കാലാവസ്ഥാ വ്യതിയാനം ഉയര്‍ത്തുന്ന ആരോഗ്യ വെല്ലുവിളികള്‍ ജിഎഎഫ് ചര്‍ച്ചചെയ്യും

0

തിരുവനന്തപുരം: കാലാവസ്ഥാ വ്യതിയാനം ഉയര്‍ത്തുന്ന ആരോഗ്യ വെല്ലുവിളികള്‍ക്കുള്ള സുസ്ഥിര ആയുര്‍വേദ പരിഹാരങ്ങളുടെ പ്രയോഗത്തെക്കുറിച്ച് ഗ്ലോബല്‍ ആയുര്‍വേദ ഫെസ്റ്റിവെല്‍ (ജിഎഎഫ്-2023) ചര്‍ച്ച ചെയ്യും. മനുഷ്യരുടെയും മൃഗങ്ങളുടെയും സസ്യങ്ങളുടെയും ആരോഗ്യവും നിലനില്‍പ്പും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നുവെന്ന പരമ്പരാഗത അറിവുകളുടെ പങ്കുവയ്ക്കലിനും ജിഎഎഫ് വേദിയാകും. ഡിസംബര്‍ ഒന്നുമുതല്‍ അഞ്ചുവരെ തിരുവനന്തപുരം കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് ഇന്‍റര്‍നാഷണല്‍ സ്റ്റേഡിയത്തിലാണ് ജിഎഎഫ് നടക്കുന്നത്.
വൃക്ഷായുര്‍വേദ, മൃഗായുര്‍വേദ രീതികള്‍ക്ക് സസ്യങ്ങളുടെയും മൃഗങ്ങളുടെയും ആരോഗ്യത്തിലുള്ള പ്രാധാന്യം ജിഎഎഫില്‍ ചര്‍ച്ചയാകും. ഈ വിഷയത്തില്‍ ദേശീയ, അന്തര്‍ദേശീയ വിദഗ്ധര്‍ പങ്കെടുക്കുന്ന സെമിനാര്‍ ഡിസംബര്‍ 4 ന് നടക്കും.

ആയുര്‍വേദത്തിന്‍റേയും വെറ്റിനറിയുടേയും സംയോജിത ഇടപെടലിലൂടെ കാര്‍ഷിക, ആരോഗ്യ മേഖലകള്‍ക്ക് ഉത്തേജനമാകുന്ന തീരുമാനങ്ങള്‍ ജിഎഎഫ് കൈക്കൊള്ളും. ആയുര്‍വേദ വ്യവസായത്തിന്‍റെ വളര്‍ച്ചയ്ക്ക് സസ്യങ്ങളിലും മൃഗങ്ങളിലും ആയുര്‍വേദ മാര്‍ഗങ്ങള്‍ പ്രയോജനപ്പെടുത്തുന്നത് പ്രോത്സാഹിപ്പിക്കാനും ആരോഗ്യ പരിരക്ഷയ്ക്കുള്ള നിര്‍ദേശങ്ങളും സമ്മേളനം ആരായും.

‘ആരോഗ്യപരിപാലനത്തില്‍ ഉയര്‍ന്നുവരുന്ന വെല്ലുവിളികളും നവോര്‍ജ്ജത്തോടെ ആയുര്‍വേദവും’ എന്ന പ്രമേയത്തിലാണ് ജിഎഎഫ് നടക്കുകയെന്നും ആയുര്‍വേദത്തിലെ സാധ്യതകള്‍ ഇന്ത്യ ലോകത്തിനു മുന്നില്‍ തുറന്നിടുകയാണെന്നും ജിഎഎഫ് ചീഫ് കോര്‍ഡിനേറ്റര്‍ ഡോ. സി. സുരേഷ് കുമാര്‍ പറഞ്ഞു.

കാലാവസ്ഥാ വ്യതിയാനത്തിന്‍റെ ആഘാതത്തെ നേരിടാന്‍ പ്രകൃതിയോട് ഇണങ്ങിച്ചേര്‍ന്നുള്ള പാരമ്പര്യ ജീവിതരീതികള്‍ ആയുര്‍വേദ ഗ്രന്ഥങ്ങളില്‍ പരാമര്‍ശിക്കുന്നുണ്ടെന്ന് ജിഎഎഫ് വര്‍ക്കിംഗ് ചെയര്‍മാന്‍ ഡോ. ജി.ജി ഗംഗാധരന്‍ പറഞ്ഞു. കാലാവസ്ഥാ വ്യതിയാനം മൂലമുണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങള്‍ മുന്‍കൂട്ടി കണ്ടിരുന്ന ‘പര്യാവരണ്‍ ആയുര്‍വേദം’ എന്നറിയപ്പെടുന്ന വിജ്ഞാന സംവിധാനം ഇത് ചര്‍ച്ച ചെയ്യുന്നുണ്ട്. സുസ്ഥിരമായ രീതിയില്‍ ഈ പ്രശ്നം കൈകാര്യം ചെയ്യേണ്ടതുണ്ടെന്ന അവബോധം ലോകമെമ്പാടും വര്‍ധിച്ചുവരികയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സസ്യങ്ങള്‍ക്ക് ആയുര്‍വേദപരിചരണം നല്‍കുന്ന വൃക്ഷായുര്‍വേദ രീതി പ്രയോഗിച്ചുകൊണ്ട് വിഷരഹിതവും ആരോഗ്യകരവുമായ ഭക്ഷണം ലഭ്യമാക്കാന്‍ സാധിക്കുമെന്ന അറിവ് പങ്കിടാനും ഈ രീതി വ്യാപകമാക്കാനുമുള്ള നിര്‍ദേശങ്ങള്‍ ജിഎഎഫ് മുന്നോട്ടുവയ്ക്കും. ആയുര്‍വേദ ജീവിതത്തിന്‍റെ പ്രാധാന്യം ഉള്‍ക്കൊള്ളാന്‍ അവസരമൊരുക്കുന്നതാണ് ‘എത്നോവെറ്ററിനറി മെഡിസിന്‍’ അഥവാ ‘മൃഗായുര്‍വേദ’ എന്ന വിഷയത്തില്‍ നടക്കുന്ന സെഷന്‍. ഔഷധ സസ്യങ്ങള്‍ക്ക് ഉയര്‍ന്ന വിലയുള്ള ആന്‍റിബയോട്ടിക്കുകള്‍ക്ക് ഒരു പരിധി വരെ ബദലാകാന്‍ സാധിക്കുമെന്ന അറിവും ഇത് പങ്കിടും.

You might also like

Leave A Reply

Your email address will not be published.