ആയുര്‍വേദത്തിന്‍റെ സ്വീകാര്യതയ്ക്കായി ആഗോളആയുര്‍വേദ സഖ്യത്തിന് രൂപം നല്‍കി ജിഎഎഫിന് സമാപനം

0

തിരുവനന്തപുരം: ആയുര്‍വേദ മേഖലയ്ക്ക് ആഗോള സ്വീകാര്യത കൈവരിക്കുന്നതിനായി ഗ്ലോബല്‍ ആയുര്‍വേദ അലയന്‍സിന് രൂപം നല്‍കി ഗ്ലോബല്‍ ആയുര്‍വേദ ഫെസ്റ്റിവെലിന്‍റെ (ജിഎഎഫ്-2023) അഞ്ചാം പതിപ്പിന് സമാപനം. ആയുര്‍വേദത്തെ സുസ്ഥിരവും സമഗ്രവുമായ ചികിത്സാ സംവിധാനമായി അടയാളപ്പെടുത്തുന്നതിനുള്ള പരിശ്രമങ്ങള്‍ക്ക് ആക്കം കൂട്ടുന്നതിനും ആയുര്‍വേദ പങ്കാളികളുടെ അന്താരാഷ്ട്ര സഹകണം ശക്തിപ്പെടുത്തുന്നതിനും സഖ്യം വഴിയൊരുക്കുമെന്ന പ്രതീക്ഷ സമ്മേളനം പങ്കുവച്ചു.
ആരോഗ്യരംഗത്ത് ലോകം നേരിടുന്ന വെല്ലുവിളികളെ നേരിടുന്നതിനും വെല്‍നസ് ടൂറിസത്തെ പ്രോത്സാഹിപ്പിക്കുന്നതിനും ആയുര്‍വേദത്തിന്‍റെ സാധ്യതകള്‍ പ്രയോജനപ്പെടുത്തുന്നതിനെക്കുറിച്ച് സമ്മേളനം ചര്‍ച്ചചെയ്തു. കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ നടന്ന അഞ്ച് ദിവസത്തെ സമ്മേളനത്തില്‍ ഇന്ത്യയിലും വിദേശത്തുമുള്ള ആയുര്‍വേദ വിദഗ്ധര്‍, പണ്ഡിതര്‍, ഡോക്ടര്‍മാര്‍, വിദ്യാര്‍ഥികള്‍, ആയുര്‍വേദ പങ്കാളികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
ആയുര്‍വേദത്തിന് ആഗോളതലത്തില്‍ മുമ്പത്തേക്കാളേറെ പ്രാധാന്യം കൂടിവരികയാണെന്ന് സമ്മേളനത്തിന്‍റെ സമാപന ചടങ്ങ് ഉദ്ഘാടനം ചെയ്തുകൊണ്ട് മുന്‍ ആരോഗ്യമന്ത്രി വി.എസ് ശിവകുമാര്‍ പറഞ്ഞു. ജീവിതശൈലി രോഗങ്ങളും വൈറോളജി രോഗങ്ങളും വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ ആയുര്‍വേദത്തിന്‍റെ സാധ്യത രോഗചികിത്സയില്‍ പ്രയോജനപ്പെടുത്തണം. ജിഎഎഫ് പോലുള്ള സമ്മേളനങ്ങള്‍ ഇത്തരം ചര്‍ച്ചകളെ കൂടുതല്‍ സജീവമാക്കുമെന്നും ശിവകുമാര്‍ കൂട്ടിച്ചേര്‍ത്തു.ആയുര്‍വേദത്തിന്‍റെ ആഗോള സ്വീകാര്യതയ്ക്കും ആരോഗ്യ വെല്ലുവിളികളെ നേരിടാനുള്ള സുസ്ഥിര സംവിധാനമായി ആയുര്‍വേദത്തെ മാറ്റുന്നതിനുമുള്ള ഫലപ്രദമായ ചര്‍ച്ചകള്‍ നടന്ന ജിഎഎഫ് വലിയ വിജയമായിരുന്നുവെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച ജിഎഎഫ് വര്‍ക്കിംഗ് ചെയര്‍മാന്‍ ജി.ജി ഗംഗാധരന്‍ പറഞ്ഞു. ആയുര്‍വേദ ഗവേഷണങ്ങള്‍, ആഗോളതലത്തില്‍ ആയുര്‍വേദത്തെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള നയങ്ങള്‍, നിയന്ത്രണ മാര്‍ഗനിര്‍ദ്ദേശങ്ങള്‍, മികച്ച സമ്പ്രദായങ്ങള്‍, ആയുര്‍വേദ ആശുപത്രികളും ടൂറിസം പങ്കാളികളും തമ്മിലുള്ള ചര്‍ച്ചകള്‍ക്കും സഹകരണത്തിനും വേദിയൊരുക്കുന്ന ഗ്ലോബല്‍ മെഡിക്കല്‍ ടൂറിസം മീറ്റ് തുടങ്ങിയവ സമ്മളനത്തിന്‍റെ ആകര്‍ഷണങ്ങളായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍ഖര്‍ ആണ് ജിഎഎഫ്-2023 ഉദ്ഘാടനം ചെയ്തത്. ജിഎഎഫിനെ അഭിനന്ദിച്ചുകൊണ്ടുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രത്യേക സന്ദേശം കേന്ദ്ര വിദേശകാര്യ, പാര്‍ലമെന്‍ററികാര്യ സഹമന്ത്രി വി മുരളീധരന്‍ ഉദ്ഘാടനച്ചടങ്ങില്‍ വായിച്ചു. സ്വാമിജി ഡോ. ജഗം മഹാരാജ്, ഇന്ത്യ മാസ്റ്റേഴ്സ് അത്ലറ്റിക്സ് പ്രസിഡന്‍റ് ഡോ. കെ.ബി നാഗൂര്‍, കോയമ്പത്തൂര്‍ ആര്യവൈദ്യ ഫാര്‍മസി സിഇഒ വിപിന്‍ വിജയ്, വൈദ്യരത്നം എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ.യദു നാരായണന്‍ മൂസ്, എച്ച് യു എല്‍ മാര്‍ക്കറ്റിംഗ് വൈസ് പ്രസിഡന്‍റ് ഇഷ്ട് പ്രീത്, സോമതീരം ഗ്രൂപ്പ് എംഡി ബേബി മാത്യു, ജിഎഎഫ് ചീഫ് കോര്‍ഡിനേറ്റര്‍ ഡോ.സി സുരേഷ് കുമാര്‍, ജിഎഎഫ് സെക്രട്ടറി ജനറല്‍ ഡോ. സി. സുരേഷ് കുമാര്‍, ജിഎഎഫ് ഓര്‍ഗനൈസിംഗ് സെക്രട്ടറി ഡോ.വിഷ്ണു നമ്പൂതിരി, ജിഎഎഫ് ജനറല്‍ കണ്‍വീനര്‍ ഡോ. വി.ജി ഉദയകുമാര്‍, വിവിധ ആയുര്‍വേദ സംഘടനാ പ്രതിനിധികള്‍ തുടങ്ങിയവര്‍ സമാപനചടങ്ങില്‍ സംബന്ധിച്ചു.’ആരോഗ്യപരിപാലനത്തില്‍ ഉയര്‍ന്നുവരുന്ന വെല്ലുവിളികളും നവോര്‍ജ്ജത്തോടെ ആയുര്‍വേദവും’ എന്ന പ്രമേയത്തില്‍ സെന്‍റര്‍ ഫോര്‍ ഇന്നോവേഷന്‍ ഇന്‍ സയന്‍സ് ആന്‍ഡ് സോഷ്യല്‍ ആക്ഷന്‍, കേന്ദ്ര ആയുഷ് മന്ത്രാലയം, കേരള സര്‍ക്കാര്‍ എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ കേരളത്തിലെ വിവിധ ആയുര്‍വേദ സംഘടനകള്‍ ചേര്‍ന്നാണ് ജിഎഎഫ് സംഘടിപ്പിച്ചത്. 
ആയുര്‍വേദത്തിലെ ഏറ്റവും പുതിയ മുന്നേറ്റങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന വിദഗ്ധരുടെ നേതൃത്വത്തിലുള്ള സെമിനാര്‍ സെഷനുകള്‍ ജിഎഎഫിന്‍റെ പ്രത്യേകതയായിരുന്നു. ആരോഗ്യ എക്സ്പോയില്‍ നിരവധി ആയുര്‍വേദ സ്ഥാപനങ്ങളുടെ ഉല്‍പ്പന്നങ്ങളും സേവനങ്ങളും പ്രദര്‍ശിപ്പിച്ചു. പ്രമുഖ ആയുര്‍വേദ ഡോക്ടര്‍മാരുടെ നേതൃത്വത്തില്‍ സൗജന്യ സ്പെഷ്യാലിറ്റി ക്ലിനിക്കും ജിഎഎഫില്‍ പ്രവര്‍ത്തിച്ചു.

You might also like

Leave A Reply

Your email address will not be published.