ഏഴു മാസത്തെ യാത്രയ്ക്കുശേഷമാണ് പെഴ്‌സെവറന്‍സ് റോവര്‍ ഇന്ന് പുലര്‍ച്ചെ രണ്ടരയോടെ ചൊവ്വയിലെ ജെസറോ ഗര്‍ത്തത്തില്‍ ഇറങ്ങിയത്. 2020 ജൂലൈ 30 ന് അറ്റ്‌ലസ് 5 റോക്കറ്റിലാണു പെഴ്‌സെവറന്‍സ് വിക്ഷേപിച്ചത്.പാരച്യൂട്ടുകള്‍ ഉപയോഗിച്ച് പേടകത്തിന്റെ വേഗം കുറച്ചാണ് റോവര്‍ ലാന്‍ഡിംഗ് നടത്തിയത്. പെഴ്‌സെവറന്‍സ് റോവറും ഇന്‍ജെന്യുറ്റി എന്നു പേരിട്ടിരിക്കുന്ന ചെറു ഹെലികോപ്റ്ററുമാണ് ദൗത്യത്തിലുള്ളത്. മറ്റൊരു ഗ്രഹത്തില്‍ ഹെലികോപ്റ്റര്‍ പറത്തുന്ന ആദ്യ ദൗത്യമാണിത്.
ഒരു ചെറുകാറിന്റെ വലുപ്പമേ പെഴ്‌സെവറന്‍സ് റോവറിനുള്ളൂ. ചൊവ്വയില്‍ ജീവന്‍ നിലനിന്നിരുന്നോയെന്ന് പഠനം നടത്തുകയാണ് പേടകത്തിന്റെലക്ഷ്യം. 350 കോടി വര്‍ഷം മുന്‍പ് ജലം നിറഞ്ഞ നദികളും തടാകവും ജെസെറോയില്‍ ഉണ്ടായിരുന്നതായി ശാസ്ത്രജ്ഞര്‍ കണ്ടെത്തിയിട്ടുണ്ട്. പ്രദേശത്ത് ഏഴ് അടി താഴ്ചയില്‍ ഖനനം നടത്തി പേടകം മണ്ണ്, പാറ സാന്പിളുകള്‍ ശേഖരിക്കും. 2031 ല്‍ സാന്പിളുമായി പേടകം ഭൂമിയില്‍ മടങ്ങിയെത്തും.
പരീക്ഷണത്തിനുള്ള ഏഴ് ഉപഗ്രഹങ്ങളും 23 കാമറകളും രണ്ട് മൊക്രോഫോണും പേടകത്തിലുണ്ട്. ആറ്റിറ്റിയൂഡ് കണ്‍ട്രോള്‍ സിസ്റ്റം ടെറെയ്ന്‍ റിലേറ്റീവ് നാവിഗേഷന്‍ എന്ന പെഴ്‌സിവിയറന്‍സിലെ ഗതിനിര്‍ണയ സംവിധാനം വികസിപ്പിച്ചെടുത്ത സംഘത്തിനു നേതൃത്വം നല്‍കിയത് ഇന്ത്യന്‍ വംശജയായ ഡോ. സ്വാതി മോഹന്‍ ആണ്.കഴിഞ്ഞ ഏഴ് മാസത്തിനുള്ളില്‍ 30 കോടി മൈല്‍ സഞ്ചരിച്ചാണ് പെഴ്‌സെവറന്‍സ് ചൊവ്വയിലെത്തിയത്. 300 കോടി ഡോളറാണ് ആകെ ചെലവ്.ഒരാഴ്ചയ്ക്കുള്ളില്‍ ചൊവ്വയിലെത്തുന്ന മൂന്നാമത്തെ ദൗത്യമാണിത്. യുഎഇയുടെയും ചൈനയുടെയും ഉപഗ്രഹങ്ങള്‍ ചൊവ്വായെ വലയം വയ്ക്കുന്നുണ്ട്. ഭൂമിയുടെ ഏറ്റവുമടുത്ത് ചൊവ്വ വന്ന ജൂലൈയിലാണ് മൂന്ന് പദ്ധതികളും വിക്ഷേപിച്ചത്. ഇതുവരെ ഒന്‍പത് ഉപഗ്രഹങ്ങള്‍ മാത്രമേ വിജയകരമായി ചൊവ്വയില്‍ ലാന്‍ഡ് ചെയ്തിട്ടുള്ളൂ. ഒന്‍പതും യുഎസ് വിക്ഷേപിച്ചവയാണ്.
ചൊവ്വയിലിറങ്ങുന്ന അഞ്ചാമത്തെ റോവറാണ് പെഴ്സെവറന്‍സ്. സോജണര്‍, ഓപ്പര്‍ച്യൂണിറ്റി, സ്പിരിറ്റ്, ക്യൂരിയോസിറ്റി എന്നിവ നേരത്തെ വിജയകരമായി ചൊവ്വയില്‍ എത്തിയിരുന്നു.