കേന്ദ്ര സർക്കാർ നിർത്തലാക്കിയ സ്‌കോളർഷിപ്പുകൾ സംസ്ഥാന സർക്കാർ തുടരും: മന്ത്രി വി അബ്ദുറഹിമാൻ

0

കേന്ദ്ര സർക്കാർ നിർത്തലാക്കിയ ന്യൂനപക്ഷ സമുദായങ്ങൾക്കുള്ള സ്‌കോളർഷിപ്പുകൾ തുടർന്നുകൊണ്ടുപോവാനാണ് സർക്കാർ ലക്ഷ്യമെന്ന് ന്യൂനപക്ഷ ക്ഷേമ, ഹജ്ജ്, വഖ്ഫ്, കായിക വകുപ്പ് മന്ത്രി വി അബ്ദുറഹിമാൻ.

മലപ്പുറം ആസൂത്രണ സമിതി ഹാളിൽ നടന്ന സംസ്ഥാന ന്യൂനപക്ഷ കമ്മിഷൻ ജില്ലാ അടിസ്ഥാനത്തിൽ സംഘടിപ്പിക്കുന്ന ഏകദിന സെമിനാറുകളുടെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്ന അദ്ദേഹം. സംസ്ഥാന സർക്കാറിന്റെ നിലവിലെ സാമ്പത്തിക സാഹചര്യങ്ങൾ കണക്കിലെടുത്താകും ന്യൂനപക്ഷ സമുദായങ്ങൾക്കുള്ള സ്‌കോളർഷിപ്പുകൾ നൽകാൻ സംസ്ഥാന സർക്കാർ മുന്നോട്ടുവരിക. സംസ്ഥാനത്തിന് കേന്ദ്രം നൽകുന്ന വിഹിതം വെട്ടിച്ചുരുക്കിയത് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ടെങ്കിലും ക്രിയാത്മകമായ ഇടപെടലുകൾ നടത്തും.

ഇതര സംസ്ഥാനങ്ങളെ അപേക്ഷിച്ച് ന്യൂനപക്ഷങ്ങൾക്ക് സൗഹാർദമായി ജീവിക്കാനുള്ള സാഹചര്യം കേരളത്തിലുണ്ട്. ആരാധന കർമങ്ങൾക്കുള്ള സ്വാതന്ത്രവും അനുകൂല സാഹചര്യങ്ങളും ഇവിടെയുണ്ട്. വിശ്വാസ പ്രമാണങ്ങളെ ഉയർത്തിപ്പിടിച്ച് ജീവിക്കാനുള്ള അവകാശം കൃത്യമായി നടപ്പാക്കാനുള്ള മുൻകരുതലുകൾ സർക്കാറിന്റെ ഭാഗത്ത് നിന്നും ഉണ്ടാകുന്നുണ്ട്.

ന്യൂനപക്ഷ സമുദായങ്ങൾ നടത്തുന്ന വിദ്യഭ്യാസ സ്ഥാപനങ്ങളുടെ പ്രവർത്തനം സുതാര്യമാണ്. വിദ്യഭ്യാസ സ്ഥാപനങ്ങൾക്കുള്ള സഹായങ്ങൾ സർക്കാറിന്റെ ഭാഗത്തു നിന്നുണ്ടാകും.

ന്യൂനപക്ഷ സമുദായമായ ബുദ്ധ, ജൈന, പാഴ്‌സി വിഭാഗത്തിലുള്ളവർക്കും അർഹമായ ആനുകൂല്യങ്ങൾ എത്തിക്കാനുള്ള നടപടികൾ സർക്കാറിന്റെ ഭാഗത്തുനിന്നുണ്ടാകും. ന്യൂനപക്ഷ കമ്മീഷൻ ശിപാർശ ചെയ്ത ഉന്നത വിദ്യാഭ്യാസ-തൊഴിലധിഷ്ടിത വിദ്യാഭ്യാസ സ്ഥാപനങ്ങൾ സ്ഥാപിക്കാനുള്ള പഠിക്കാൻ സ്‌പെഷ്യൽ ഓഫീസറെ നിയമിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

പരിപാടിയിൽ പി. ഉബൈദുല്ല എം.എൽ.എ മുഖ്യപ്രഭാഷണം നടത്തി. ന്യൂനപക്ഷ കമ്മിഷൻ ചെയർമാൻ അഡ്വ. എ.എ റഷീദ് അധ്യക്ഷത വഹിച്ചു. കമ്മിഷൻ അംഗം എ. സൈഫുദ്ദീൻ, ന്യൂനപക്ഷ ധനകാര്യ കോർപറേഷൻ ഡയറക്ടർ കെ.ടി അബ്ദുറഹ്‌മാൻ, വിവിധ മതസംഘടനാ നേതാക്കളായ കൂറ്റമ്പാറ അബ്ദുറഹ്‌മാൻ ദാരിമി, ഹംസ റഹ്‌മാനി കൊണ്ടിപ്പറമ്പ്, എ.ജെ സണ്ണി, സി. സാംരാജ്, ഡോ. പിപി മുഹമ്മദ്, ഹുസൈൻ കാവനൂർ, ജോജി വർഗീസ്, എൻ.കെ അബ്ദുൽ അസീസ്, സയ്യിദ് കെ.കെ.എസ് തങ്ങൾ, മൊയ്തീൻ ഫൈസി പുത്തനഴി, എ.ജെ ആറണി എന്നിവർ സംസാരിച്ചു. ‘കേരള സംസ്ഥാന ന്യൂനപക്ഷ കമ്മിഷൻ ആക്ട്-എന്ത് എന്തിന്’ എന്ന വിഷയത്തിൽ കമ്മിഷൻ അംഗം എ. സൈഫുദ്ദീൻ, ‘ന്യൂനപക്ഷങ്ങൾക്കായുള്ള ക്ഷേമപദ്ധതികൾ’ എന്ന വിഷയത്തിൽ ന്യൂനപക്ഷ വകുപ്പ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ എസ്. രഘുവരനും എന്നിവർ സംസാരിച്ചു. തുടർന്ന് ഓപ്പൺ ഫോറവും നടന്നു. ന്യൂനപക്ഷ കമ്മീഷൻ അംഗം പി. റോസ സ്വഗതവും പ്രോഗ്രാം കോഡിനേറ്റർ വി.പി അൻസാർ നന്ദിയും പറഞ്ഞു.

You might also like

Leave A Reply

Your email address will not be published.