ഗ്രേസ് മാര്‍ക്കില്ലാതെ തന്നെ സാരംഗ് എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയതായി വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു.ഫലപ്രഖ്യാപനത്തിന് ശേഷം പ്രത്യേകമായി സാരംഗിന്റെ ഫലം പ്രഖ്യാപിക്കുകയായിരുന്നു അദ്ദേഹം.തിരുവനന്തപുരം ആറ്റിങ്ങല്‍ ബോയ്‌സ് സ്‌കൂളിലെ വിദ്യാര്‍ത്ഥിയായിരുന്നു ബിആര്‍ സാരംഗ്. വാഹനപകടത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയവേയാണ് മരണത്തിന് കീഴടങ്ങിയത്. മസ്തിഷ്‌ക മരണമടഞ്ഞ സാരംഗ് ആറ് പേര്‍ക്കാണ് പുതുജീവന്‍ നല്‍കിയത്. സാരംഗിന്റെ കണ്ണുകള്‍, കരള്‍, ഹൃദയം, മജ്ജ തുടങ്ങിയ അവയവങ്ങളാണ് ദാനം ചെയ്യുന്നത്.കരവാരം വഞ്ചിയൂര്‍ നടക്കാപറമ്ബ് നികുഞ്ജത്തില്‍ ബിനീഷ് കുമാറിന്റെയും രജനിയുടെയും മകനായ സാരംഗ് കഴിഞ്ഞ ആറിന് വൈകുന്നേരം മൂന്നിന് അമ്മയോടൊപ്പം ഓട്ടോറിക്ഷയില്‍ സഞ്ചരിക്കുമ്ബോഴായിരുന്നു അപകടം. തോട്ടക്കാട് കുന്നത്തുകോണം പാലത്തിന് സമീപത്ത് വെച്ചായിരുന്നു അപകടമുണ്ടായത്. മറ്റൊരു വാഹനത്തിന് സൈഡ് കൊടുക്കുമ്ബോള്‍ നിയന്ത്രണം വിട്ട ഓട്ടോറിക്ഷ വൈദ്യുത തൂണിലിടിച്ച് റോഡില്‍ മറിയുകയായിരുന്നു. ഓട്ടോറിക്ഷയില്‍ നിന്ന് തെറിച്ച് വീണ സാരംഗിന്റെ തലയ്‌ക്ക ഗുരുതരമായി പരിക്കേറ്റിരുന്നു. തുടര്‍ന്ന് തിരുവനന്തപുരത്തെ സ്വകാര്യശുപത്രിയില്‍ ചികിത്സയില്‍ കഴിയവേയായിരുന്നു അന്ത്യം. തുടര്‍ന്ന് ബുധനാഴ്ചയോടെ മസ്തിഷ്‌ക മരണം സ്ഥിരീകരിച്ചു.കേരള ബ്ലാസ്‌റ്റേഴ്‌സ് ആറ്റിങ്ങല്‍ മാമത്ത് നടക്കുന്ന ഫുട്‌ബോള്‍ പരിശീലനത്തില്‍ പങ്കെടുക്കുകയായിരുന്നു സാരംഗിന് ഫുട്‌ബോള്‍ താരമാകാനായിരുന്നു ആഗ്രഹം. ആശുപത്രിയില്‍ കഴിയവേ കളിക്കാനുള്ള ബൂട്ട് വാങ്ങണമെന്ന ആഗ്രഹം സാരംഗ് പങ്കുവെച്ചത് എല്ലാവര്‍ക്കും നോവായിരുന്നു. ഇതിന് പിന്നാലെയായിരുന്നു അന്ത്യം. ഉന്നത വിജയം കൈവരിച്ചതിന്റെ സന്തോഷം ആഘോഷിക്കാന്‍ സാരംഗ് ഇല്ലെന്ന ദുഃഖത്തിലാണ് കുടുംബവും നാട്ടുകാരും കൂട്ടുകാരും .