120 വയസ്സാണ് മനുഷ്യന്റെ പൂർണായുസ്സ്. 33 വയസ്സ് വരെ ഹ്രസ്വായുസ്സും, 66 വയസ്സ് വരെ മദ്ധ്യായുസ്സും, 99 വയസ്സ് വരെ ദീർഘായുസ്സും ആണ് കൽപ്പിക്കപ്പെട്ടിട്ടുള്ളത്. എന്നാൽ ഇന്ന് 60 വയസ്സുള്ള ഒരാളെ നാം വിളിക്കുന്നത് വയസ്സൻ എന്നാണ്. പകുതി വയസ്സിൽ വൃദ്ധനാവുന്നത് മനുഷ്യൻ മാത്രമാണ്. മറ്റെല്ലാ ജീവികളും ദൈവം കൊടുത്ത ആയുസ്സ് പൂർത്തിയാക്കുമ്പോൾ മനുഷ്യന് മാത്രമെന്താണ് ഈ ദുരവസ്ഥ.
ഇന്നത്തെ കാലത്ത് 50+ വരുന്നവരെല്ലാം തന്നെ എന്തെങ്കിലും ഒരു മരുന്ന് കഴിക്കാനുള്ള സാധ്യത വളരെ കൂടുതൽ ആണ്, ഹൈ ബ്ലഡ് പ്രഷർ, ലോ പ്രഷർ, പ്രമേഹം, കൊളെസ്ട്രോൾ, തൈറോയ്ഡ്, അസിഡിറ്റി, മൈഗ്രൈൻ, ഫാറ്റി ലിവർ, അലർജി, വെരിക്കോസ് വെയിൻ, കിഡ്നി സ്റ്റോൺ, വന്ധ്യത തുടങ്ങിയ കാര്യങ്ങൾക്കെല്ലാം മരുന്ന് കഴിക്കുന്നു. വർഷങ്ങളോളം മരുന്ന് കഴിച്ചിട്ടും മാറാതെ, കഴിക്കുന്ന മരുന്നിന്റെ ഡോസ് കൂട്ടുകയോ, എണ്ണം കൂട്ടുകയോ ചെയ്തു കൊണ്ടിരിക്കുന്നു.
ഇത് എന്തുകൊണ്ടാണ്!
നിങ്ങളെപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ?
ഓരോരുത്തരും ചിന്തിക്കുന്നത് ആരോഗ്യം കിട്ടുവാൻ മരുന്ന് കഴിച്ചാൽ മതി എന്നാണ്. ഈ തെറ്റായ ധാരണ വെച്ച് പുലർത്തുന്നത് കൊണ്ട്, നമ്മുടെ നാട്ടിൽ കോടികൾ മുതൽ മുടക്കി ധാരാളം മൾട്ടി സ്പെഷ്യാലിറ്റി ഹോസ്പിറ്റൽസ് വരുന്നു. ആളുകൾ വരുമാനത്തിന്റെ 30% വും ആരോഗ്യം കിട്ടുവാൻ മരുന്ന് കഴിക്കാൻ വേണ്ടി ചിലവാക്കുന്നു. 5-10 വർഷം കൂടി കഴിഞ്ഞാൽ 35+ വയസ്സാകുമ്പോഴേക്കും അധികം പേരും മരുന്ന് കഴിക്കാനുള്ള അവസ്ഥയിലേക്ക് മാറും…
എന്താണ് ആരോഗ്യ പ്രശ്നങ്ങൾക്ക് ഉള്ള പ്രധാന കാരണം.???
ഇന്നത്തെ ഭക്ഷണരീതി അനുസരിച്ചു നമ്മൾ കഴിക്കുന്ന ഭക്ഷണം നോക്കിയാൽ നിറയെ Carbohydrates (അന്നജം), അരിയാണെങ്കിലും, ഗോതമ്പു ആണെങ്കിലും, കിഴങ്ങു വർഗ്ഗങ്ങൾ ആയാലും അന്നജം തന്നെ. കൂടാതെ ട്രാൻസ്ഫാറ്റ്, പ്രോസസ്സ്ഡ് ഷുഗർ, ധാരാളം ഉപ്പ് പിന്നെ നമ്മൾ അറിയാതെ ധാരാളം കെമിക്കൽസ്. രുചിക്കാണ് നമ്മൾ പ്രാധാന്യം കൊടുക്കുന്നത്. നമ്മളുടെ കണ്ണിനു ഇഷ്ടപ്പെട്ടു, നാവിനു രുചിയോട് കൂടി നമ്മൾ എന്തും കഴിക്കും. എന്നാൽ അതിൽ എത്രത്തോളം പോഷകങ്ങൾ ഉണ്ട് എന്ന് നമ്മൾ ശ്രദ്ധിക്കാറില്ല. ഫലമോ, ശരീരം ആരോഗ്യത്തോടെ പ്രവർത്തിക്കാൻ ആവശ്യമായ വിറ്റാമിൻസ്, മിനറൽസ്, പ്രോട്ടീൻ, ഫൈബർ, മൈക്രോന്യൂട്രിയന്റ്സ് ഇതൊന്നും കിട്ടാതെ വരുന്നു. എന്തിനു, ആവശ്യത്തിനുള്ള ശുദ്ധജലം പോലും കുടിക്കാറില്ല… ഫലമോ ശരീരത്തിൽ ധാരാളം വിറ്റാമിൻസ് പോരായ്മകൾ ഉണ്ടാകും… അതിന് അനുസരിച്ചുള്ള ആരോഗ്യപ്രശ്നങ്ങളും…
അമിതമായി കഴിക്കുന്ന അന്നജം Triglyceride ആയി മാറി ശരീരത്തിൽ അടിഞ്ഞു കൂടുന്നു. ഇത് കാലക്രമേണ അമിതവണ്ണത്തിനും, ജീവിതശൈലീരോഗങ്ങൾക്കും ഇടയാക്കും..
ജീവിതശൈലീ രോഗങ്ങൾക്ക് മരുന്ന് കഴിച്ചാൽ, ജീവിത അവസാനം വരെ മരുന്ന് കഴിക്കണം.
എന്താണ് ഇതിനൊരു പരിഹാരം!!
എന്ത് കഴിക്കണം
ഫലമൂലാദികൾ, പച്ചക്കറികൾ, നട്സ്, വേവിക്കാത്ത ഭക്ഷണങ്ങൾ, പെട്ടെന്ന് ദഹിക്കുന്നവ എന്നിവയാണ് സത്വഗുണപ്രദാനമായ ഭക്ഷണം. ഇവ കഴിച്ചാൽ പൊതുവെ ശരീരവും മനസ്സും സത്വഗുണ പ്രകൃതത്തിലേക്ക് മാറുമത്രെ. ഭക്ഷണം കഴിക്കുന്നതിനു മുമ്പ് ആ ഭക്ഷണം നല്ലതാണോ എന്ന് കണ്ണുകളും (പാകമായതാണോ, കേടായതാണോ, നിറം) മൂക്കും (ദുർഗന്ധമുണ്ടോ, പഴകിയതാണോ) നാവും (വളിച്ചതാണോ, കൂടുതൽ എരിവോ ചവർപ്പോ ഉള്ളതാണോ) കൈകളും (കൂടുതൽ തണുത്തതോ ചൂടുള്ളതോ ആണോ) പരിശോധിക്കണം. അതിനും കൂടി ആണ് വായയിൽ നാക്കും തൊട്ടു മുകളിൽ മൂക്കും തൊട്ടു മുകളിൽ കണ്ണുകളും തന്നിരിക്കുന്നത്.
എത്ര കഴിക്കണം
കൂടുതൽ ഭക്ഷണം കഴിച്ചാൽ കൂടുതൽ ആരോഗ്യമുണ്ടാവും എന്ന ധാരണ തെറ്റാണ്. രണ്ടു കയ്യും ചേർത്ത് വെച്ചാൽ അതിൽ കൊള്ളുന്ന ഭക്ഷണമാണ് അയാളുടെ ഒരു നേരത്തെ ഭക്ഷണം. അപ്പോൾ പ്രായത്തിനനുസരിച്ച് കയ്യുടെ വലിപ്പത്തിലും വ്യത്യാസമുണ്ടാവും എന്നത് ശ്രദ്ധിക്കുമല്ലോ! ഉദാഹരണത്തിന് 2 വയസുള്ള ഒരു കുട്ടിക്ക് ആ ചെറിയ കയ്യിൽ കൊള്ളുന്ന ഭക്ഷണമേ ഒരു നേരത്തേക്ക് ആവശ്യമുള്ളൂ എന്നർത്ഥം. അത് തന്നെ 2 നേരമോ മൂന്ന് നേരമോ ആയി കഴിക്കണം. അതേപോലെ എപ്പോൾ വയറു നിറഞ്ഞു എന്ന് തോന്നിയാലും വീണ്ടും ഭക്ഷണം കഴിക്കരുത്.
എപ്പോൾ കഴിക്കണം
വിശക്കുമ്പോൾ മാത്രമാണ് ഭക്ഷണം കഴിക്കേണ്ടത് എന്നാണ് നിയമം. നിങ്ങളുടെ ശരീരത്തിന് ഭക്ഷണം ആവശ്യമുണ്ട് എന്നുള്ള സൂചനയാണ് വിശപ്പ്. രണ്ട് ഭക്ഷണങ്ങൾ തമ്മിലുള്ള ഇടവേള മിനിമം 4 മണിക്കൂറെങ്കിലും വേണം. അതുപോലെ വിശപ്പില്ലാത്തപ്പോഴും വായയ്ക്ക് രുചിയില്ലാത്തപ്പോഴും ശക്തമായ തൊണ്ടവേദന ഉള്ളപ്പോഴും ഭക്ഷണം കഴിക്കരുത്. ഇത് ഭക്ഷണം ദഹിപ്പിക്കാനുള്ള പ്രാണന്റെ ബുദ്ധിമുട്ടിനെ കാണിക്കുന്ന സൂചനയാണ്. ദിവസം ഒരു നേരം ഭക്ഷണം കഴിക്കുന്നവൻ യോഗിയും രണ്ട് നേരം ഭക്ഷണം കഴിക്കുന്നവൻ ഭോഗിയും 3 നേരം ഭക്ഷണം കഴിക്കുന്നവൻ രോഗിയും 4 നേരം ഭക്ഷണം കഴിക്കുന്നവൻ ദ്രോഹിയുമെന്നാണ് ‘മനീഷി’ കളുടെ അഭിപ്രായം. എന്നാലും ചെയ്യുന്ന ജോലിയുടെ അടിസ്ഥാനത്തിൽ ഓരോരുത്തരും ആവശ്യമുള്ള ഭക്ഷണം കഴിക്കുക. ഇടയ്ക്ക് രണ്ടാഴ്ചയിൽ ഒരു ദിവസം നോമ്പെടുക്കുന്നത് (ഉപവസിക്കുന്നതു) വളരെ നല്ലതാണ്. ശരീരം ഉറങ്ങുമ്പോൾ ആന്തരീകാവയവങ്ങൾക്കും വിശ്രമം ആവശ്യമുണ്ട്. അതിനാൽ ഉറങ്ങുന്നതിന് 3 മണിക്കൂർ മുമ്പെങ്കിലും ഭക്ഷണം കഴിച്ച് അവസാനിപ്പിച്ചിരിക്കണം. ഭക്ഷണം എപ്പോഴും വയറു നിറച്ചു കഴിക്കാതിരിക്കുക. നേരത്തെ ഉറങ്ങണം (ദിവസവും രാത്രി 10 മണിക്ക് മുൻപായി). അർദ്ധരാത്രി ഭക്ഷണം കഴിക്കരുത്.
എങ്ങിനെ കഴിക്കണം
നന്നായി ചവച്ചരച്ചാണ് ഭക്ഷണം കഴിക്കേണ്ടത്. ഭക്ഷണം കഴിക്കുന്നതിന്റെ 1 മണിക്കൂർ മുൻപോ അരമണിക്കൂർ ശേഷമോ വെള്ളം കുടിക്കാം. എന്നാൽ ഭക്ഷണത്തോടൊപ്പം വെള്ളം കുടിക്കരുത്.
ദൈവം മനുഷ്യ ശരീരത്തെ നിർമ്മിച്ചത് ഓടാനും ചാടാനും മരം കയറാനും അദ്ധ്വാനിക്കാനും നീന്താനും മലകയറുവാനുമൊക്കെയുള്ള സംവിധാനത്തിലാണ്. തായ്ച്ചി, കരാട്ടെ, യോഗ തുടങ്ങിയവ പരിശീലനം നേടുന്നത് ജീവിതശൈലീരോഗങ്ങൾ വരാതിരിക്കാനും കുറയാനും നല്ലതാണ്. എന്നാൽ ഇന്ന് നമ്മൾ ഇതൊന്നും ചെയ്യാത്തതിനാൽ ശരീരത്തിൽ മേദസ്സ് വർദ്ധിക്കുകയും കൊഴുപ്പ് അടിഞ്ഞുകൂടുകയും, അത് പലവിധ രോഗത്തിലേക്ക് നയിക്കുകയും ചെയ്യുന്നു.