ഷാര്‍ജ: എത്രകണ്ട് പുരോഗതി അരികിെലത്തുന്നുവോ, അതിനേക്കാളേറെ അവര്‍ ചിന്തിക്കുക നടന്നുവന്ന പുരാതന വഴികളെ കുറിച്ചായിരിക്കും. റമദാനിലെ അത്തരമൊരു പൈതൃക വിശേഷമാണ് നോമ്ബുതുറയുടെ സമയം അറിയിച്ച് മുഴക്കുന്ന പീരങ്കി.ഇത്തവണയും ഷാര്‍ജയിലെ പ്രധാന കേന്ദ്രങ്ങളില്‍നിന്നും ഉപനഗരങ്ങളില്നിന്നും ഇഫ്താര്‍ പീരങ്കികള്‍ മുഴങ്ങും. അതീവ സുരക്ഷകള്‍ പാലിച്ചും എന്നാല്‍, പ്രദേശവാസികള്‍ക്ക് വ്യക്തമായി കാണാന്‍ പറ്റുന്ന വിധത്തിലുമായിരിക്കും പീരങ്കികള്‍ സ്ഥാപിക്കുക. ഇവയുടെ പ്രവര്‍ത്തനനിലവാരം പരിശോധിച്ച് ഗുണനിലവാരം ഉറപ്പുവരുത്തിയിട്ടുണ്ട്.ഷാര്‍ജയിലെയും ഉപനഗരങ്ങളിലെയും ഏറെ പ്രാധാന്യമുള്ള 11 ഇടങ്ങളിലാണ് ഇക്കുറി പീരങ്കികള്‍ സ്ഥാപിക്കുക. പീരങ്കി മുഴക്കുന്നത് കാണാന്‍ എത്തുന്നവര്‍ക്ക് മുന്‍ വര്‍ഷങ്ങളില്‍ നോമ്ബ് തുറക്കുള്ള വിഭവങ്ങള്‍ ലഭിക്കാറുണ്ട്, എന്നാല്‍ കോവിഡ് മാനദണ്ഡങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ പീരങ്കിയുടെ സമീപത്തേക്ക് പൊതുജനങ്ങള്‍ക്ക് പ്രവേശനമില്ല. പാരമ്ബര്യമായി കിട്ടിയ ആതിഥ്യമര്യാദയും കൂടിയാണ് ഈ സല്‍ക്കാരം. 1803 മുതല്‍ 1866 വരെ ഷാര്‍ജ ഭരിച്ചിരുന്ന ശൈഖ് സുല്‍ത്താന്‍ ബിന്‍ സാഖര്‍ ആല് ഖാസിമിയുടെ ഭരണകാലത്ത് തുടങ്ങിയതാണ് ഇഫ്താര്‍ നേരത്തെ പീരങ്കി മുഴക്കം.ബാങ്ക് വിളിക്കാന്‍ ആധുനിക ഉപകരണങ്ങള്‍ തുലോം കുറവായിരുന്ന ആ കാലത്ത് ഏറെ പ്രാധാന്യമുണ്ടായിരുന്നു ഈ പീരങ്കികള്‍ക്ക്. കടലിലും മരുഭൂമിയിലും കച്ചവടത്തിനായി പോയ സംഘങ്ങളെ നോമ്ബുതുറയുടെ സമയം അറിയിക്കാനായിരുന്നു ഭരണാധികാരി ഇത്തരമൊരു ആശയത്തിന് തുടക്കമിട്ടത്. മുന്നേറുന്ന ഓരോ പാതയിലും തലമുറകളുടെ അധ്വാനത്തെ ഷാര്‍ജ തിരിച്ചറിയും. അതിെന്റ സാംസ്കാരികമായ ഉയര്ച്ചകളിലെ അടിത്തറകളാണ് ഇത്തരം പൈതൃകങ്ങളെന്ന് ലോകത്തോട് വിളിച്ചുപറയും. ഞങ്ങള്‍ ഇങ്ങനെയായിരുന്നു ഭായ് എന്നു നിവര്‍ന്നുനിന്നു പറയുന്നതില്‍ അഭിമാനം കണ്ടെത്തുന്ന ഈ ജനതയില്‍നിന്ന് പഠിക്കാന്‍ ലോകത്തിന് തന്നെ ഏറെ പാഠമുണ്ട്. റമദാന് സമാഗതമാകാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ തിരക്കിട്ട ഒരുക്കങ്ങളാണ് യു.എ.ഇയില്‍ പരക്കെ നടക്കുന്നത്.