റഷ്യ അയഞ്ഞു; യുക്രെയ്നില്‍നിന്ന് ധാന്യക്കപ്പലുകള്‍ പോയിത്തുടങ്ങി

0

ആക്രമണം നടത്താനുള്ള മറയായി കരാര്‍ ഉപയോഗിക്കില്ലെന്ന് ഉറപ്പുവാങ്ങിയാണ് ധാന്യ വിതരണ കരാറില്‍ റഷ്യ വീണ്ടും ചേര്‍ന്നത്. തുര്‍ക്കിയാണ് മധ്യസ്ഥത വഹിച്ചത്. കഴിഞ്ഞ ദിവസം ആറ് കപ്പലുകള്‍ യുക്രെയ്ന്‍ തുറമുഖത്തുനിന്ന് പുറപ്പെട്ടു. ചരക്കുനീക്കത്തിന് അനുമതി നല്‍കുന്ന കരാറില്‍നിന്ന് റഷ്യ പിന്‍വാങ്ങിയതോടെ യുക്രെയ്ന്‍ സമുദ്രം വഴിയുള്ള ധാന്യ കയറ്റുമതി നിര്‍ത്തിവെച്ചിരുന്നു.ക്രീമിയയില്‍ തങ്ങളുടെ കപ്പലുകള്‍ക്കുനേരെയുണ്ടായ ഡ്രോണ്‍ ആക്രമണത്തെ തുടര്‍ന്നാണ് റഷ്യ കരാറില്‍നിന്ന് പിന്‍വാങ്ങിയത്. സോമാലിയ ഉള്‍പ്പെടെയുള്ള ആഫ്രിക്കന്‍ രാജ്യങ്ങളിലേക്കുള്ള യു.എന്നിന്റെ ഭക്ഷ്യവിതരണം ഇതോടെ താളം തെറ്റിയിരുന്നു. നേരത്തെ, ആഗോള ഭക്ഷ്യപ്രതിസന്ധി ലഘൂകരിക്കാനായി യു.എന്നിന്റെയും തുര്‍ക്കിയുടെയും മധ്യസ്ഥതയില്‍ റഷ്യയും യുക്രെയ്നും തമ്മില്‍ ഒപ്പുവെച്ച കരാറിന്റെ ബലത്തിലാണ് യുദ്ധത്തിനിടയിലും യുക്രെയ്നില്‍നിന്നുള്ള ധാന്യ കയറ്റുമതി സുഗമമായി നടന്നിരുന്നത്. ലോകത്തിലെ വലിയ ധാന്യ ഉല്‍പാദക രാജ്യങ്ങളിലൊന്നായ യുക്രെയ്നില്‍നിന്നുള്ള കയറ്റുമതി പ്രതിസന്ധിയിലാകുന്നത് ആഗോളതലത്തില്‍ ഭക്ഷ്യ പ്രതിസന്ധി രൂക്ഷമാകാനും വിലക്കയറ്റത്തിനും കാരണമാകും. ധാന്യനീക്കം റഷ്യ തടഞ്ഞതിനാല്‍ കടലിലുള്ള 176 കപ്പലുകള്‍ ഒന്നൊന്നായി അടുത്ത ദിവസങ്ങളില്‍ വിവിധ ഏഷ്യന്‍, ആഫ്രിക്കന്‍ രാജ്യങ്ങളിലേക്ക് തിരിക്കും.

You might also like

Leave A Reply

Your email address will not be published.