ലീഗിലെ ഒന്നാം സ്ഥാനത്ത് എത്താനുള്ള അവസരം തൊട്ടു മുന്നില്‍ നില്‍ക്കെ ഗ്രനഡക്കെതിരെയുള്ള മത്സരത്തില്‍ തോറ്റത് അവര്‍ക്ക് തിരിച്ചടിയായി. ഫലമോ അഞ്ച് റൗണ്ട് മത്സരങ്ങള്‍ മാത്രം ശേഷിക്കെ ബാഴ്സ മൂന്നാം സ്ഥാനത്ത് തന്നെ തുടരണം. 33 മത്സരങ്ങള്‍ വീതം പൂര്‍ത്തിയായപ്പോള്‍ അത്ലറ്റികോ മാഡ്രിഡ് -73, റയല്‍ മാഡ്രിഡ്-71, ബാഴ്സിലോണ-71 എന്നിങ്ങനെയാണ് പോയിന്‍്റ് നില. പരസ്പരം കളിച്ച മത്സരങ്ങളിലെ മുന്‍തൂക്കം വച്ചാണ് റയല്‍ ബാഴ്സയുടെ മുന്നില്‍ നില്‍ക്കുന്നത്.നേരത്തെ ഗ്രനഡക്കെതിരായ മത്സരത്തില്‍ ഒരു ഗോളിനു മുന്നില്‍ നിന്നതിനു ശേഷം രണ്ടു ഗോളുകള്‍ വഴങ്ങി നിര്‍ണായകമായ ലീഗ് മത്സരത്തില്‍ തോറ്റതോടെ ഇനി കിരീടം സ്വന്തമാക്കണമെങ്കില്‍ മറ്റു ടീമുകളുടെ മത്സരഫലത്തെ കൂടി ആശ്രയിക്കേണ്ട സാഹചര്യം ബാഴ്‌സിലോണക്ക് വന്നു ചേര്‍ന്നിരിക്കുന്നു. ഏറ്റവും വിചിത്രമായ വസ്‌തുത ബാഴ്‌സയുടെ ഇനിയുള്ള മത്സരങ്ങളിലെ വിജയം റയല്‍ മാഡ്രിഡിനെ കിരീടം സ്വന്തമാക്കാന്‍ സഹായിക്കുമെന്നതാണ്. നിലവില്‍ 71 പോയിന്റ് വീതം നേടി റയലും ബാഴ്‌സയും രണ്ടും മൂന്നും സ്ഥാനങ്ങളില്‍ നില്‍ക്കുമ്ബോള്‍ ഒന്നാം സ്ഥാനത്തുള്ള അത്ലറ്റികോ മാഡ്രിഡിന് 73 പോയിന്റാണുള്ളത്. ഇനി അഞ്ചു മത്സരങ്ങള്‍ ലീഗില്‍ ബാക്കി നില്‍ക്കെ റയലും ബാഴ്‌സയും അതിലെല്ലാ മത്സരങ്ങളും വിജയിച്ചാല്‍ കിരീടം റയല്‍ മാഡ്രിഡാണ് സ്വന്തമാക്കുക.ബാഴ്‌സയുടെ ഇനിയുള്ള അഞ്ചു മത്സരങ്ങളിലൊന്ന് അത്ലറ്റികോ മാഡ്രിഡുമായിട്ടാണ്, സ്വാഭാവികമായും ഇനിയുള്ള അഞ്ചു മത്സരങ്ങള്‍ ബാഴ്‌സയും റയലും വിജയിച്ചാല്‍ അവസാന പോയിന്റ് ടേബിളില്‍ അത്ലറ്റികോ മാഡ്രിഡ് ഇവര്‍ക്ക് പിന്നിലാവും. ബാഴ്‌സക്കും റയലിനും ഒരേ പോയിന്റ് ആയിരിക്കുമെങ്കിലും ഈ സീസണില്‍ നേടിയ എല്‍ ക്ലാസികോ വിജയങ്ങള്‍ ബാഴ്‌സക്ക് മുന്നില്‍ റയലിന് മുന്‍തൂക്കം നല്‍കുന്നുണ്ട്.അതേസമയം റയലിനും കാര്യങ്ങള്‍ അത്രയെളുപ്പമല്ല. ഇനിയുള്ള അഞ്ചു മത്സരങ്ങളില്‍ ലീഗിലെ നാലാം സ്ഥാനക്കാരായ സെവിയ്യ, ഏതു ടീമിനെയും അട്ടിമറിക്കാന്‍ കഴിവുള്ള അത്‌ലറ്റിക് ബില്‍ബാവോ, ലീഗിലെ ഏഴാം സ്ഥാനക്കാരായ വിയ്യാറയല്‍ എന്നിവരെ റയലിന് നേരിടേണ്ടതുണ്ട്.ബാഴ്‌സയെ സംബന്ധിച്ച് അത്ലറ്റികോ മാഡ്രിഡ് മാത്രമാണ് പ്രധാന എതിരാളിയെങ്കിലും വലന്‍സിയ, സെല്‍റ്റ വീഗൊ എന്നിവരുടെ ഭീഷണിയെയും മറികടക്കണം.അത്ലറ്റികോ മാഡ്രിഡിന് ബാഴ്‌സയും റയല്‍ സോസിഡാഡുമാണ് ഇനി വരാനിരിക്കുന്ന കടുപ്പമേറിയ എതിരാളികള്‍. 70 പോയിന്റുമായി നാലാം സ്ഥാനത്തുള്ള സെവിയ്യക്ക് അത്‌ലറ്റിക് ക്ലബ്, റയല്‍ മാഡ്രിഡ്, സെവിയ്യ, വിയ്യാറയല്‍ എന്നിവരെയും നേരിടാനുണ്ട്. ടീമുകളുടെ പോയിന്റ് നിലയും ഇനി കളിക്കാനുള്ള ടീമുകളെയും വിലയിരുത്തുമ്ബോള്‍ ലാ ലിഗ കിരീടപ്പോരാട്ടം അവസാന മത്സരം വരെ പ്രവചനാതീതമാണ് തുടരാനാണ് സാധ്യത.