കെഎസ്എഫ് ഡിസിയുടെ ‘വനിതകളുടെ സംവിധാനത്തിലുള്ള സിനിമ’ പദ്ധതിയിലെ ആദ്യ ചിത്രം ‘നിഷിദ്ധോ’

0

തിരുവനന്തപുരം: കേരള സര്‍ക്കാരിന്‍റെ സ്ത്രീശാക്തീകരണ കാഴ്ചപ്പാടില്‍ സംസ്ഥാന ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍ (കെഎസ്എഫ് ഡിസി) നിര്‍മ്മിച്ച ആദ്യ സിനിമയായ ‘നിഷിദ്ധോ’ ഒട്ടാവ ഇന്ത്യന്‍ ഫിലിം ഫെസ്റ്റിവെല്‍ അവാര്‍ഡ്സില്‍ (ഒഐഎഫ്എഫ്എ) മികച്ച ചിത്രത്തിനുള്ള പുരസ്കാരം നേടി.

52-ാമത് സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തില്‍ മികച്ച രണ്ടാമത്തെ ചിത്രത്തിനുള്ള അവാര്‍ഡ് നേടിയതിന് പിന്നാലെയാണ് താര രാമാനുജന്‍ രചനയും സംവിധാനവും നിര്‍വ്വഹിച്ച ചിത്രത്തിന്‍റെ ഒഐഎഫ്എഫ്എയിലെ നേട്ടം.


ഇന്ത്യയില്‍ നിന്നും ഇന്ത്യന്‍ പ്രവാസികളില്‍ നിന്നുമുള്ള ചലച്ചിത്ര നിര്‍മ്മാതാക്കള്‍ക്കും ഇന്ത്യ പശ്ചാത്തലമാകുന്ന സിനിമകള്‍ക്കുമായി കാനഡയില്‍ നടത്തുന്ന ചലച്ചിത്ര മേളയായ ഒഐഎഫ്എഫ്എയില്‍ 14 ഫീച്ചര്‍ ഫിലിമുകളും അഞ്ച് ഹ്രസ്വചിത്രങ്ങളും പ്രദര്‍ശിപ്പിച്ചു. ജൂണ്‍ 14 മുതല്‍ 18 വരെ ഓണ്‍ലൈനായാണ് ചലച്ചിത്രമേള നടന്നത്.
കേരളത്തില്‍ നിന്നുള്ള ഒരു വനിതാ സംവിധായികയ്ക്ക് ലഭിച്ച വലിയ അംഗീകാരമാണിതെന്നും കെഎസ്എഫ് ഡിസിയുടെ സംരംഭത്തിന്‍റെ ഭാഗമാകാന്‍ ആഗ്രഹിക്കുന്ന വനിതാ സംവിധായകര്‍ക്ക് ഇത് ആത്മവിശ്വാസമേകുമെന്നും നിഷിദ്ധോയുടെ നേട്ടത്തെക്കുറിച്ച് കെഎസ്എഫ് ഡിസി ചെയര്‍മാന്‍ ഷാജി എന്‍ കരുണ്‍ പറഞ്ഞു.
വനിതാ സംവിധായകരെ പിന്തുണയ്ക്കുന്നതിനും അവരുടെ സര്‍ഗാത്മകതയെ പ്രോത്സാഹിപ്പിക്കുന്നതിനുമായുള്ള കെഎസ്എഫ് ഡിസിയുടെ ‘വനിതകളുടെ സംവിധാനത്തിലുള്ള സിനിമ’ പദ്ധതിയില്‍ വര്‍ഷത്തില്‍ രണ്ട് സിനിമകളാണ് നിര്‍മ്മിക്കുന്നത്. ഈ പദ്ധതിയില്‍ തെരഞ്ഞെടുക്കപ്പെട്ട ആദ്യ സിനിമയാണ് നിഷിദ്ധോ. നവാഗതയായ മിനി ഐ.ജി സംവിധാനം ചെയ്ത ഡിവോഴ്സ് ആണ് നിര്‍മ്മാണം പൂര്‍ത്തിയായ മറ്റൊരു ചിത്രം. ഇത് ഓണത്തിന് മുമ്പ് തിയേറ്ററില്‍ എത്തും. ഓണത്തിന് ശേഷമായിരിക്കും നിഷിദ്ധോ റിലീസ് ചെയ്യുക. സ്ത്രീശാക്തീകരണ സംരംഭങ്ങളെ പിന്തുണയ്ക്കുന്നതിനായി സര്‍ക്കാര്‍ രണ്ട് സിനിമകളെയും വിനോദ നികുതിയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
പശ്ചിമ ബംഗാളില്‍ നിന്നും തമിഴ്നാട്ടില്‍ നിന്നും കേരളത്തിലെ പട്ടണത്തിലേക്ക് കുടിയേറിയ രണ്ട് പേരുടെ ജീവിതമാണ് നിഷിദ്ധോ പ്രമേയമാക്കുന്നത്. കനി കുസൃതിയും തന്‍മയ് ധനാനിയയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. 26-ാമത് കേരള രാജ്യാന്തര ചലച്ചിത്ര മേളയില്‍ മത്സരവിഭാഗത്തില്‍ പ്രദര്‍ശിപ്പിച്ച നിഷിദ്ധോയിലൂടെ ഇന്ത്യയിലെ മികച്ച നവാഗത സംവിധായികയ്ക്കുള്ള കെ.ആര്‍.മോഹനന്‍ പുരസ്കാരം താര രാമാനുജന്‍ നേടിയിരുന്നു. 13-ാമത് ബംഗളൂരു അന്താരാഷ്ട്ര ചലച്ചിത്ര മേളയില്‍ ഇന്ത്യന്‍ സിനിമാ മത്സരവിഭാഗത്തിലും 27-ാമത് കൊല്‍ക്കത്ത അന്താരാഷ്ട്ര ചലച്ചിത്രമേളയിലും നിഷിദ്ധോ പ്രദര്‍ശിപ്പിച്ചിരുന്നു.

You might also like

Leave A Reply

Your email address will not be published.