സമാധാനാന്തരീക്ഷം ചുട്ടുചാമ്ബലാക്കി മണിപ്പൂരില്‍ കത്തിയാളുന്നത് സാമുദായിക വിദ്വേഷം

0

കണ്ടാലുടന്‍ വെടിവെക്കാന്‍ സൈന്യത്തിന് നിര്‍ദേശം നല്‍കേണ്ടി വന്ന സാഹചര്യത്തിലേക്ക് മണിപ്പൂരിനെ നയിച്ചതില്‍ ഭരണകക്ഷിയായ ബി.ജെ.പി പ്രതിക്കൂട്ടില്‍.സംസ്ഥാനത്ത് പ്രബലമായ മെയ്തേയി വിഭാഗക്കാര്‍ക്ക് പട്ടികവര്‍ഗ പദവി നല്‍കണമെന്നും പറ്റില്ലെന്നുമുള്ള ഏറ്റുമുട്ടലാണ് മണിപ്പൂരിനെ പോരാട്ട ഭൂമിയാക്കി മാറ്റിയത്. മെയ്തേയി വിഭാഗക്കാര്‍ക്ക് പട്ടികവര്‍ഗ പദവി വേണമെന്ന ആവശ്യം നേരത്തെ തന്നെയുണ്ട്. എന്നാല്‍ അതൊരു ഏറ്റുമുട്ടല്‍ വിഷയമായി മാറിയത് മറ്റു സാമുദായിക സംഘര്‍ഷങ്ങള്‍ കൊണ്ടു കൂടിയാണ്.മണിപ്പൂരിന്‍റെ 10 ശതമാനം മാത്രം താഴ്വാര പ്രദേശവും ബാക്കി 90 ശതമാനവും പര്‍വത മേഖലകളുമാണ്. ജനസംഖ്യയില്‍ ഭൂരിപക്ഷം വരുന്നവരാണ് മെയ്തേയി വിഭാഗക്കാര്‍. ജനസംഖ്യയുടെ മൂന്നിലൊന്നും താഴ്വരയിലാണ്. മെയ്തേയി വിഭാഗക്കാരാണ് താഴ്വരയില്‍ ഏറിയ പങ്കും.സംസ്ഥാന നിയമസഭയിലെ 60 സീറ്റില്‍ 40ഉം താഴ്വാര മേഖലകളിലാണ്. അതുകൊണ്ട് ഭരണനിയന്ത്രണവും അവര്‍ക്കു തന്നെ. ഇവര്‍ക്ക് പട്ടികവര്‍ഗ പദവി നല്‍കുന്നത് പരിഗണിക്കണമെന്നും നാലാഴ്ചക്കകം കേന്ദ്രസര്‍ക്കാറിന് റിപ്പോര്‍ട്ട് നല്‍കണമെന്നും കഴിഞ്ഞ മാസം ഹൈകോടതി സിംഗിള്‍ ബെഞ്ച് നല്‍കിയ ഉത്തരവും അനന്തര നീക്കങ്ങളും നാഗ, കുകി ഗോത്രവര്‍ഗക്കാരെ രോഷാകുലരാക്കി.പര്‍വത മേഖലയിലെ കഠിന ജീവിത സാഹചര്യങ്ങളില്‍ കഴിയുന്ന ഗോത്രവര്‍ഗക്കാരുടെ സംവരണാനുകൂല്യങ്ങള്‍ നഷ്ടപ്പെടുമെന്ന് വന്നതോടെയാണ് അവിടങ്ങളില്‍ കഴിയുന്നവരുടെ രോഷം തിളച്ചു മറിഞ്ഞത്. ഇതിനൊപ്പം മറ്റൊരു വിഷയം കൂടി കത്തുകയാണ്.മ്യാന്‍മറില്‍ നിന്നും ബംഗ്ലാദേശില്‍ നിന്നുമുള്ള അനധികൃത കുടിയേറ്റക്കാര്‍ താഴ്വാര പ്രദേശം കൈയടക്കാന്‍ ശ്രമിക്കുന്നുവെന്ന ആരോപണവും, ഇത്തരം മേഖലകളില്‍ ഒഴിപ്പിക്കലിന് സര്‍ക്കാര്‍ മുന്നിട്ടിറങ്ങിയതും സാമുദായിക ചേരിതിരിവുകള്‍ വര്‍ധിപ്പിച്ചു. ഇത് എരിതീയില്‍ എണ്ണയായി.ചോര ചിന്തി രണ്ടു കൂട്ടരും ഏറ്റുമുട്ടല്‍ നടത്തുന്നതിനിടയില്‍, ജാഗ്രതയോടെ വിഷയം കൈകാര്യം ചെയ്യാതിരുന്ന കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ നടപടി ചോദ്യം ചെയ്യപ്പെടുകയാണ്. മണിപ്പൂരിലെ തീയണക്കാന്‍ ശ്രദ്ധിക്കേണ്ട പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയും എല്ലാം മറന്ന് കര്‍ണാടക തെരഞ്ഞെടുപ്പു പ്രചാരണത്തിന് പറന്നത് കാര്യങ്ങള്‍ കൂടുതല്‍ വഷളാക്കിയെന്ന ആരോപണവും ഉയര്‍ന്നു.ബി.ജെ.പി അധികാരത്തില്‍ വന്ന് 15 മാസങ്ങള്‍ക്കകം സംസ്ഥാനത്തെ ഇത്തരത്തില്‍ സാമുദായിക സംഘര്‍ഷത്തിലേക്ക് നയിച്ചുവെന്നും വോട്ടുരാഷ്ട്രീയക്കളി നടത്തുകയാണെന്നും കോണ്‍ഗ്രസും മറ്റു പാര്‍ട്ടികളും കുറ്റപ്പെടുത്തി. അധികാരം നിലനിര്‍ത്തുന്നതിന് സാമുദായിക ധ്രുവീകരണ അജണ്ട നടപ്പാക്കുകയാണ് ചെയ്യുന്നതെന്ന് കോണ്‍ഗ്രസ് വക്താവ് ജയ്റാം രമേശ് പറഞ്ഞു

You might also like

Leave A Reply

Your email address will not be published.