ഹരിഹരനോടൊപ്പം ആദ്യ സിനിമാഗാനം രാധികാ അശോകിന്ചി ത്രയുടെ അഭിനന്ദനവും

0

റഹിം പനവൂർ

ജീവിത സ്വപ്നമായ സിനിമയിൽ ആദ്യ ഗാനം ആലപിച്ചത് ഹരിഹരനോടൊപ്പം.പിറന്നാൾ ദിനത്തിൽ ഗായിക കെ. എസ് ചിത്രയുടെ ആശംസയും അഭിനന്ദനവും.മറക്കാനാവാത്ത ഈ ഭാഗ്യങ്ങൾ ലഭിച്ച രാധികാ അശോകിന്റെ കണ്ണുകളിൽ സന്തോഷത്തിന്റെയും അഭിമാനത്തിന്റെയും തിളക്കം.പാലക്കാട് പട്ടാമ്പി സ്വദേശിനിയായ രാധിക സോഷ്യൽ മീഡിയയിൽ സജീവമാണ്. സ്മുളിൽ പാട്ടുകൾ പാടിയായിരുന്നു ഏറെ ശ്രദ്ധേയയാകുന്നത്.

ചെറുപ്പത്തിൽ യുവജനോത്സവ വേദികളിൽ ലളിത ഗാനമത്സരത്തിൽ സ്ഥിരമായി സമ്മാനം നേടിയിരുന്നു. ആറാം ക്ലാസ്സിൽ പഠി ച്ചപ്പോൾ നാട്ടിൽ തന്നെയുള്ള ഒരു ഗാനമേള ട്രൂപ്പിൽ സ്ഥിരമായി പാടിയിരുന്നു. ഏഴാം ക്ലാസ്സിലായപ്പോൾ ആകാശവാണിയുടെ തൃശ്ശൂർ നിലയത്തിൽ ബാലഗായക സംഘത്തിൽ ഇടo നേടി കുറേ പരിപാടികൾ അവതരിപ്പിച്ചു.12 വർഷത്തോളം സംഗീതം പഠിച്ചു. അന്നു തോന്നിയ മോഹം, സംഗീതത്തോടുള്ള താല്പര്യം. സിനിമയിൽ പാടിക്കണം എന്ന് രാധികയുടെ അമ്മ ജയശ്രീക്ക് വലിയ ആഗ്രഹമായിരുന്നു. അന്നു മുതലേ അതിനുള്ള ശ്രമങ്ങളെല്ലാം
നടത്തിയിരുന്നു..ഓരോ പരിപാടിക്കും വളരെ താല്പര്യത്തോടെയായിരുന്നു മകൾക്കൊപ്പം അമ്മ പോയിരുന്നത് .

അന്നു പത്രങ്ങളിൽ കണ്ട ഓരോ പരിപാടിയുടെയും ഓഡിഷന് പോകുമായിരുന്നു. ഏഴാം ക്ലാസ്സിൽ പഠിക്കുമ്പോൾ അഖില കേരള എഴുത്തച്ഛൻ സമാജത്തിൽ രാമായണ പാരായണത്തിൽ ഒന്നാം സ്ഥാനം നേടിയിരുന്നു .അന്നു പങ്കെടുത്തവരിൽ ഏറ്റവും ചെറിയ പ്രായക്കാരി രാധിക ആയിരുന്നു.സംഗീതവും പഠനവും കൂടെ കൊണ്ടുപോയപ്പോൾ കൂടുതൽ താല്പര്യം സംഗീതത്തോടായിരുന്നു. അന്നത്തെ വലിയൊരു സ്വപ്നം തൃപ്പൂണിത്തുറ ആർ എൽ വി കോളേജിൽ പഠിക്കണം എന്നതായിരുന്നു. പെട്ടെന്നായിരുന്നു അമ്മയുടെ മരണം. അമ്മ അധ്യാപിക ആയിരുന്നതിനാൽ ആ ജോലി രാധികയ്ക്ക് ഏറ്റെടുക്കേണ്ടി വന്നു. സംഗീത പഠനം പാതിവഴിയിൽ ഉപേക്ഷിക്കേണ്ടിവന്നു. സംഗീത കോളേജ് എന്ന സ്വപ്നവും.

15 വർഷത്തോളം സംഗീതരംഗത്തു നിന്നും വിട്ടുനിന്നു. പിന്നീട് കല്യാണം, കുട്ടികൾ, കുടുംബം,ജോലി.അപ്പോഴും സംഗീതത്തോടുള്ള അഭിനിവേശം മനസ്സിൽ വിടാതെ സൂക്ഷിച്ചു. കലയെ പ്രോത്സാഹിപ്പിക്കുന്ന ഭർത്താവിനെ കിട്ടിയത് രാധികയ്ക്ക് സഹായകമായി. ഉപേക്ഷിച്ച സംഗീതത്തെ തിരികെ കൊണ്ടുവരണം എന്നത് ഭർത്താവിന്റെ തീരുമാനമായിരുന്നു. അങ്ങനെ സംഗീതത്തിൽ വീണ്ടും സജീവമാകൻ തീരുമാനിച്ചു. സോഷ്യൽ മീഡിയയിൽ പാട്ടുകൾ പോസ്റ്റ്‌ ചെയ്യാൻ തുടങ്ങി. ആദ്യം തന്നെ നല്ല പ്രതികരണമാണ് ലഭിച്ചത്.എസ്.ജാനകിയുടെ പാട്ടുകൾ ആണ് കൂടുതലും പാടിയത്. രാധിക അശോകിന്റെ പാട്ടുകൾ ഇഷ്ടപ്പെട്ടവർ ജൂനിയർ ജാനകി എന്ന് വിളിച്ചു. ആദ്യം ഈ രംഗത്തേക്ക് കൈപിടിച്ചുയർത്തിയത് സംഗീത സംവിധായകൻ ബി . രാജഗോപാൽ ആയിരുന്നു.

അദ്ദേഹത്തിന്റെ ‘രാഗ യമുന’, ‘വിപഞ്ചിക’ തുടങ്ങിയ ആൽബങ്ങളിൽ പാടിയായിരുന്നു സ്റ്റുഡിയോ റെക്കോർഡിംഗ് എന്ന സ്വപ്നം സാക്ഷാത്കരിച്ചത്.
മോഹൻലാലിന്റെ പിറന്നാൾ ദിനത്തിൽ ഫേസ്ബുക്കിൽ പോസ്റ്റ്‌ ചെയ്ത ഗാനം വഴിത്തിരിവായി. പുലിമുരുകൻ എന്ന സിനിമയിൽ വാണിജയറാം പാടിയ “മാനത്തെ മാരി കുറുമ്പേ ” എന്ന ഗാനമാണ് പോസ്റ്റ്‌ ചെയ്തത്. ഈ ഗാനം സംഗീതസംവിധായകൻ സ്റ്റിൽജു അർജുന്റെ ശ്രദ്ധയിൽപ്പെട്ടു.രാധികയുടെ ആലാപനം ഇഷ്ടപ്പെട്ട അദ്ദേഹം
കെ. ജി. വിജയകുമാർ സംവിധാനം ചെയ്യുന്ന ദയാഭാരതി എന്ന സിനിമയിൽ പാടാൻ അവസരം നൽകി . ഇന്ത്യൻ സംഗീത മാന്ത്രികൻ ഹരിഹരനോടൊപ്പമാണ് രാധിക തന്റെ ആദ്യ ഗാനം ആലപിച്ചത്. “ഇരുളാറ്റിയൊരീ മലമേട്ടിൽ…” എന്നു തുടങ്ങുന്ന ഈ ഗാനത്തിന്റെ രചന നിർവഹിച്ചത് ജയൻ തൊടുപുഴ ആണ്.
കൈലാഷ്, അപ്പാനി ശരത്, മിയ ജോർജ് തുടങ്ങിയ പ്രമുഖ താരങ്ങൾ ദയാഭാരതിയിൽ കഥാപാത്രങ്ങളാകുന്നുണ്ട്.
മലയാള സിനിമയിലേയ്ക്കുള്ള രാധികയുടെ അരങ്ങേറ്റം അങ്ങനെയായിരുന്നു.അതിനു ശേഷം സംഗീതജീവിതത്തിൽ ഒരുപാട് മാറ്റങ്ങൾ ഉണ്ടായി എന്ന് ഗായിക പറയുന്നു.

7 ആൽബങ്ങളിൽ ഇതിനോടകം ഗാനങ്ങൾ ആലപിച്ചു.. നിരവധി ലൈവ് പ്രോഗ്രാമുകൾ സോഷ്യൽ മീഡിയയിൽ അവതരിപ്പിക്കുന്നുണ്ട് . ഫേസ്ബുക്കിലും ഇൻസ്റ്റഗ്രാമിലും നിരവധി പേർ ഗായികയെ ഫോളോ ചെയ്യുന്നുണ്ട്. മധു ബാലകൃഷ്ണൻ, ബിജു നാരായണൻ എന്നിവർക്കൊപ്പം ഗാനങ്ങൾ ആലപിച്ചു.ബിജു നാരായണനോടൊപ്പം ആലപിച്ച അവൾ എന്ന ആൽബത്തിലെ ഗാനം പ്രേക്ഷകർ ഏറ്റെടുത്തു.കലേഷ് പനമ്പയിൽ രചിച്ച ” വിഷാദമായി സന്ധ്യ മയങ്ങി… ” എന്നു തുടങ്ങുന്ന ആ ഗാനം പുതിയൊരു ഭാഗ്യം കൂടി കൊണ്ടു വന്നതിന്റെ സന്തോഷത്തിലാണ് ഗായിക.

അതീവ ഹൃദ്യമായ ആ ഗാനം കേട്ട സംഗീത സംവിധായകൻ ജോസ്
കടവിൽ, ജി. വേണുഗോപാലിന്റെ കൂടെ ഒരു ഗാനം പാടാൻ അവസരം നൽകി. നീണ്ട ഇടവേളയ്ക്കു ശേഷം വേണുഗോപാൽ പാടുന്ന ആൽബം ഗാനം എന്നൊരു പ്രത്യേകതയുമുണ്ട്. നിസാമുദീൻ ആണ് ഗാനരചന നിർവഹിച്ചത്.
ഏഴു വർണ്ണമീ പ്രണയം ആണ് രാധിക പാടിയ മറ്റൊരു വീഡിയോ ആൽബം. പ്രദീപ് എൽ. ഷാദ്ദായ് സംവിധാനം ചെയ്ത ഈ ആൽബത്തിന്റെ ഗാനരചന നിർവഹിച്ചത് നാസിർ കെ ചെലാരും സംഗീത സംവിധാനം നിർവഹിച്ചത് സുനിൽ ഭാസ്കറും ആണ്.
രാധികയുടെ പിറന്നാൾ ദിനത്തിൽ
ഗായിക കെ. എസ്. ചിത്ര വീഡിയോ കാളിൽ എത്തി ആശംസയും അഭിനന്ദനവും അറിയിച്ചത് ജീവിതത്തിലെ വലിയ ഒരു ഭാഗ്യമാണെന്ന് ഈ യുവഗായിക പറയുന്നു.കൈവന്ന എല്ലാ ഭാഗ്യങ്ങൾക്കും ദൈവത്തോടും തന്റെ രക്ഷിതാക്കളോടും ഭർത്താവിനോടും കടപ്പെട്ടിരിക്കുന്നുവെന്ന് ഗായിക പറയുന്നു. സോഷ്യൽ മീഡിയയിൽ കിട്ടുന്ന പിന്തുണയ്ക്ക് ഈ നേട്ടങ്ങൾ കൂടി കാരണമാണെന്നും രാധിക വിശ്വസിക്കുന്നു. കലയോടുള്ള അഭിനിവേശം വിടാതെ മുറുകെ പിടിക്കുന്നവർക്ക് എന്നായാലും അതിനു അംഗീകാരം ലഭിക്കുമെന്ന് ഈ ഗായിക ഉറച്ചു വിശ്വസിക്കുന്നു.


മാലിദ്വീപിലാണ് രാധികയും കുടുംബവും ഇപ്പോൾ താമസിക്കുന്നത്. രാധികയുടെ ഭർത്താവ് അശോക് അവിടെയുള്ള സ്കൂളിലെ
അധ്യാപകനാണ്.മക്കളായ നിരഞ്ജൻ കൃഷ്ണ അഞ്ചാം ക്ലാസ്സിലും ഗൗതം കൃഷ്ണ ഒന്നാം ക്ലാസ്സിലും പഠിക്കുന്നു

റഹിം പനവൂർ
ഫോൺ : 9946584007

You might also like

Leave A Reply

Your email address will not be published.