നിങ്ങള്‍ക്ക് ഓര്‍മക്കുറവുണ്ടോ?, എങ്കില്‍ തിരിച്ചുപിടിക്കാനും മാര്‍ഗങ്ങളുണ്ട്

0

എന്നും കാണുന്ന ആളുകളുടെ പേരുകള്‍ വിട്ടു പോകുന്നുണ്ടോ? എവിടെ പോയാലും ഫോണ്‍ മറന്നു വെക്കുന്നുണ്ടോ? തലേദിവസം കണ്ട പടത്തിന്റെ പേര് പോലും ഓര്‍ക്കാന്‍ പാട് പെടുകയാണോ നിങ്ങള്‍? എങ്കില്‍ നിങ്ങള്‍ക്ക് ഓര്‍മക്കുറവ് ഉണ്ടെന്ന കാര്യത്തില്‍ സംശയമില്ല. പ്രായമായവരില്‍ മാത്രമല്ല, ചെറുപ്പക്കാരിലും ഇന്ന് ഓര്‍മക്കുറവ് കാണുന്നു. പല തരത്തിലുള്ള കാരണങ്ങളാണ് ഓര്‍മക്കുറവിനു പിന്നില്‍. ജീവിതശൈലിയും മാനസിക സംഘര്‍ഷങ്ങളും പലപ്പോഴും ഇതിന് കാരണമാകാറുണ്ട്. ഇവയെ കൈകാര്യം ചെയ്യുകയും ഒപ്പം തലച്ചോറിനെ ഉണര്‍ത്താനുള്ള ചില വിദ്യകളും ചെയ്താല്‍ തിരിച്ചു പിടിക്കാവുന്നതേയുള്ളൂ നമ്മുടെ ഓര്‍മ.പുതിയതായി എന്തെങ്കിലും പഠിക്കുന്നത് തലച്ചോറിനെ ഉണര്‍ത്താന്‍ സഹായിക്കും. തലച്ചോറിനെ കൂടുതല്‍ ഉപയോഗിക്കുമ്പോള്‍ അതിനു കൂടുതല്‍ ശക്തി വരുന്നു. പുതിയ ഒരു സംഗീതോപകരണം പഠിക്കുക, ഭാഷ പഠിക്കുക എന്നിവ നല്ലതാണ്. ഇത് തലച്ചോറിലെ ന്യൂറോണുകളെ ഉത്തേജിപ്പിക്കും. ഇത് ഓര്‍മ ശക്തി വര്‍ദ്ധിക്കാനും സഹായിക്കും. നൃത്തം പഠിക്കുക, കരകൌശല വിദ്യകളില്‍ ഏര്‍പ്പെടുക എന്നതും ഇത്തരത്തില്‍ ഗുണം ചെയ്യും. എന്തെങ്കിലുമൊക്കെ പുതിയ കാര്യങ്ങള്‍ ചെയ്ത് തലച്ചോറിനെ ഇപ്പോഴും വെല്ലു വിളിക്കുക.ഓര്‍മ അല്പം കോംപ്ലക്‌സ്‌ആയ കാര്യമാണ്. ചില ഓര്‍മകള്‍ പല ഇന്ദ്രിയങ്ങളുമായി ബന്ധപ്പെട്ടാകും കിടക്കുക. നിങ്ങള്‍ക്ക് ഒരു കാര്യം ഓര്‍മിക്കാന്‍ കഴിയുന്നില്ലെകില്‍ ഒരു ഇന്ദ്രിയത്തെ മാത്രം ആശ്രയിക്കാതെ എല്ലാ ഇന്ദ്രിയങ്ങളെയും ബന്ധപ്പെടുത്തി ഓര്‍മിക്കാന്‍ ശ്രമിക്കുക. മണം പിടിക്കുന്നത് ഓര്‍മ ശക്തി കൂട്ടാന്‍ നല്ലതാണ്. പുറത്തു വിരിഞ്ഞു നില്‍ക്കുന്ന പൂക്കളുടെ മണം, തിളച്ചു പൊന്തുന്ന കാപ്പിയുടെ മണം എന്നിങ്ങനെ മണങ്ങള്‍ ശ്രദ്ധിക്കുന്നത് തലച്ചോറിലെ കോശങ്ങളെ ഉണര്‍ത്തും.ശരീരം മാത്രം വിയര്‍ത്താല്‍ പോര, തലച്ചോറും വിയര്‍ക്കണം. തലച്ചോറിനെ പരീക്ഷിക്കാനുള്ള കളികളില്‍ ഏര്‍പ്പെടുന്നത് ഓര്‍മ കൂട്ടും. പല തരത്തിലുള്ള പസിലുകള്‍ സോള്‍വ് ചെയ്യുന്നതും സുഡോകു, ചെസ് തുടങ്ങിയ കളികളില്‍ ഏര്‍പ്പെടുന്നതും ഓര്‍മശക്തി വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കും. ഇതോടൊപ്പം വളരെ പെട്ടെന്ന് കാര്യങ്ങള്‍ ഓര്‍ത്ത് വെക്കാനുള്ള ചില ട്രിക്കുകളും ശീലമാക്കുന്നത് നല്ലതാണ്. വസ്തുക്കളുടെ ലിസ്റ്റ് ഓര്‍മിക്കാന്‍ അവയെ ചുരുക്കി ഓര്‍ത്ത് വെക്കാം. ഉദാഹരണം വിബ്ജിയോര്‍.മാനസിക സംഘര്‍ഷം ഓര്‍മ കുറവിനൊരു പ്രധാന കാരണമാണ്. കടുത്ത മാനസിക സംഘര്‍ഷവും വിഷാദരോഗവും തലച്ചോറിന്റെ കോശങ്ങളെ നശിപ്പിക്കുന്നു. ഇത് കുറച്ചില്ലെങ്കില്‍ ജീവിതം അസഹനീയമാകും. മനസ് തുറന്ന് ചിരിക്കുക. തലച്ചോറിലെ വിവിധ ഭാഗങ്ങളെ ചിരി ഒരുമിച്ച് ഉത്തേജിപ്പിക്കും. മാനസിക സംഘര്‍ഷം കുറക്കാനും ഇത് സഹായിക്കും. കൃത്യമായ തെറാപ്പിയിലൂടെയോ മരുന്നിലൂടെയോ ഇത് നിയന്ത്രിച്ച് നിര്‍ത്താവുന്നതാണ്.ഉറക്കത്തിന് തലച്ചോറിന്റെ പ്രവര്‍ത്തനത്തില്‍ കാര്യമായ റോളുണ്ട്. ഉറക്കക്കുറവ് ദൈനംദിന ജീവിതത്തെ തന്നെ ഉലച്ചു കളയും. തലച്ചോറിലെ ന്യൂറോണുകള്‍ തമ്മിലുള്ള ബന്ധം ദൃഡമാക്കാന്‍ ഉറക്കം അത്യാവശ്യമാണ്. ചെയ്യേണ്ട കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് ഓര്‍മിക്കാന്‍ ഇത് സഹായിക്കും. ദിവസവും ആവശ്യത്തിന് ഉറങ്ങുക. ഇനി ഉറങ്ങാന്‍ ബുദ്ധിമുട്ടുണ്ടെങ്കില്‍ കിടക്കുന്നതിന് അര മണിക്കൂര്‍ മുന്‍പ് ഒരു കപ്പ് ചൂടു പാല്‍ കുടിക്കുക. ഫാന്‍ നോക്കി കിടക്കാതെ പെട്ടെന്ന് ഉറക്കത്തിലേക്ക് വീഴാന്‍ ഇത് നിങ്ങളെ സഹായിക്കും.വ്യായാമത്തിന് തലച്ചോറിനെ കൂടി കൃത്യമാക്കാന്‍ ശേഷിയുണ്ട്. വ്യായാമം ചെയ്യുന്നത് ഹൃദയമിടിപ്പ് ത്വരിതഗതിയില്‍ ആക്കുകയും തലച്ചോറിലേക്കുള്ള രക്തയോട്ടം കൂടുകയും ചെയ്യുന്നു. ഇത് ഓര്‍മ കൃത്യമാകാന്‍ സഹായിക്കും. ഓട്ടം, നടത്തം, നീന്തല്‍ എന്നിങ്ങനെയുള്ള വ്യായാമങ്ങളില്‍ ദിവസവും കുറഞ്ഞത് അര മണിക്കൂര്‍ എങ്കിലും ഏര്‍പ്പെടുന്നത് തലച്ചോറിന്റെ ഓര്‍മയുടെ കേന്ദ്രമായ ഹിപ്പോക്യാമ്പസിനെ ഉണര്‍ത്തും. കണ്ണുകളുടെയും കൈകളുടെയും സേവനം ഒരുപോലെ ആവശ്യമുള്ള വണ്ടി ഓടിക്കല്‍ പോലെയുള്ള കാര്യങ്ങളും തലച്ചോറിന്റെ വികാസത്തിന് നല്ലതാണ്.ഒരേ സമയം ഒരുപാട് ജോലികള്‍ ചെയ്യുന്നത് തലച്ചോറിന് അത്ര നല്ലതല്ല. ഇത് കാര്യങ്ങള്‍ പെട്ടെന്ന് മറന്നു പോകുന്നതിന് കാരണമാകുന്നു. സത്യത്തില്‍ തലച്ചോറിന് മള്‍ട്ടി ടാസ്‌ക്കിംഗ് അറിയില്ല. ചെയ്തു കൊണ്ടിരിക്കുന്ന കാര്യത്തില്‍ നിന്നും മറ്റൊരു കാര്യത്തിലേക്ക് ശ്രദ്ധ മാറ്റുകയാണ് തലച്ചോറിന് സാധ്യം. ഒരു പുസ്തകം വായിച്ചു കൊണ്ട് ഒരാളോട് സംസാരിക്കാന്‍ പ്രയാസമാകും. മള്‍ട്ടി ടാസ്‌ക്കിംഗ് തലച്ചോറിനെ മന്ദീഭവിപ്പിക്കും. എന്തെങ്കിലും ചെയ്തു തീര്‍ത്തിട്ട് മാത്രം അടുത്ത കാര്യത്തിലേക്ക് പോവുക.ഓര്‍മ മെച്ചപ്പെടുത്തുന്ന ചില സൂപ്പര്‍ ഫുഡുകള്‍ ഉണ്ട്. നിറമുള്ള പഴങ്ങളും ഇലക്കറികളും പച്ചക്കറികളും തലച്ചോറിന്റെ വികാസത്തിനും ഓര്‍മ ശക്തിക്കും നല്ലതാണ്. വിറ്റാമിന്‍ സി, ബി എന്നിവ അടങ്ങിയ സിട്രസ് പഴങ്ങള്‍ ആഹാരത്തിന്റെ ഭാഗമാക്കുക. ഉണങ്ങിയ പഴങ്ങളിലെയും വിത്തുകളിലെയും സിങ്കിന്റെ അംശം ഓര്‍മ കൂട്ടാന്‍ സഹായിക്കും.

You might also like

Leave A Reply

Your email address will not be published.