‘വസന്തോത്സവം- ന്യൂ ഇയര്‍ ലൈറ്റ് ഷോ’ ടിക്കറ്റ് വില്‍പന തുടങ്ങി

0

തിരുവനന്തപുരം: ടൂറിസം വകുപ്പ് കനകക്കുന്നില്‍ സംഘടിപ്പിക്കുന്ന വസന്തോത്സവം ഫ്ളവര്‍ ഷോയുടേയും ന്യൂ ഇയര്‍ ലൈറ്റ് ഷോയുടേയും ടിക്കറ്റ് വില്‍പ്പന മേയര്‍ ആര്യ രാജേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. വി.കെ പ്രശാന്ത് എംഎല്‍എ ആദ്യ ടിക്കറ്റ് സ്വീകരിച്ചു. കോവിഡിന് ശേഷം ആദ്യമായാണ് ടൂറിസം വകുപ്പ് കനകക്കുന്നില്‍ ഫ്ളവര്‍ ഷോ സംഘടിപ്പിക്കുന്നത്. കഴിഞ്ഞവര്‍ഷം വകുപ്പ് സംഘടിപ്പിച്ച പുതുവല്‍സര ദീപാലാങ്കരത്തിന് ലഭിച്ച വന്‍ സ്വീകാര്യതയുടെ പശ്ചാത്തലത്തില്‍ അതിലും വിപുലമായാണ് ഇത്തവണ ലൈറ്റ് ഷോ നടത്തുക.
ഡിസംബര്‍ 24 മുതല്‍ ജനുവരി 2 വരെയാണ് ഫ്ളവര്‍ ഷോയും ലൈറ്റ് ഷോയും ഒരുക്കുന്നത്. 24 ന് രാവിലെ മുതല്‍ ഫളവര്‍ ഷോയില്‍ പ്രവേശനം അനുവദിക്കും. വൈകിട്ട് പൊതുമരാമത്ത് – ടൂറിസം മന്ത്രി പി.എ മുഹമ്മദ് റിയാസ് പരിപാടി ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യും. ‘ഇല്യുമിനേറ്റിങ് ജോയ്, സ്പ്രെഡ്ഡിങ് ഹാര്‍മണി’ എന്ന ആശയത്തിലാണ് പരിപാടി സംഘടിപ്പിക്കുന്നത്.എല്ലാ ജനങ്ങള്‍ക്കും ഒത്തുചേര്‍ന്ന് സന്തോഷം പങ്കുവയ്ക്കാന്‍ അവസരമൊരുക്കുകയെന്നതാണ് ആഘോഷ പരിപാടികള്‍ സംഘടിപ്പിക്കുന്നതിലൂടെ ലക്ഷ്യമിടുന്നതെന്ന് മേയര്‍ പറഞ്ഞു. കനകക്കുന്നിലെ പുതുവര്‍ഷാഘോഷം ഇതിന് അവസരമൊരുക്കും. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ കൂടുതല്‍ ജനങ്ങള്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മേയര്‍ പറഞ്ഞു.ടൂറിസം അഡീഷണല്‍ ഡയറക്ടര്‍ അനിത, ടൂറിസം ഡെപ്യൂട്ടി ഡയറക്ടര്‍ രാജീവ് ജി.എല്‍, ഡിടിപിസി സെക്രട്ടറി ശ്യാം കൃഷ്ണന്‍ എന്നിവര്‍ സംബന്ധിച്ചു.തലസ്ഥാനത്തെ രണ്ടാമത്തെ നൈറ്റ് ലൈഫ് കേന്ദ്രമാകാന്‍ ഒരുങ്ങുന്ന കനകക്കുന്നിന് കൂടുതല്‍ ഉണര്‍വേകുന്ന തരത്തിലാണ് ആഘോഷങ്ങള്‍ സംഘടിപ്പിക്കുന്നത്. മുതിര്‍ന്നവര്‍ക്ക് 100 രൂപയും കുട്ടികള്‍ക്ക് 50 രൂപയുമാണ് പ്രവേശന നിരക്ക്.കേരളത്തിന് പുറത്തുനിന്നെത്തിക്കുന്ന പുഷ്പങ്ങള്‍ ഉള്‍പ്പെടെ ക്യൂറേറ്റ് ചെയ്ത ഫ്ളവര്‍ ഷോ, ട്രീ റാപ്പിങ്, എന്‍ട്രന്‍സ് ആര്‍ച്ച്, ബട്ടര്‍ഫ്ളൈ ഊഞ്ഞാല്‍, ദീപാലംകൃത യൂറോപ്യന്‍ ഭവനം, ടണല്‍ വിത്ത് ലൈറ്റ്സ്, ഹോട്ട് എയര്‍ ബലൂണ്‍സ്, റെയിന്‍ഡിയര്‍, വിവിധ തരം പൂക്കള്‍, ലോണ്‍ ഏരിയ, റോസ് ഗാര്‍ഡന്‍ വിത്ത് ലൈറ്റ്സ്, സ്പൈറല്‍ ക്രിസ്മസ് ട്രീസ്, വാക്ക് വേ ആര്‍ച്ചസ്, ഷൂട്ടിങ് സ്റ്റാര്‍, ലൈറ്റ് ബോര്‍ഡുകള്‍, മാന്‍ പാര്‍ക്ക്, ഗിഫ്റ്റ് ബോക്സ്, ഹോട്ട് എയര്‍ ബലൂണ്‍സ് എന്നിവയാണ് പ്രധാന ആകര്‍ഷണങ്ങള്‍. ഇതിനു പുറമേ നടവഴികളും റോഡുകളും മരങ്ങളും വര്‍ണദീപങ്ങളാല്‍ അലങ്കരിക്കും.

You might also like

Leave A Reply

Your email address will not be published.