ഇലോണ്‍ മസ്‌കിന്റെ സ്ഥാപനത്തിന് അമേരിക്കയില്‍ മനുഷ്യരില്‍ പരീക്ഷണം നടത്താന്‍ അനുമതി. യുഎസ് ഫുഡ് ആന്‍ഡ് ഡ്രഗ്‌സ് അഡ്മിനിസ്‌ട്രേഷനാണ് (എഫ്ഡിഎ) ന്യൂറലിങ്കിന് മനുഷ്യരിലെ പരീക്ഷണത്തിന് അനുമതി നല്‍കിയിരിക്കുന്നത്. കംപ്യൂട്ടറിനെ ചിപ്പ് വഴി മനുഷ്യ മസ്തിഷ്‌കവുമായി നേരിട്ട് ബന്ധിപ്പിച്ച് ശരീരം തളര്‍ന്നവര്‍ക്കും കാഴ്ച നഷ്ടമായവര്‍ക്കുമെല്ലാം പരിമിതികളെ മറികടക്കാന്‍ സാധിക്കുമെന്നാണ് ന്യൂറലിങ്ക് നല്‍കുന്ന വാഗ്ദാനം. അനുമതി ലഭിച്ചെങ്കിലും ഉടന്‍ മനുഷ്യരിലെ പരീക്ഷണം ന്യൂറലിങ്ക് ആരംഭിച്ചേക്കില്ലെന്നാണ് ബിബിസി റിപ്പോര്‍ട്ടു ചെയ്യുന്നത്.സുരക്ഷാ കാരണങ്ങള്‍ ചൂണ്ടിക്കാണിച്ച് നേരത്തേ മനുഷ്യ മസ്തിഷ്‌കത്തിലെ ചിപ്പ് പരീക്ഷണത്തിന് എഫ്ഡിഎ അനുമതി നിഷേധിച്ചുവെന്ന് വാര്‍ത്താ ഏജന്‍സി റോയിട്ടേഴ്‌സ് കഴിഞ്ഞ മാര്‍ച്ചില്‍ റിപ്പോര്‍ട്ടു ചെയ്തിരുന്നു. മൊബൈല്‍ സാങ്കേതികവിദ്യയുടേയും കംപ്യൂട്ടറിന്റേയും സഹായത്തില്‍ ശരീരം തളര്‍ന്നവരേയും കാഴ്ച നഷ്ടമായവരേയുമൊക്കെ സഹായിക്കാന്‍ ന്യൂറലിങ്ക് ചിപ്പുകള്‍ക്ക് സാധിക്കും. മസ്തിഷ്‌കത്തില്‍ ഘടിപ്പിച്ച ചിപ്പുകളിലേക്ക് കംപ്യൂട്ടറില്‍ നിന്നും ബ്ലൂടൂത്ത് വഴി വിവരങ്ങള്‍ കൈമാറ്റം ചെയ്യുന്നതില്‍ കുരങ്ങുകളില്‍ നടത്തിയ പരീക്ഷണം വിജയിച്ചിരുന്നു.കുരങ്ങുകളില്‍ വിജയിച്ചെങ്കിലും മനുഷ്യരിലേക്ക് പരീക്ഷണം വ്യാപിപ്പിക്കുന്നതിന് സാങ്കേതികമായും ധാര്‍മികമായുമുള്ള നിരവധി വെല്ലുവിളികളുണ്ടെന്ന് വിദഗ്ധരുടെ മുന്നറിയിപ്പുണ്ട്. സാങ്കേതികവിദ്യകൊണ്ട് മനുഷ്യരെ സഹായിക്കുകയെന്ന ലക്ഷ്യത്തിലേക്ക് അടിവെച്ച് മുന്നേറുകയാണെന്ന് ന്യൂറലിങ്കിന് മനുഷ്യരില്‍ പരീക്ഷണത്തിനുള്ള അനുമതി ലഭിച്ച വിവരം പങ്കുവെച്ചുള്ള ട്വീറ്റില്‍ ഇലോണ്‍ മസ്‌ക് പറഞ്ഞു. മനുഷ്യരിലെ പരീക്ഷണം സംബന്ധിച്ച ഭാവി പരിപാടികള്‍ വൈകാതെ അറിയിക്കുമെന്നും മസ്‌ക് വ്യക്തമാക്കിയിട്ടുണ്ട്.
2016ലാണ് ഇലോണ്‍ മസ്‌ക് ന്യൂറലിങ്ക് സ്ഥാപിക്കുന്നത്. വലിയ സ്വപ്‌നങ്ങളെ ഇപ്പോള്‍ നടക്കുമെന്ന രീതിയില്‍ അവതരിപ്പിക്കുന്ന മസ്‌ക് ശൈലി ന്യൂറലിങ്കിന്റെ കാര്യത്തിലും നടന്നിരുന്നു. മനുഷ്യരില്‍ 2020 ആകുമ്പോഴേക്കും ചിപ്പ് പരീക്ഷണം ആരംഭിക്കുമെന്നാണ് ആദ്യം മസ്‌ക് പ്രഖ്യാപിച്ചിരുന്നത്. പിന്നീടിത് 2022ലേക്കു നീട്ടി. പരീക്ഷണങ്ങളുടെ പേരില്‍ മൃഗങ്ങളെ പീഡിപ്പിക്കുന്നുവെന്ന പരാതിയില്‍ അന്വേഷണം വന്നതോടെ ചിപ്പ് ഘടിപ്പിക്കല്‍ പിന്നെയും നീണ്ടു.
ന്യൂറലിങ്കിന് സമാനമായ പരീക്ഷണങ്ങള്‍ ലോകത്ത് പലയിടത്തും നടക്കുന്നുണ്ട്. അടുത്തിടെയാണ് ശരീരം തളര്‍ന്ന ഒരു യുവാവിന് ചിന്തകളുടെ സഹായത്തില്‍ ശരീരത്തെ നിയന്ത്രിച്ച് സ്വയം നടക്കാനാവുമെന്ന് സ്വിസ് ഗവേഷകര്‍ തെളിയിച്ചത്. നെതര്‍ലൻഡുകാരനായ യുവാവിന്റെ കാലിലേക്കും പാദങ്ങളിലേക്കും നടക്കാനുള്ള സിഗ്നലുകള്‍ അയച്ചുകൊണ്ടാണ് ഇത് സാധ്യമാക്കിയത്.