ശവ്വാൽ ഒന്ന് ? 20.04.2023 വ്യാഴാഴ്ച സൂര്യാസ്തമനത്തിന് ശേഷം കേരളത്തിൽ പുതു ചന്ദ്രന്റെ സാന്നിദ്ധ്യം 15 മിനിറ്റ് ഉണ്ടായിരിക്കുന്നതാണ്
പ്രമുഖ മത സംഘടനകൾ പുറത്തിറക്കിയിട്ടുള്ള കലണ്ടറുകളിൽ ഇത് രേഖപ്പെടുത്തിയിട്ടു മുണ്ട്. ആയതിനാൽ ഏപ്രിൽ 21 വെള്ളിയാഴ്ച ശവ്വാൽ ഒന്നാണ്. ശവ്വാൽ ഒന്നിനാണ് ഈദുൽ ഫിത്ർ ആഘോഷിക്കേണ്ടത്
മാസപ്പിറവി അറിയാനാണ് ചന്ദ്ര ദർശനം അന്വേഷിക്കേണ്ടത്. അല്ലാതെ അതൊരു ആചാരമല്ല.
ഹദീസുകളുടെ അക്ഷര വായന നടത്തുന്നവർക്ക് അതിലെ ആശയം മനസ്സിലാകണമെന്നില്ല. ഉദാഹരണത്തിന് നബി (സ) പറഞ്ഞു ഞാൻ നമസ്കരിക്കുന്നത് എപ്രകാരമാണെന്ന് നിങ്ങൾ കണ്ടോ അപ്രകാരം നിങ്ങൾ നമസ്കരിക്കുക എന്ന ഹദീസിൽ അക്ഷര വായന നടത്തിയാൽ നബി (സ) നമസ്കരിച്ചത് കണ്ടവർക്ക് മാത്രമേ നമസ്കാരം എങ്ങിനെ നിർവഹിക്കണമെന്ന് അറിയാൻ കഴിയുകയുള്ളു. മറിച്ച് നബി (സ) എപ്രകാരമാണ് നമസ്കരിച്ചിരുന്നത് എന്ന് മനസ്സിലാക്കി അപ്രകാരം നാം നമസ്കരിക്കുക എന്നതാണ് ആ ഹദീസിലെ ആശയം എന്ന് മനസ്സിലാക്കാൻ സാമാന്യ ബുദ്ധി മതി. അതു പോലെ, മാസപ്പിറവി അറിയലാണ് പ്രധാനം അല്ലാതെ കാണലല്ല എന്ന് ഇതുമായി ബന്ധപ്പെട്ട ഹദീസുകൾ പരിശോധിച്ചാൽ ബോധ്യമാകും.
പെരുന്നാൾ ദിവസം നോമ്പ് നോല്ക്കുന്നത് ഹറാമാണ്. ശാസ്ത്ര ബോധമില്ലാത്ത പുരോഹിതന്മാർ ഒരു പക്ഷേ പെരുന്നാൾ മാറ്റുകയാണെങ്കിൽ നിങ്ങൾ പെരുന്നാൾ ആഘോഷിച്ചില്ലെങ്കിലും വെള്ളിയാഴ്ച നോമ്പ് എടുക്കാതിരിയ്ക്കുക.
ഓരോ ഖാളിമാരും അവരുടെ ഇഷ്ടത്തിനൊത്ത് നോമ്പും പെരുന്നാളും പ്രഖ്യാപിച്ചിരുന്ന ഒരു കാലമുണ്ടായിരുന്നു. പിന്നീട് വടക്കൻ കേരളത്തിൽ ഇന്ന് മുസ്‌ലിംകൾ പെരുന്നാൾ ആഘോഷിക്കുന്നു തെക്കൻ കേരളത്തിൽ ഇന്ന് വിശ്വാസികൾ പെരുന്നാൾ ആഘോഷിക്കുന്നു. ഇങ്ങനെയുള്ള വാർത്തകൾ കുറേ വർഷം വന്നു കൊണ്ടിരുന്നു. നിരന്തരമായ പരിശ്രമത്തിലൂടെ അതിന് എന്തായാലും മാറ്റം വരുത്താൽ കഴിഞ്ഞു.
വീഡിയോ പിടിക്കുന്നത് ഹറാമാണെന്ന് ഫത് വ പുറപ്പെടുവിച്ച കൂട്ടർ ടി.വി ചാനലും യൂട്യൂബ് ചാനലുകളും ആരംഭിച്ചു. സമയം അറിയുന്നതിന് നിഴൽ നോക്കുന്നത് അവസാനിപ്പിച്ച് വാച്ച് നോക്കുന്നു. അത് പോലെ മാസപ്പിറവി മനസ്സിലാക്കുന്നതിനും ശാസ്ത്രീയ കണ്ടെത്തലുകളെ ആശ്രയിക്കുന്ന രീതി ഇവർ താമസിയാതെ പിന്തുടരും
ഇനി നഗ്ന നേത്രം കൊണ്ട് കാണണമെന്ന് വാശി പിടിക്കുന്നവർ, ലോകത്ത് എവിടെ കണ്ടാലും അത് അംഗീകരിക്കണമെന്ന മദ്ഹബിന്റെ ഇമാമുകളുടെ അഭിപ്രായമെങ്കിലും സ്വീകരിക്കുക
ശവ്വാൽ 1 ന്റെ ഹിലാൽ വ്യാഴാഴ്ച സൂര്യാസ്തമനത്തിന് ശേഷം 15 മിനിറ്റ് കേരളത്തിൽ നീണ്ടു നിലക്കും. ശവ്വാൽ രണ്ടിന്റെ ചന്ദ്രൻ വെള്ളിയാഴ്ച സൂര്യാസ്തമനത്തിന് ശേഷം ഒരു മണിക്കൂറും 8 മിനിറ്റുമാണ് കേരളത്തിൽ നീണ്ടു നില്ക്കുന്നത്. അത് വീട്ടുമുറ്റത്ത് നിന്ന് തന്നെ നോക്കിക്കാണാവുന്നതാണ്. എന്നിട്ട് ശവ്വാൽ രണ്ട് ശനിയാഴ്ച, ശവ്വാൽ ഒന്ന് ആയി സങ്കല്പിച്ച് പെരുന്നാൾ നമസ്കരിക്കുന്നത് എന്ത് അബദ്ധമാണ് ?
ആലപ്പുഴയിൽ കണ്ട ചന്ദ്രപ്പിറവി കൊല്ലത്ത് ബാധകമല്ല എന്ന് പറഞ്ഞിരുന്നവർക്ക് ഈ റമദാനിൽ കോഴിക്കോട് കണ്ട (?) മാസപ്പിറവി ബാധകമായതിന്റെ പ്രമാണവും യുക്തിയും എന്താണ് ?
എന്തായാലും ഇവരിൽ നിന്ന് മതം മതം പഠിക്കുന്നതിനെ കുറിച്ച് ആലോചിക്കുക നമുക്ക് നാളെ ദുഖിക്കേണ്ടി വരില്ല.
നോമ്പും പെരുന്നാൾ നമസ്കാരവും ഉൾപ്പെടെയുള്ള അനുഷ്ഠാനങ്ങൾ എല്ലാം യഥാസമയങ്ങളിൽ തന്നെ നിർവ്വഹിക്കാൻ നാം ശ്രദ്ധ ചെലുത്തുക.
ആൾക്കൂട്ടമല്ല ആദർശമാണ് നമുക്ക് നാളെ പരലോകത്ത് പ്രയോജനം ചെയ്യുന്നത് എന്ന സത്യം മനസ്സിലാക്കുക
ഇത് എൻ്റെ വ്യക്തിപരമായ അഭിപ്രായമാണ്, സംഘടനയുടെ അഭിപ്രായമല്ല,
എം.എച്ച്. സുധീർ 9747541516. (ജനറൽ സെക്രട്ടറി) മുസ്ലിം ജമാഅത്ത് കൗൺസിൽ