ഇംഗ്ലീഷ് സ്വപ്നങ്ങള്‍ തകര്‍ത്തെറിഞ്ഞ് ഫ്രഞ്ചുപട

0

ഇരുവശങ്ങളിലും ഗോളിമാര്‍ നന്നായി വിയര്‍ത്ത ആവേശപ്പോരില്‍ ഒന്നിനെതിരെ രണ്ടു ഗോള്‍ ജയവുമായാണ് ഫ്രാന്‍സ് കിരീടത്തിലേക്ക് ഒരു ചുവടു കൂടി അടുത്തത്. സെമിയില്‍ ഖത്തര്‍ ലോകകപ്പിലെ കറുത്ത കുതിരകളായ മൊറോക്കോയാണ് ഫ്രാന്‍സിന് എതിരാളി. ഷൂമേനിയും ജിറൂദും ഫ്രാന്‍സിനായി ഗോള്‍ നേടിയപ്പോള്‍ പെനാല്‍റ്റി വലയിലെത്തിച്ച്‌ ഹാരി കെയിനാണ് ഇംഗ്ലണ്ടിന്റെ ആശ്വാസ ഗോള്‍ കുറിച്ചത്. നിര്‍ണായക ഘട്ടത്തില്‍ ഒരു പെനാല്‍റ്റി ഗാലറിയിലേക്ക് അടിച്ച്‌ കെയിന്‍ ടീമിന്റെ ദുരന്തനായകനുമായി.

ജിറൂദിനെ ഏറ്റവും മുന്നിലും ഡെംബലെ, ഗ്രീസ്മാന്‍, എംബാപ്പെ എന്നിവരെ തൊട്ടുപിറകിലും അണിനിരത്തിയായിരുന്നു ഫ്രഞ്ച് മുന്നേറ്റം കളി തുടങ്ങിയത്. മധ്യനിരയില്‍ ചൂമേനി, റാബിയോ എന്നിവര്‍ അണിനിരന്നപ്പോള്‍ കൂണ്ടേ, വരാനെ, ഉപമികാനോ, ഹെര്‍ണാണ്ടസ് എന്നിവര്‍ പ്രതിരോധത്തിലും എത്തി. മറുവശത്ത്, കെയിന്‍, സാക, ഫോഡന്‍ എന്നിവരെ കേന്ദ്രീകരിച്ചായിരുന്നു ഇംഗ്ലീഷ് ആക്രമണം. ഹെന്‍ഡേഴ്സണ്‍, റൈസ്, ബെല്ലിങ്ങാം എന്നിവര്‍ മധ്യനിരക്ക് കരുത്തുപകര്‍ന്നപ്പോള്‍ വാക്കര്‍, സ്റ്റോണ്‍സ്, മഗ്വയര്‍, ഷാ എന്നിവര്‍ വല കാത്തും നിലയുറപ്പിച്ചു.

പുല്‍പ്പരപ്പുകളെ അതിവേഗം കൊണ്ട് തീപിടിപ്പിച്ച ആവേശപ്പോരില്‍ തുടക്കത്തിലേ ലീഡ് പിടിച്ച്‌ ഫ്രാന്‍സ് വരവറിയിച്ചു. കിലിയന്‍ എംബാപ്പെ, അന്റോണിയോ ഗ്രീസ്മാന്‍ എന്നിവര്‍ ചേര്‍ന്ന് അപകടങ്ങളേറെ തീര്‍ത്ത ഇംഗ്ലീഷ് കളിമുറ്റത്ത് അത്രയേറെ ഗോള്‍സാധ്യത തോന്നിക്കാത്ത നിമിഷത്തിലായിരുന്നു അത് സംഭവിച്ചത്. കളിയുടെ 10ാം മിനിറ്റില്‍ ബോക്സില്‍ ഗ്രീസ്മാന്‍ പിറകിലേക്കു നല്‍കിയ പാസ് സ്വീകരിച്ച ഷൂമേനി ഒന്നുരണ്ട് ടച്ചില്‍ വെടിച്ചില്ല് കണക്കെ അടിച്ചുകയറ്റുകയായിരുന്നു. പ്രതിരോധം കാത്ത് രണ്ടു പേര്‍ മുന്നില്‍നില്‍ക്കെയായിരുന്നു മനോഹരമായ ഗോള്‍. നീണ്ടുചാടിയ ഗോളി പിക്ഫോഡിനും കാഴ്ചക്കാരനാകാനേ ആയുള്ളൂ.

അതോടെ, കളി കൊഴുപ്പിച്ച ഇംഗ്ലണ്ടിനു മുന്നിലും ഗോള്‍മുഖം തുറന്നുകിട്ടി. ഫ്രഞ്ച് ബോക്സില്‍ ഹാരി കെയിന്‍ നയിച്ച നീക്കങ്ങള്‍ പലതും അവസാന ലക്ഷ്യത്തിനരികെ നിര്‍ഭാഗ്യം വഴിമുടക്കി. മധ്യനിരയില്‍ കേന്ദ്രീകരിച്ചുനിന്ന പന്ത് ഇരുവശത്തേക്കും കയറിയിറങ്ങിയ ഘട്ടങ്ങളിലൊക്കെയും ഗോള്‍ എത്തുമെന്ന ആവേശത്തില്‍ ഗാലറി ഇളകി മറിഞ്ഞു. എന്നാല്‍, അപ്രതീക്ഷിത ഗോളിന് അതേ നാണയത്തില്‍ തിരിച്ചടിക്കാനുള്ള ഇംഗ്ലീഷ് മോഹങ്ങള്‍ ഫ്രഞ്ച് പ്രതിരോധം പണിപ്പെട്ട് തട്ടിയകറ്റി.

രണ്ടാം പകുതിയില്‍ പക്ഷേ, കണക്കുകൂട്ടലുകള്‍ കുറെക്കൂടി കൃത്യമാക്കിയാണ് ഇംഗ്ലീഷ് പട മൈതാനത്തെത്തിയത്. അല്‍ബൈത് മൈതാനത്തെ ആവേശത്തേരിലേറ്റിയ മനോഹര നീക്കങ്ങളുമായി ഇംഗ്ലണ്ടുകാര്‍ നിറഞ്ഞാടിയതോടെ ഏതു നിമിഷവും ഗോള്‍വീഴുമെന്നായി. 48ാം മിനിറ്റിലെ സുവര്‍ണ നീക്കം ഫ്രഞ്ച് ഗോളി ലോറിസ് പണിപ്പെട്ട് തട്ടിയകറ്റി. പിന്നാലെ വന്ന കോര്‍ണറും ലോറിസിന്റെ കൈപിടിയിലൊതുങ്ങി. എന്നാല്‍, വൈകാതെ ഹാരി കെയിനിനെ വീഴ്ത്തിയതിനു ലഭിച്ച പെനാല്‍റ്റി കെയിന്‍ തന്നെ അനായാസം വലയിലെത്തിച്ചതോടെ സ്കോര്‍ തുല്യം- 1-1.ഗോള്‍ തിരികെ വീണതോടെ ആവേശം ഇരട്ടിയാക്കി അതിവേഗ കുതിപ്പുമായി ഇംഗ്ലീഷ് താരങ്ങള്‍ മൈതാനം നിറയുന്നതായിരുന്നു പിന്നീടുള്ള കാഴ്ച. ഫ്രഞ്ച് മതില്‍ തകര്‍ത്ത് ഫില്‍ ഫോഡനും കെയിനും ചേര്‍ന്ന നീക്കങ്ങള്‍ ഓരോന്നും ഗാലറി നിറ കൈയടികളോടെ ഏറ്റുവാങ്ങി. അവയെ എങ്ങനെ പിടിച്ചുകെട്ടുമെന്ന ചിന്തയില്‍ ദെഷാംപ്സിന്റെ പ്രതിരോധ മതില്‍ ആടിയുലഞ്ഞു. മറുവശത്ത് വിങ്ങിലൂടെ കൊള്ളിയാനായി എംബാപ്പെ നടത്തിയ നീക്കങ്ങളും അപകടം വിതച്ചു.ഇടിമിന്നലായി ഗോള്‍മുഖം വിറപ്പിച്ച പന്തും മുന്നേറ്റങ്ങളും സൂചനകള്‍ നല്‍കി മടങ്ങുന്നത് പതിവു കാഴ്ചയായിട്ടും ഇരുനിരയും പിന്‍മാറിയില്ല.70ാം മിനിറ്റില്‍ ഹാരി മഗ്വയര്‍ ഹെഡ് ചെയ്തിട്ടത് ഗോളി ലോറിസിന്റെ കൈകള്‍ കടന്ന് പോസ്റ്റില്‍ ചെറുതായൊന്ന് സ്പര്‍ശിച്ച്‌ പുറത്തേക്കു പോയി. പിന്നെയും ഇംഗ്ലീഷ് നീക്കങ്ങളേറെ പിറന്ന മൈതാനത്ത് 75ാം മിനിറ്റില്‍ ജിറൂദ് ഇംഗ്ലീഷ് ബോക്സില്‍ അപകടം വിതച്ചു. രണ്ടു മിനിറ്റ് കഴിഞ്ഞ് ജിറൂദ് തന്നെ അടിച്ച ഷോട്ട് ഇംഗ്ലണ്ട് ഗോളി പിക്ീഫോഡ് പണിപ്പെട്ട് തട്ടിയകറ്റി. എന്നാല്‍, അത് വരാനിരിക്കുന്നതിന്റെ സൂചന മാത്രമായിരുന്നു. 78ാം മിനിറ്റില്‍ ഫ്രാന്‍സിന് വീണ്ടും ലീഡ് നല്‍കിയ ഗോളെത്തി. വിങ്ങില്‍ ഗ്രീസ്മാന്‍ നല്‍കിയ ക്രോസില്‍ ജിറൂദ് തലവെക്കുകയായിരുന്നു. ഗോളിക്ക് അവസരം നല്‍കാതെ പന്ത് വലയില്‍. കഴിഞ്ഞ കളിയില്‍ ഗോള്‍ നേടിയ ജിറൂദ് ദേശീയ ടീമിനായി ഏറ്റവും കൂടുതല്‍ ഗോള്‍ നേടുന്ന താരമെന്ന റെക്കോഡ് തന്റെ പേരിലാക്കിയിരുന്നു.ലീഡ് നീട്ടിക്കിട്ടാന്‍ പരുക്കന്‍ കളിയെ കൂടി കൂട്ടുപിടിച്ച ഫ്രഞ്ച് പ്രതിരോധത്തിന്റെ ഫൗളില്‍ ഇംഗ്ലണ്ടിന് ലഭിച്ച പെനാല്‍റ്റി കെയിന്‍ ഗാലറിയിലേക്ക് പറത്തിയത് സമനില തിരിച്ചുപിടിക്കാനുള്ള സാധ്യത ഇല്ലാതാക്കി. അതിനിടെ, ഇംഗ്ലീഷ് നിരയില്‍ സ്റ്റെര്‍ലിങ്ങിനെയടക്കം പരീക്ഷിച്ച്‌ കോച്ച്‌ സൗത്ഗെയിറ്റ് സമ്മര്‍ദം കൂട്ടി. ടൂര്‍ണമെന്റില്‍ ആദ്യമായി ഒരു ഇംഗ്ലീഷ് താരം കാര്‍ഡ് വാങ്ങുന്നതിനും അവസാന നിമിഷങ്ങളില്‍ മൈതാനം സാക്ഷിയായി. മഗ്വയറായിരുന്നു മഞ്ഞക്കാര്‍ഡ് വാങ്ങിയത്.ഗോളടിക്കാന്‍ ഇംഗ്ലണ്ടും പ്രതിരോധിക്കാന്‍ ഫ്രാന്‍സും നടത്തിയ അവസാനവട്ട നീക്കങ്ങള്‍ കളി കൂടുതല്‍ പരുക്കനാക്കി. എന്നാല്‍, ഗോള്‍ നേടുന്നതില്‍ ഇരു ടീമും പരാജയമായതോടെ കിരീടത്തുടര്‍ച്ചയിലേക്ക് ഫ്രാന്‍സ് രണ്ടു ചുവട് അകലെ.

You might also like

Leave A Reply

Your email address will not be published.