ഖത്തറില്‍ മുന്‍ഗണനാ വിഭാഗങ്ങള്‍ക്കു പുറമെ പൊതുവിഭാഗത്തില്‍ നിന്ന് രജിസ്റ്റര്‍ ചെയ്ത ആളുകള്‍ക്കു കൂടി വാക്‌സിന്‍ വിതരണം തുടങ്ങി

0

ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ഓണ്‍ലൈനില്‍ രജിസ്റ്റര്‍ ചെയ്ത മുന്‍ഗണനേതര വിഭാഗങ്ങളില്‍ പെട്ടവര്‍ക്കും വാക്‌സിന്‍ എടുക്കാനുള്ള സമയവും കേന്ദ്രവും കാണിച്ച്‌ അറിയിപ്പ് വന്നുതുടങ്ങിയതായി പ്രാദേശിക മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു. ഖത്തറില്‍ നാലു ഘട്ടമായി എല്ലാവര്‍ക്കും വാക്സിന്‍ നല്‍കുകയാണ് ലക്ഷ്യമെന്ന് പൊതുജനാരോഗ്യമന്ത്രാലയം നേരത്തേ വ്യക്തമാക്കിയിരുന്നു.ഖത്തറില്‍ ആദ്യ ഘട്ടത്തില്‍ 65 മുകളില്‍ പ്രായമുള്ളവര്‍ക്കും ഗുരുതര രോഗങ്ങളുള്ളവര്‍ക്കുമായിരുന്നു വാക്‌സിന്‍ വിതരണം ആരംഭിച്ചത്. തുടര്‍ന്ന് അത് 60 വയസ്സിനു മുകളിലുള്ളവരെ കൂടി ഉള്‍പ്പെടുത്തി വ്യാപിപ്പിച്ചു. നിലവില്‍ 50 വയസ്സും അതിന് മുകളിലും പ്രായമുള്ളവര്‍, ദീര്‍ഘകാലരോഗമുള്ളവര്‍, ആരോഗ്യപ്രവര്‍ത്തകര്‍, വിവിധ മന്ത്രാലയങ്ങളിലും സര്‍ക്കാര്‍ വകുപ്പുകളിലും ജനങ്ങളുമായി നേരിട്ട് ഇടപഴകുന്ന ജീവനക്കാര്‍, സ്‌കൂള്‍ അധ്യാപകരും ജീവനക്കാരും എന്നിവരാണ് കോവിഡ് വാക്സിന്‍ സ്വീകരിക്കാനുള്ള മുന്‍ഗണനാപട്ടിയില്‍ ഉള്ളത്. എന്നാല്‍, ഈ വിഭാഗങ്ങളില്‍ പെടാത്തവരും ഔദ്യോഗിക വെബ്സൈറ്റില്‍ രജിസ്റ്റര്‍ ചെയ്തവരുമായ ആളുകള്‍ക്കും വാക്‌സിന്‍ വിതരണത്തിനുള്ള നടപടികളള്‍ തുടങ്ങിക്കഴിഞ്ഞു. ആരോഗ്യ മന്ത്രാലയത്തിന്റെ വെബ്സൈറ്റിലെ https://appcovid19.moph.gov.qa/en/instructions.html എന്ന ലിങ്കിലൂടെയാണ് വാക്‌സിനേഷനു വേണ്ടി രജിസ്റ്റര്‍ ചെയ്യേണ്ടത്.നിലവില്‍ ഖത്തര്‍ നാഷനല്‍ കണ്‍വെന്‍ഷന്‍ സെന്ററിലാണ് പൊതുവിഭാഗങ്ങള്‍ക്ക് വാക്സിന്‍ വിതരണം ആരംഭിച്ചിരിക്കുന്നത്. പ്രധാനമായും അധ്യാപകര്‍, സ്‌കൂള്‍ ജീവനക്കാര്‍ തുടങ്ങിയവര്‍ക്ക് വാക്‌സിന്‍ നല്‍കുന്നതിനു വേണ്ടി സജ്ജമാക്കിയതായിരുന്നു ഇവിടത്തെ വാക്‌സിന്‍ കേന്ദ്രം. വരുംദിനങ്ങളില്‍ മറ്റു കേന്ദ്രങ്ങളില്‍ കൂഇത് വ്യാപിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ട്. ഖത്തറിലെ വിവിധ പിഎച്ച്‌സികള്‍, ലുസൈലിലെ ഡ്രൈവ്-ഇന്‍ സെന്റര്‍ എന്നിവിടങ്ങളിലാണ് മറ്റ് വാക്‌സിന്‍ വിതരണ കേന്ദ്രങ്ങള്‍.

You might also like

Leave A Reply

Your email address will not be published.