ലക്ഷദ്വീപില്‍ ഭക്ഷ്യ ദൗര്‍ലഭ്യമോ പട്ടിണിയോ ഇല്ലെന്ന് ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേഷന്‍ ഹൈക്കോടതിയില്‍ അറിയിച്ചു

0

ചികിത്സയും വിദ്യാഭ്യാസവും പൂര്‍ണ്ണമായും സൗജന്യമായി നല്‍കുന്ന ലക്ഷദ്വീപില്‍ ജനങ്ങള്‍ക്കു വേണ്ടി കേന്ദ്ര സര്‍ക്കാര്‍ വലിയ തോതിലാണ് പണം ചെലവിടുന്നതെന്നും ഭരണകൂടത്തിനു വേണ്ടി, ഹൈക്കോടതി നിര്‍ദേശ പ്രകാരം സീനിയര്‍ സ്റ്റാന്‍ഡിങ്ങ് കോണ്‍സല്‍ അഡ്വ.എസ്. മനു സമര്‍പ്പിച്ച സ്‌റ്റേറ്റ്‌മെന്റില്‍ വ്യക്തമാക്കി. ലക്ഷദ്വീപില്‍ പട്ടിണിയാണെന്നും കിറ്റ് വിതരണം ചെയ്യണമെന്നും കാട്ടി കെ.കെ. നാസിക് നല്‍കിയ ഹര്‍ജിയിലാണ് വിശദീകരണം.2011ലെ സെന്‍സസ് പ്രകാരം 11,541 വീടുകളാണ് ഇവിടെയുള്ളത്. അവയില്‍ 5171 വീടുകളും ഭക്ഷ്യസുരക്ഷാ നിയമത്തിന് കീഴില്‍ വരുന്നതാണ്. ഇതിനു പുറമേ 7300 സര്‍ക്കാര്‍ ഉദ്യോഗസ്ഥരും ഇവിടെയുണ്ട്. മൊത്തം 64,473 ആണ് ജനസംഖ്യ. വിദ്യാഭ്യാസവും അവശ്യവസ്തുക്കളും സൗജന്യമാണ്. അതിനാല്‍, ഇവിടെ ദാരിദ്ര്യമില്ല. ഇവിടത്തെ ഗതാഗത സംവിധാനവും വന്‍ സബ്‌സിഡിയോടെയാണ് പ്രവര്‍ത്തിക്കുന്നത്. രാജ്യത്ത് ഒരാള്‍ക്കു വേണ്ടി (ആളോഹരി ചെലവിടല്‍) സര്‍ക്കാര്‍ ഏറ്റവും കൂടുതല്‍ പണം ചെലവിടുന്ന സ്ഥലം ലക്ഷദ്വീപാണ്. ജനവാസമുള്ള പത്തു ദ്വീപുകളിലും ആവശ്യത്തിന് ഭക്ഷ്യ വസ്തുക്കളുണ്ട്. 39 ന്യായവില കടകളുണ്ട്. ഇവ ലോക്ഡൗണ്‍ കാലത്തും തുറന്നിരുന്നു.ലോക്ഡൗണ്‍ സമയത്തും മത്സ്യബന്ധനം, തെങ്ങുകയറ്റം, കെട്ടിട നിര്‍മ്മാണം, കയറ്റിറക്ക് തുടങ്ങിയവ വിലക്കിയിരുന്നില്ല. വികസന പ്രവര്‍ത്തനങ്ങളും നടന്നു. എന്നാല്‍, ടൗട്ടേ കൊടുങ്കാറ്റ് സമയത്ത് ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് ഭംഗം നേരിട്ടിരുന്നു. ബോട്ടുകള്‍ തകര്‍ന്ന സംഭവങ്ങളുമുണ്ടായി. വീടുകള്‍ തകര്‍ന്നു. തെങ്ങുകള്‍ കടപുഴകി. ഇതിന് നഷ്ടപരിഹാരമായി ഭരണകൂടം 1.2 കോടയിാണ് അനുവദിച്ചത്. ഇത് അന്തിമ ഘട്ടത്തിലാണ്. 18106 റേഷന്‍ കാര്‍ഡുകളാണ് ദ്വീപുകളിലുള്ളത്. ഇവയിലായി 73,993 അംഗങ്ങളും. ഒരു രാജ്യം ഒരു റേഷന്‍ കാര്‍ഡ് നടപ്പാക്കിയ സ്ഥലമാണ് ലക്ഷദ്വീപ്.ദാരിദ്ര്യരേഖയ്ക്ക് മുകളിലുള്ളവര്‍ക്ക്, പ്രായപൂര്‍ത്തിയായ ആള്‍ക്ക് മാസം ആറു കിലോയും 12 വയസില്‍ താഴെയുള്ള കുട്ടിക്ക് രണ്ടു കിലോ അരിയാണ്, കിലോയ്ക്ക് 9.50 രൂപ വച്ച്‌ നല്‍കുന്നത്. മുന്‍ഗണനാ വിഭാഗത്തില്‍ പെടുന്നവര്‍ക്ക് മാസം അഞ്ചു കിലോ അരി. കിലോയ്ക്ക് മൂന്നു രൂപയ്ക്കാണ് നല്‍കുന്നത്. അന്നയോജന അന്ത്യോദയ പദ്ധതയിലുള്ളവര്‍ക്ക് കിലോയ്ക്ക് മൂന്ന് രൂപ വച്ച്‌ 35 കിലോ അരിയും പതിമൂന്നര രൂപയ്ക്ക് ഒരു കിലോ പഞ്ചസാരയുമാണ് നല്‍കുന്നത്. അന്നപൂര്‍ണ്ണ പദ്ധതിയിലുള്ളവര്‍ക്ക് മാസം പത്തു കിലോ അരി സൗജന്യമായും നല്‍കുന്നു.ഇതിനു പുറമേ പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ യോജനയും നടപ്പാക്കി. മെയ് 2021ല്‍ മാ്രതം ഈ പദ്ധതി പ്രകാരം 1,91,180 കിലോ അരിയാണ് വിതരണം ചെയ്തത്. അരിയും പഞ്ചസാരയും മണ്ണെണ്ണയും കൃത്യമായി നല്‍കുന്നുണ്ട്. ഇവയുടെ വിതരണം തടസ്സപ്പെടാതിരിക്കാന്‍ നടപടികളും എടുത്തിട്ടുണ്ട്.കൊറോണ പോസിറ്റീവായ 5000ലേറെ പേരെ ചികിത്സിക്കാന്‍ ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളും നടത്തി. ചികിത്സ പൂര്‍ണ്ണമായും സൗജന്യവുമായിരുന്നു. പ്രൈമറി മുതല്‍ സെക്കന്‍ഡറി സ്‌കൂള്‍ വരെയുള്ള 12,687 കുട്ടികള്‍ക്ക് ഉച്ചഭക്ഷണ പദ്ധതി പ്രകാരം ലോക്ഡൗണ്‍ സമയത്ത് സൗജന്യമായി ഭക്ഷണക്കിറ്റും വീടുകളില്‍ എത്തിച്ചു നല്‍കി. ലക്ഷദ്വീപ്ഭരണകൂടം സമര്‍പ്പിച്ച സ്‌റ്റേറ്റ്‌മെന്റില്‍ വ്യക്തമാക്കി. ഈ സാഹചര്യത്തില്‍ ഹര്‍ജി തള്ളണമെന്നും ഭരണകൂടം കോടതിയോട് അഭ്യര്‍ഥിച്ചു. ലക്ഷദ്വീപിന് മോദി സര്‍ക്കാര്‍ ഒന്നും നല്‍കുന്നില്ലെന്നും കടുത്ത വിവേചനമാണെന്നും വരുത്തിത്തീര്‍ക്കാന്‍ വേണ്ടിയുള്ള ഗൂഢാലോചനയുടെ ഭാഗമായാണ് ഇത്തരം ഹര്‍ജികള്‍ നല്‍കുന്നതെന്ന് സംശയം ഉയര്‍ന്നിട്ടുണ്ട്.

You might also like

Leave A Reply

Your email address will not be published.