മസ്കത്ത്: വിവിധ വിഭാഗങ്ങളിലുള്ള യാത്രക്കാരെ ചെക്ക് ഇന്‍ സമയത്ത് ബുക്ക് ചെയ്ത ഹോട്ടല്‍ റിസര്‍വേഷന്‍ രേഖകള്‍ കാണിക്കുന്നതില്‍നിന്ന് ഒഴിവാക്കിയതായി സിവില്‍ ഏവിയേഷന്‍ പൊതു അതോറിറ്റി വിമാന കമ്ബനികള്‍ക്ക് സര്‍ക്കുലര്‍ നല്കി. ഒമാനിലെ വിദേശ കാര്യാലയങ്ങളില്‍ ജോലിചെയ്യുന്ന നയതന്ത്ര ഉദ്യോഗസ്ഥര്‍, ഒമാന്‍ സന്ദര്‍ശിക്കുന്ന നയതന്ത്ര ഉദ്യോഗസ്ഥര്‍ അവരുടെ കുടുംബാംഗങ്ങള്‍ എന്നിവര്‍ക്ക് ഇളവുണ്ടാകും.ഇതിന് പുറമെ 16ല്‍ താഴെയും 60ന് മുകളിലും പ്രായമുള്ളവര്‍, വിമാന ജീവനക്കാര്‍, രോഗികളായ യാത്രക്കാര്‍ (മെഡിക്കല്‍ സാഹചര്യങ്ങളെ കുറിച്ച് ഡോക്ടര്‍മാരുടെ കത്ത് ഉണ്ടാകണം), റിലീഫ് ആന്‍ഡ് ഷെല്‍ട്ടര്‍ വിഭാഗത്തിെന്റ അംഗീകാരമുള്ള സ്വകാര്യ ഇന്‍സ്റ്റിറ്റ്യൂഷനല്‍ ക്വാറന്റീന് കേന്ദ്രങ്ങളുടെ പെര്‍മിറ്റുകള്‍ കൈവശമുള്ളവര്‍ എന്നിവര്‍ക്കും ചെക്ക് ഇന്‍ സമയത്ത് മുന്‍കൂര്‍ ഹോട്ടല്‍ റിസര്‍വേഷന്‍ സംബന്ധിച്ച രേഖകള്‍ കാണിക്കേണ്ടതില്ലെന്ന് സര്‍ക്കുലറില്‍ പറയുന്നു. ക്വാറന്റീന് സംബന്ധിച്ച മറ്റു നിര്‍ദേശങ്ങളില്‍ മാറ്റമില്ല.അതിനിടെ, മസ്കത്ത് മേഖലയിലെ ചെറിയ നിരക്കുള്ള ഹോട്ടലുകളും ഹോട്ടല്‍ അപ്പാര്ട്മെന്റുകളെല്ലാം നിറഞ്ഞുകഴിഞ്ഞു. സുഹൃത്തുക്കള്‍ക്ക് ഒമാനിലേക്ക് വരുന്നതിനായി ഹോട്ടല്‍ ബുക്കിങ് തേടിയെങ്കിലും 25ാം തീയതി വരെ മുറികള്‍ ഒഴിവില്ലെന്നാണ് വിവിധ ഹോട്ടലുകളില്‍നിന്ന് പറഞ്ഞതെന്ന് മസ്കത്തില് ജോലി ചെയ്യുന്ന കോഴിക്കോട് സ്വദേശി പറഞ്ഞു. ഒമാനിലേക്ക് വരുന്നവര്‍ക്കു പുറമെ സൗദിയിലേക്ക് പോകുന്നതിനായും നിരവധി പേര് ഒമാനിലെത്തിയിട്ടുണ്ട്.