എയ്റോസ്പേസ്, പ്രതിരോധ മേഖലകളില്‍ സഹകരിക്കാന്‍;എന്‍ഐഐഎസ്ടിയും എച്ച്എഎല്ലും ധാരണാപത്രം ഒപ്പുവച്ചു

0

തിരുവനന്തപുരം: കൗണ്‍സില്‍ ഓഫ് സയന്‍റിഫിക് ആന്‍ഡ് ഇന്‍ഡസ്ട്രിയല്‍ റിസര്‍ച്ചിന്‍റെ (സി.എസ്.ഐ.ആര്‍) ഗവേഷണ, വികസന സ്ഥാപനമായ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഇന്‍റര്‍ഡിസിപ്ലിനറി സയന്‍സ് ആന്‍ഡ് ടെക്നോളജിയും(എന്‍.ഐ.ഐ.എസ്.ടി)ഹിന്ദുസ്ഥാന്‍ എയ്റോനോട്ടിക്സ് ലിമിറ്റഡും (എച്ച്എഎല്‍) എയ്റോസ്പേസ്, പ്രതിരോധ മേഖലകളില്‍ തദ്ദേശീയ വസ്തുക്കളും സാങ്കേതികവിദ്യയും പ്രയോജനപ്പെടുത്തുന്നതിനായുള്ള ധാരണാപത്രം ഒപ്പുവച്ചു. ആത്മനിര്‍ഭര്‍ ഭാരത് സന്ദേശം ഉള്‍ക്കൊണ്ടുകൊണ്ടുള്ള കാല്‍വയ്പാണിത്.
മഗ്നീഷ്യം, അലുമിനിയം സങ്കരം എന്നീ വസ്തുക്കള്‍ എയ്റോസ്പേസ്, പ്രതിരോധ അനുബന്ധ മേഖലകള്‍ക്കായി വികസിപ്പിക്കുന്നതു സംബന്ധിച്ച ധാരണാപത്രമാണ് ബെംഗളൂരുവില്‍ നടന്ന ചടങ്ങില്‍ ഒപ്പുവച്ചത്.

സിഎസ്ഐആര്‍-എന്‍ഐഐഎസ്ടി ഡയറക്ടര്‍ ഡോ. സി. അനന്തരാമകൃഷ്ണന്‍, സീനിയര്‍ പ്രിന്‍സിപ്പല്‍ സയന്‍റിസ്റ്റ് ഡോ. ടി.പി.ഡി. രാജന്‍, സി.എസ്.ഐ.ആര്‍.-എന്‍.ഐ.ഐ.എസ്.ടി ചീഫ് സയന്‍റിസ്റ്റും ബിസിനസ് ഡെവലപ്മെന്‍റ് മേധാവിയുമായ ഡോ.പി. നിഷി, എന്‍.ഐ.ഐ.എസ്.ടിയിലെ മറ്റ് മുതിര്‍ന്ന ശാസ്ത്രജ്ഞന്‍മാര്‍ എന്നിവര്‍ പങ്കെടുത്തു.

എച്ച്എഎലിനെ പ്രതിനിധീകരിച്ച് ഫൗണ്ടറി ആന്‍ഡ് ഫോര്‍ജ് ഡിവിഷന്‍ ജനറല്‍ മാനേജര്‍ വി.എന്‍ അനില്‍കുമാര്‍, പ്രൊജക്ട്സ് ആന്‍ഡ് പ്ലാനിംഗ് അഡീഷണല്‍ ജനറല്‍ മാനേജര്‍ പ്രവീണ്‍ ബി, ഫിനാന്‍സ് അഡീഷണല്‍ ജനറല്‍ മാനേജര്‍ എം.എസ് രാജലക്ഷ്മി എന്നിവരും മറ്റ് മുതിര്‍ന്ന ഉദ്യോഗസ്ഥരും സംബന്ധിച്ചു.

മനുഷ്യവിഭവ ശേഷിയും സൗകര്യങ്ങളും വിനിയോഗിക്കല്‍, സാങ്കേതിക സഹായ സേവനങ്ങള്‍, കണ്‍സള്‍ട്ടന്‍സി സേവനങ്ങള്‍, എയ്റോസ്പേസ് ഘടകങ്ങളുടെ രൂപകല്‍പ്പനയ്ക്കും വികസനത്തിനുമായുള്ള സഹകരണ ഗവേഷണ പ്രവര്‍ത്തനങ്ങള്‍ എന്നിവയില്‍ എന്‍.ഐ.ഐ.എസ്.ടി സഹകരിക്കും. ലോ പ്രഷര്‍ കാസ്റ്റിംഗ് (എല്‍പിസി) പ്രക്രിയ ഉപയോഗിച്ച് എയ്റോനോട്ടിക്കല്‍ ഗ്രേഡ് മഗ്നീഷ്യം സങ്കരങ്ങളുടെ നിര്‍മ്മാണം, അലുമിനിയം, മഗ്നീഷ്യം സങ്കരങ്ങള്‍ സംരക്ഷിക്കുന്നതിനുള്ള വസ്തുക്കളുടെ രൂപകല്‍പ്പനയും വികസനവും, പരസ്പര താത്പര്യമുള്ള മറ്റ് ഗവേഷണ മേഖലകളിലെ സഹകരണം എന്നിവയും ധാരണാപത്രത്തില്‍ ഉള്‍പ്പെടുന്നു.

അഗ്രോ-പ്രോസസിംഗ് ആന്‍ഡ് ടെക്നോളജി, കെമിക്കല്‍ സയന്‍സസ് ആന്‍ഡ് ടെക്നോളജി, മെറ്റീരിയല്‍സ് സയന്‍സ് ആന്‍ഡ് ടെക്നോളജി, മൈക്രോബയല്‍ പ്രോസസസ് ആന്‍ഡ് ടെക്നോളജി, എന്‍വയോണ്‍മെന്‍റല്‍ ടെക്നോളജി, സസ്റ്റൈനബിള്‍ എനര്‍ജി ടെക്നോളജി എന്നിവയുമായി ബന്ധപ്പെട്ട മേഖലകളില്‍ ഗവേഷണ വികസന പരിപാടികള്‍ സംഘടിപ്പിക്കുന്ന എന്‍.ഐ.ഐ.എസ്.ടി പി.ജി., ഗവേഷണ വിദ്യാര്‍ഥികളെ പരിശീലിപ്പിക്കുന്നതിലൂടെ മാനവ വിഭവശേഷി വികസനത്തിലും പ്രധാന പങ്ക് വഹിക്കുന്നു.

വിമാനങ്ങള്‍, ഹെലികോപ്റ്ററുകള്‍, എയ്റോസ്പേസ് സംവിധാനങ്ങള്‍ എന്നിവയുടെ രൂപകല്‍പ്പന, വികസനം, നിര്‍മ്മാണം, വിതരണം, പരിപാലനം എന്നിവയിലാണ് എച്ച്എഎല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ബെംഗളൂരുവിലെ എച്ച്എഎല്ലിന്‍റെ ഫൗണ്ടറി, ഫോര്‍ജിംഗ് വിഭാഗങ്ങള്‍ എയര്‍ക്രാഫ്റ്റുകള്‍, ഹെലികോപ്റ്ററുകള്‍, എയ്റോ എഞ്ചിനുകള്‍ എന്നിവയുടെ അറ്റകുറ്റപ്പണികളും ഏവിയോണിക്സ് അനുബന്ധ സംവിധാനങ്ങളുടെ വികസന, നിര്‍മ്മാണ, വിതരണവും നിര്‍വ്വഹിക്കുന്നു.

You might also like

Leave A Reply

Your email address will not be published.