ആഭ്യന്തരമന്ത്രി അമിത് ഷായ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍

0

അമിത് ഷാ വര്‍ഗീയതയുടെ ആള്‍രൂപമാണെന്നും കേരളത്തെ അപമാനിച്ചെന്നും പിണറായി ധര്‍മടത്ത് പറഞ്ഞു. കേരളമാകെ അഴിമതിയാണെന്ന് ഇന്നലെ അമിത് ഷാ വിമര്‍ശിച്ചിരുന്നു. ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി കേരളത്തിലെത്തിയപ്പോഴാണ് അമിത് ഷായുടെ പ്രസ്‌താവന. ഇതിനു മറുപടി നല്‍കുകയായിരുന്നു പിണറായി.”അമിത് ഷായുടെ ശംഖുമുഖത്തെ പ്രസംഗം പദവിക്ക് നിരക്കാത്ത രീതിയില്‍ ആയിരുന്നു. കേരളത്തെ അപമാനിക്കുന്ന അമിത് ഷായുടെ പ്രസ്‌താവനയ്‌ക്കെതിരെ കോണ്‍ഗ്രസ് നേതാക്കള്‍ ഒരക്ഷരം മിണ്ടിയില്ല. വര്‍ഗീയത വളര്‍ത്താന്‍ എന്തും ചെയ്യുന്ന ആളാണ് അമിത് ഷാ. വര്‍ഗീയതയുടെ ആള്‍രൂപമാണ്. ഗുജറാത്ത് കലാപകാലത്തെ അമിത് ഷായില്‍ നിന്ന് വലിയ മാറ്റമൊന്നും ഉണ്ടായിട്ടില്ല. ശംഖുമുഖം പ്രസംഗത്തില്‍ മുസ്‍ലിം എന്ന പദം അമിത് ഷാ ഉപയോഗിച്ചത് വല്ലാത്ത കടുപ്പത്തിലാണ്,” പിണറായി പറഞ്ഞു.അമിത് ഷാ കേരളത്തില്‍ വന്നു നീതിബോധം പഠിപ്പിക്കേണ്ട. നാടിനെ അപമാനിക്കുന്ന പ്രചാരണമാണ് അമിത് ഷാ നടത്തിയത്. മുസ്‌ലിം എന്ന വാക്ക് ഉപയോഗിക്കേണ്ടിവരുമ്ബോള്‍ അദ്ദേഹത്തിന്റെ സ്വരം കടുക്കുന്നു. വര്‍ഗീയത ഏതെല്ലാം തരത്തില്‍ വളര്‍ത്തിയെടുക്കുന്നതിന് എന്തും ചെയ്യുന്ന ആളാണ് അമിത് ഷായെന്നും പിണറായി കുറ്റപ്പെടുത്തി.സര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്താന്‍ പ്രതിപക്ഷം വ്യാജ പ്രചാരണങ്ങള്‍ നടത്തുകയാണെന്ന് പിണറായി പറഞ്ഞു. ബിജെപി നേതാവ് രാവിലെ പറയുന്നത് കോണ്‍ഗ്രസ് നേതാവ് വെെകീട്ട് പറയുന്നു എന്ന തരത്തിലേക്ക് കാര്യങ്ങള്‍ പോയെന്നും പിണറായി പരിഹസിച്ചു.നയതന്ത്ര സ്വര്‍ണക്കടത്ത് ആസൂത്രണം ചെയ്‌ത പ്രധാനി സംഘപരിവാറുകാരനല്ലേയെന്ന് മുഖ്യമന്ത്രി ചോദിച്ചു. സ്വര്‍ണക്കടത്ത് തടയാനുള്ള പൂര്‍ണചുമതല കസ്റ്റംസിനല്ലേ? സ്വര്‍ണം അയച്ചയാളെയും സ്വീകരിച്ചയാളെയും എന്തുകൊണ്ട് ചോദ്യംചെയ്തില്ല? അന്വേഷണ ഏജന്‍സിയെ സര്‍ക്കാരിനെതിരെ തിരിച്ചുവിടാന്‍ പ്രേരിപ്പിച്ചതാരാണെന്നും പിണറായി ചോദിച്ചു.

You might also like

Leave A Reply

Your email address will not be published.