍ അവകാശ ബോധം ഉണര്‍ത്താനും നിലവിലുള്ള വിദ്യാഭ്യാസ അസന്തുലിതാവസ്ഥ പൂര്‍ണ്ണമായും പരിഹരിച്ച്
തെക്ക് വടക്ക് ഭേദമന്യേ എല്ലാവര്‍ക്കും തുല്യ അവകാശം നേടിയെടുക്കാനും രൂപീകരിക്കപ്പട്ട സംഘടനയാണ് മലബാര്‍ എജ്യുക്കേഷന്‍ മൂവ്‌മെന്റ്.ഹമദ് അബദുറഹ്‌മാന്‍ അധ്യക്ഷത വഹിച്ചു. ഡോ. അബ്ദുസ്സമദ്,മശ്ഹൂദ് തിരുത്തിയാട്,അബ്ദുല്‍ റഊഫ് കൊണ്ടോട്ടി, , സക്കരിയ്യ മണിയൂര്‍, ഷബീര്‍, സമീല്‍ അബ്ദുല്‍ വാഹിദ്, ഫൈസല്‍ അബൂബക്കര്‍, അബ്ദുല്‍ മജീദ്, കോയ കൊണ്ടോട്ടി, ബഷീര്‍ ഖാന്‍ കൊടുവള്ളി തുടങ്ങിയവര്‍ സംസാരിച്ചു.

You might also like

Leave A Reply

Your email address will not be published.