ബുദ്ധിമുട്ടിലായ കലാകാരന്‍മാര്‍ക്ക് ആവശ്യമായ എല്ലാ സഹായവും ലഭ്യമാക്കാന്‍ വേണ്ട നടപടി സര്‍ക്കാര്‍ സ്വീകരിക്കുമെന്നും കലാകാരന്‍മാരുടെ പ്രയാസം സര്‍ക്കാര്‍ ഉള്‍ക്കൊണ്ടിട്ടുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു

0

തിരുവനന്തപുരം മാസ്‌ക്കറ്റ് ഹോട്ടലില്‍ സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായി ആശയവിനിമയം നടത്തുകയായിരുന്നു അദ്ദേഹം. കലാകാരന്‍മാര്‍ക്ക് ഇപ്പോള്‍ ചില സഹായങ്ങള്‍ സര്‍ക്കാര്‍ നല്‍കിയിട്ടുണ്ട്. കൂടുതല്‍ സഹായം നല്‍കാന്‍ മടിച്ചു നില്‍ക്കില്ല. അവശ കലാകാരന്‍മാര്‍ക്ക് പെന്‍ഷന്‍ ലഭിക്കുന്നതിന് അപേക്ഷ സമര്‍പ്പിക്കുന്നതിന് എന്തെങ്കിലും തരത്തിലുള്ള ബുദ്ധിമുട്ടുകളുണ്ടെങ്കില്‍ അക്കാര്യം പരിശോധിക്കും. കേരളത്തിനൊരു സിനിമ നയം രൂപീകരിക്കുന്നത് പരിഗണിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.കേരള കലാമണ്ഡലത്തില്‍ പ്‌ളസ് ടു കഴിഞ്ഞിറങ്ങുന്ന കുട്ടികള്‍ക്ക് തുടര്‍ പഠനത്തിന് പ്രശ്‌നങ്ങളുണ്ടെങ്കില്‍ പരിശോധിക്കും. കേരളത്തിലെ വിവിധ അക്കാഡമികള്‍ക്ക് ആവശ്യമുള്ള ഫണ്ട് സര്‍ക്കാരിന്റെ പരിമിതിക്കുള്ളില്‍ നിന്ന് നല്‍കുന്നതിന് ശ്രദ്ധിച്ചിട്ടുണ്ട്. കേരളത്തിന്റെ പൈതൃകങ്ങള്‍ സംരക്ഷിക്കേണ്ടതിനെ സര്‍ക്കാര്‍ ഗൗരവത്തോടെയാണ് കാണുന്നത്. പൈതൃക കേന്ദ്രങ്ങള്‍ നശിക്കാന്‍ പാടില്ല. ഇതുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യും. സാഹിത്യകാരന്‍മാര്‍ സ്‌കൂളുകളിലെത്തി കുട്ടികളുമായി സംവദിക്കുന്ന പരിപാടി ആലോചിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. കലാകാരന്‍മാര്‍ക്ക് പരിപാടികള്‍ അവതരിപ്പിക്കുന്നതിന് തലസ്ഥാനത്തെ ഹാളുകള്‍ ചെറിയ വാടകയ്ക്ക് വിട്ടു നല്‍കണമെന്ന നിര്‍ദ്ദേശം പരിഗണിക്കും. കേരളത്തിലെ നൃത്തവിദ്യാര്‍ത്ഥികള്‍ക്ക് ഗവേഷണം നടത്തുന്നതിനുള്ള സാഹചര്യം ഒരുക്കുന്നതും ചര്‍ച്ച ചെയ്യും. സൈബര്‍ നിയമങ്ങള്‍ ശക്തിപ്പെടുത്തണമെന്ന പൊതുഅഭിപ്രായം വന്നിട്ടുണ്ട്. സൈബര്‍ സെല്ലുകളില്‍ നിലവില്‍ ആവശ്യത്തിന് ജീവനക്കാരുണ്ടെന്ന് മുഖ്യമന്ത്രി യോഗത്തില്‍ അറിയിച്ചു.കേരളത്തിലെ സര്‍വകലാശാലകളുടെ മികവ് വര്‍ധിപ്പിക്കാനുള്ള നല്ല ശ്രമത്തിലാണ് സര്‍ക്കാര്‍. ഉന്നത വിദ്യാഭ്യാസ മേഖല കാലാനുസൃതമായി മാറേണ്ടതുണ്ട്. ഇതിനുള്ള പ്രഖ്യാപനം ഇത്തവണത്തെ ബഡ്ജറ്റിലുണ്ടായിട്ടുണ്ട്. പോലീസിനോടുള്ള ഭയം അകറ്റാന്‍ വിദ്യാലയങ്ങളില്‍ യൂണിഫോമിലുള്ള ഉദ്യോഗസ്ഥര്‍ ക്‌ളാസുകളെടുക്കണമെന്ന് ചര്‍ച്ചയില്‍ ഉയര്‍ന്ന നിര്‍ദ്ദേശം നല്ല ആശയമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.സംസ്ഥാനത്തെ പ്രൈമറി ക്‌ളാസുകളിലെ അധ്യാപകര്‍ മികവുള്ളവരാണ്. എന്നാല്‍ അവര്‍ കാലാനുസൃതമായ മികവ് ആര്‍ജിക്കണം. ഇതിനാവശ്യമായ പരിശീലനം നല്‍കും. നവോത്ഥാന പ്രതിബദ്ധത ശരിയായി പുലര്‍ന്നു പോകണം. പ്രതിസന്ധികളെ നേരിട്ട കേരളത്തിന്റെ ഒരുമ നവോത്ഥാന മൂല്യത്തില്‍ നിന്നുണ്ടായതാണ്. എന്നാല്‍ സമൂഹത്തില്‍ വേര്‍തിരിവ് സൃഷ്ടിക്കാനും സ്പര്‍ദ്ധ വളര്‍ത്താനും വിഭാഗീയതയ്ക്കും വലിയ ശ്രമം നടക്കുന്നു. ഇതിനായി വിവിധ മാര്‍ഗങ്ങള്‍ അവര്‍ ഉപയോഗിക്കുന്നു. ശരിയായ തിരിച്ചറിവിലൂടെ മാത്രമേ എതിര്‍ നിലപാടു സ്വീകരിക്കാനാവൂ. എതിര്‍ക്കേണ്ടതിനെ എതിര്‍ത്തും തുറന്നു കാട്ടേണ്ടതിനെ തുറന്നു കാട്ടിയും മുന്നോട്ടു പോകണം. അല്ലെങ്കില്‍ ചതിക്കുഴിയില്‍ പതിക്കും.കോവിഡ് 19 ഗൗരവാവസ്ഥയില്‍ നീങ്ങുന്ന സ്ഥിതിയാണ് സംസ്ഥാനത്ത് ഇപ്പോഴുമുള്ളത്. ഉത്‌സവ സീസണ്‍ നഷ്ടപ്പെടുന്നതു മൂലം കലാകാരന്‍മാര്‍ മിക്കവരും ബുദ്ധിമുട്ടിലാണെന്നും 200ല്‍ കൂടുതല്‍ പേര്‍ എത്തുമെന്ന പേടിയില്‍ പല ക്ഷേത്രക്കമ്മിറ്റികളും കലാപരിപാടികള്‍ നടത്തുന്നതിന് വിമുഖത കാട്ടുന്നതായും സംവാദത്തില്‍ ചിലര്‍ ചൂണ്ടിക്കാട്ടിയതിനോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം. മാസ്‌ക്ക് ധരിക്കുന്നതില്‍ ശ്രദ്ധിക്കുന്നുണ്ടെങ്കിലും ശാരീരികാകലം പാലിക്കുന്നതില്‍ വലിയ കുറവുണ്ടായിട്ടുണ്ട്. പോലീസ് വിചാരിച്ചാല്‍ മാത്രം ഉത്‌സവ സ്ഥലത്തെ ആളുകളെ നിയന്ത്രിക്കാനാവില്ല. ഇപ്പോഴത്തെ ജാഗ്രത ശക്തിപ്പെടുത്തേണ്ടി വരുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.എം.ടി വാസുദേവന്‍ നായര്‍, അടൂര്‍ ഗോപാലകൃഷ്ണന്‍, എം. കെ. സാനു, എം. മുകുന്ദന്‍, ശ്രീകുമാരന്‍ തമ്ബി, എന്‍. എസ്. മാധവന്‍, ഷാജി എന്‍. കരുണ്‍, സക്കറിയ, മമ്മൂട്ടി, പൃഥ്വിരാജ്, മഞ്ജു വാര്യര്‍, പ്രൊഫ. വി. മധുസൂദനന്‍ നായര്‍, മേതില്‍ ദേവിക, രഞ്ജിത്ത്, മട്ടന്നൂര്‍ ശങ്കരന്‍കുട്ടി, ഡോ. കെ. ഓമനക്കുട്ടി, സൂര്യ കൃഷ്ണമൂര്‍ത്തി, സി. ജെ. കുട്ടപ്പന്‍, പാര്‍വതി തിരുവോത്ത്, പി. ജയചന്ദ്രന്‍, വസന്തകുമാര്‍ സാംബശിവന്‍ എന്നിവര്‍ സംസാരിച്ചു. സാംസ്‌കാരിക വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി റാണി ജോര്‍ജ് സ്വാഗതവും ചലച്ചിത്ര അക്കാഡമി ചെയര്‍മാന്‍ കമല്‍ നന്ദിയും പറഞ്ഞു.

You might also like

Leave A Reply

Your email address will not be published.