ചുവന്ന കുള്ളന്‍ നക്ഷത്രങ്ങള്‍ക്ക് ചുറ്റുമുള്ള ഗ്രഹങ്ങളില്‍ ജീവന്‍ ഉണ്ടാകാം

0

താരതമ്യേന താപനില കുറഞ്ഞ ചെറിയ നക്ഷത്രങ്ങളാണ് ചുവന്ന കുള്ളന്‍ നക്ഷത്രങ്ങള്‍. സാധാരണയായി സൂര്യന്റെ 40 ശതമാനത്തില്‍ താഴെ പിണ്ഡം മാത്രമേ ഇത്തരം നക്ഷത്രങ്ങള്‍ക്ക് ഉണ്ടാവാറുള്ളൂ. അതേസമയം, ചുവന്ന കുള്ളന്‍ നക്ഷത്രങ്ങളുടെ ആയുസ് വളരെ കൂടുതലുമാണ്. പിണ്ഡത്തിനനുസരിച്ച്‌ 1000 കോടി മുതല്‍ 1,00,000 കോടി വര്‍ഷം വരെയാകാം അവയുടെ ആയുര്‍ദൈര്‍ഘ്യം.പിണ്ഡം കുറയുന്നതിനനുസരിച്ച്‌ ആയുസ്സും കൂടും. സൂര്യന്‍ കഴിഞ്ഞാല്‍ ഭൂമിയോട് ഏറ്റവും അടുത്ത നക്ഷത്രമായ പ്രോക്‌സിമ സെന്റോറിയും ചുവന്ന കുള്ളന്‍ നക്ഷത്രമാണ്.സൂര്യനില്‍ നിന്നുള്ള ഊര്‍ജ്ജമാണ് ഭൂമിയില്‍ ജീവന്‍ നിലനിര്‍ത്തുന്നത്. പ്രപഞ്ചത്തില്‍ എവിടെയെങ്കിലും ജീവനുണ്ടെങ്കില്‍ അതും സമാനമായ രീതിയില്‍ നക്ഷത്രത്തില്‍ നിന്നുള്ള ഊര്‍ജ്ജം ഉപയോഗിച്ചായിരിക്കും നിലനില്‍ക്കുക എന്നാണ് കരുതപ്പെടുന്നത്. സൂര്യന്‍ അടക്കമുള്ള എല്ലാ നക്ഷത്രങ്ങളില്‍ നിന്നും ചിലസമയത്ത് ഉയര്‍ന്ന ഊര്‍ജ്ജപ്രവാഹത്തിന്റെ ആളിക്കത്തലുകളുണ്ടാവും.ഭൂമിയിലെത്തുന്ന സൂര്യനില്‍ നിന്നുള്ള ഉയര്‍ന്ന ഊര്‍ജ്ജ പ്രവാഹങ്ങള്‍ വര്‍ത്താ വിനിമയ സംവിധാനങ്ങളേയും സാറ്റലൈറ്റുകളേയും ബാധിക്കാന്‍ ശേഷിയുള്ളവയാണ്. എന്നാല്‍, ഭൂമിയുടെ കാന്തികമണ്ഡലം കരുത്തുറ്റതായത് കൊണ്ടാണ് പലപ്പോഴും ഇത്തരം ഊര്‍ജ്ജപ്രവാഹങ്ങള്‍ ഇങ്ങോട്ടേക്ക് എത്താത്തത്.ഇത്തരം അമിത ഊര്‍ജ്ജ പ്രവാഹങ്ങളുടെ കാര്യത്തില്‍ മറ്റു നക്ഷത്രങ്ങളെ അപേക്ഷിച്ച്‌ സൂര്യന്‍ പ്രശ്‌നക്കാരനല്ല എന്നതാണ് ആശ്വാസകരമായ വസ്തുത. ചുവപ്പുകുള്ളന്മാരെ പോലുള്ള ചില നക്ഷത്രങ്ങളില്‍ നിന്നുള്ള ഇത്തരം ഊര്‍ജ്ജ പ്രവാഹങ്ങള്‍ വളരെ ഉയര്‍ന്നതായിരിക്കും. തുടര്‍ച്ചയായുള്ള ഇത്തരം ഊര്‍ജ്ജപ്രവാഹങ്ങളാണ് ചുവപ്പുകുള്ളന്മാര്‍ക്ക് ചേര്‍ന്നുള്ള ഗ്രഹങ്ങളിലെ ജീവന്റെ സാധ്യത ഇല്ലാതാക്കുന്നത്.സൂര്യനില്‍ നിന്നുള്ള ഹാനികരമായ രശ്മികളെ തടയുന്നതില്‍ ഓസോണിനും വലിയ പങ്കുണ്ട്. ചുവപ്പുകുള്ളന്മാരില്‍ നിന്നുള്ള ഊര്‍ജ്ജ പ്രവാഹങ്ങള്‍ ഏല്‍ക്കേണ്ടി വന്നാല്‍ ഓസോണ്‍ പാളിക്കും പിടിച്ചു നില്‍ക്കാനാവില്ല. ഓസോണ്‍ പാളി ഇല്ലാതായാല്‍ കൂടുതല്‍ ശക്തിയോടെ ഇത്തരം തരംഗങ്ങള്‍ക്ക് ഗ്രഹങ്ങളുടെ ഉപരിതലത്തിലേക്കെത്താനും സാധിക്കും.അന്യഗ്രഹ ജീവന് അവശ്യം വേണ്ട മറ്റൊന്ന് വെള്ളത്തിന്റെ സാന്നിധ്യമാണ്. ഭൂമിയുടേതു പോലെ നക്ഷത്ര (സൂര്യന്‍) ത്തില്‍ നിന്നും അനുയോജ്യമായ അകലം വെള്ളത്തിന്റെ സാന്നിധ്യത്തിന് ആവശ്യമാണ്. ചൂട് കൂടി വെള്ളം നീരാവിയാവാനോ കുറഞ്ഞ് മഞ്ഞായി മാറാനോ പാടില്ല.നക്ഷത്രത്തില്‍ നിന്നുള്ള ഈ അകലം വെള്ളത്തിന്റെ കാര്യത്തില്‍ മാത്രമല്ല ഊര്‍ജ്ജ തരംഗങ്ങളുടെ കാര്യത്തിലും നിര്‍ണായകമാണ്. വെള്ളത്തിന് യോജിക്കുന്ന അകലം കണക്കാക്കിയാല്‍ ചുവന്ന കുള്ളന്മാരോട് വളരെ അടുത്തുള്ള ഗ്രഹങ്ങളെയായിരിക്കും ലഭിക്കുക.സൂര്യന്റെ പകുതിയേക്കാള്‍ താഴെ മാത്രം വലുപ്പമുള്ള ചുവപ്പുകുള്ളന്മാരില്‍ നിന്നും ജീവന് സാധ്യതയുള്ള ദൂരവും കുറവായിരിക്കും. ഇത് ചുവപ്പുകുള്ളന്മാരില്‍ നിന്നും അനുയോജ്യമായ ഗ്രഹങ്ങളിലേക്കുള്ള ദൂരവും കുറയ്ക്കുന്നു. ഭൂമിയും സൂര്യനും തമ്മിലുള്ള അകലത്തേക്കാള്‍ വളരെ കുറഞ്ഞ അകലമായിരിക്കും ഇത്. ഈ ദൂരക്കുറവും ഊര്‍ജ്ജ പ്രവാഹത്തിന്റെ അപകടസാധ്യതയെ വര്‍ധിപ്പിക്കുന്നുണ്ട്.അതേസമയം, ചുവപ്പുകുള്ളന്മാരോട് ചേര്‍ന്നുള്ള ഗ്രഹങ്ങളില്‍ ജീവനുള്ള സാധ്യത പൂര്‍ണമായും തള്ളിക്കളയാനും സാധിക്കില്ല. ജീവന്റെ സൂചനകളെന്ന് വിശേഷിപ്പിക്കാവുന്ന പല വാതകങ്ങളുടേയും സാന്നിധ്യം ഇത്തരം ഗ്രഹങ്ങളില്‍ നിന്നും കണ്ടെത്തിയിട്ടുണ്ട്. ആവര്‍ത്തിച്ചുള്ള ഊര്‍ജ്ജ പ്രവാഹങ്ങള്‍ക്ക് ഒരു ഗ്രഹത്തെ ജീവന് അനുയോജ്യമായ അവസ്ഥയിലേക്ക് മാറ്റാനുള്ള കഴിവുമുണ്ടെന്ന് ഗവേഷകര്‍ ഓര്‍മിപ്പിക്കുന്നുണ്ട്.സൂര്യനെ അപേക്ഷിച്ച്‌ നീണ്ട ആയുസ്സുള്ള ചുവപ്പുകുള്ളന്മാരോട് ചേര്‍ന്നുള്ള ഗ്രഹങ്ങളില്‍ ജീവന്‍ ഉടലെടുക്കാന്‍ നീണ്ടകാലത്തെ സാവകാശമുണ്ടെന്നതും ഒരു സാധ്യതയായി ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്. ഭൂമിക്ക് പുറത്തെ ജീവന്റെ സാധ്യതകള്‍ തേടുന്നത് പോലും എത്രത്തോളം സങ്കീര്‍ണമാണെന്ന് നേച്ചുര്‍ അസ്‌ട്രോണമി ജേണലില്‍ പ്രസിദ്ധീകരിച്ച ഈ പഠനം കാണിക്കുന്നു.

You might also like

Leave A Reply

Your email address will not be published.