സീസണിലെ 24ാം ഗോളുമായി കരീം ബെന്‍സേമയും നാലാം ഗോളുമായി മാര്‍കോ അസന്‍സിയോയും സ്കോര്‍ ചെയ്ത കളിയില്‍ തരംതാഴ്ത്തല്‍ ഭീഷണിയിലുള്ള ഐബറിനെ ഏകപക്ഷീയമായ രണ്ടു ഗോളുകള്‍ക്കാണ് റയല്‍ വീഴ്ത്തിയത്. ഇതോടെ, ഒന്നാം സ്ഥാനത്തുള്ള അത്ലറ്റികോ മഡ്രിഡിലേക്ക് ദൂരം മൂന്നു പോയിന്‍റായി റയല്‍ കുറച്ചു. അതേ സമയം, രണ്ടാമതായിരുന്ന ബാഴ്സലോണക്കും ഒന്നാമന്മാരായ അത്ലറ്റികോക്കും ഞായറാഴ്ച കളിയുണ്ട്. ഇരുവരും ജയിച്ചാല്‍ റയല്‍ വീണ്ടും മൂന്നാം സ്ഥാനത്തേക്കിറങ്ങും.ലോസ് ബ്ലാങ്കോസിനൊപ്പം പരിശീലക പദവിയില്‍ 250 കളി തികച്ച സിനദിന്‍ സിദാന് നേരത്തെ കിങ്സ് കപ്പില്‍ ഡിപ്പോര്‍ട്ടിവോക്കു മുന്നില്‍ തോല്‍വിയറിഞ്ഞതിന്‍റെ ക്ഷീണം തത്കാലം തീര്‍ക്കുന്നതായി ജയം. രണ്ടു ഗോളുകള്‍ക്ക് പുറമെ മൂന്നുവട്ടം റയല്‍ താരങ്ങള്‍ പിന്നെയും സ്കോര്‍ ചെയ്തെങ്കിലും ഓഫ്സൈഡില്‍ കുടുങ്ങി. കണ്ണഞ്ചും പ്രകടനവുമായി റയല്‍ മുന്നേറ്റത്തിന്‍റെ ജീവവായുവായി തുടരുന്ന ബെന്‍സേമ ലാ ലിഗ സീസണില്‍ 18ാം ഗോളാണ് ഐബറിനെതിരെ കുറിച്ചത്. അവസാന ഏഴു കളികളില്‍ താരം എതിര്‍വലയില്‍ നിക്ഷേപിച്ചത് ഒമ്ബതു ഗോളുകള്‍. ശനിയാഴ്ച മൂന്നാം മിനിറ്റില്‍ തന്നെ റയല്‍ കരുത്ത് ഒന്നുകൂടി വ്യക്തമാക്കി ബെന്‍സേമ ഐബര്‍ വലയില്‍ പന്തെത്തിച്ചെങ്കിലും റഫറി അനുവദിച്ചില്ല.ജയത്തോടെ ചൊവ്വാഴ്ച ചാമ്ബ്യന്‍സ് ലീഗ് അവസാന എട്ടില്‍ പ്രിമിയര്‍ ലീഗ് കരുത്തരായ ലിവര്‍പൂളിനെതിരെ ജയിക്കാനാകുമെന്ന പ്രതീക്ഷയിലേക്ക് പകുതി ചുവടുവെക്കാനായ ആശ്വാസത്തിലാണ് റയലും സിദാനും.മറ്റു മത്സരങ്ങില്‍ വിയ്യാറയല്‍ 3-0ന് ഗ്രനഡയെ മറികടന്നപ്പോള്‍ ഗെറ്റാഫെ- ഒസാസുന മത്സരം ഗോള്‍രഹിത സമനിലയിലായി.