ചുഴലിക്കാറ്റ്:ചിന്തയും ജാഗ്രതയും

0

തെക്കൻ കേരളത്തിലും തെക്കൻ തമിഴ്നാട് തീരങ്ങളിലും കേന്ദ്ര കാലാവസ്ഥാ വകുപ്പ് ചുഴലിക്കാറ്റിന് സാധ്യതാ മുന്നറിയിപ്പ് പ്രഖ്യാപിച്ചിരിക്കുകയാണ്. തെക്കുകിഴക്കൻ ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട അതിതീവ്ര ന്യൂനമർദ്ദം ബുധനാഴ്ച വൈകുന്നേരത്തോടെ ചുഴലിക്കാറ്റായി മാറിയ സാഹചര്യത്തിലാണ് ഈ അറിയിപ്പ്.’ബുറെവി’ എന്ന് വിളിക്കപ്പെടുന്ന ചുഴലിക്കാറ്റ് മാന്നാർ ഉൾക്കടൽ വഴി കന്യാകുമാരി മേഖലയിലേക്ക് കടക്കുമെന്നും കരുതുന്നു.
വെള്ളിയാഴ്ച തിരുവനന്തപുരത്ത് എത്തുമെന്നാണ് നിരീക്ഷണം. അറുപത് മുതൽ തൊണ്ണൂറ് കി.മീ വേഗതയിൽ കാറ്റടിക്കാനും സാധ്യത കാണുന്നു.
കേരളത്തിൽ തീരപ്രദേശങ്ങളിൽ അതീവ ജാഗ്രതാ നിർദ്ദേശങ്ങൾ നൽകിയതിൻ്റെ അടിസ്ഥാനത്തിൽ വലിയ തോതിലുള്ള പ്രതിരോധ പ്രവർത്തനങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്.ശാസ്ത്രീയമായ അറിവിൻ്റെയും നിഗമനങ്ങളുടെയും അടിസ്ഥാനത്തിൽ നൽകുന്ന അറിയിപ്പുകൾ വിരളമായി മാത്രമേ തെറ്റി പോകാറുള്ളൂ. ആയതിനാൽ അപകടസാധ്യതയുള്ള എല്ലാ സാഹചര്യങ്ങളിൽ നിന്നും മാറി നിൽക്കാനുള്ള കാലാവസ്ഥാ കേന്ദ്രത്തിൻ്റെ ജാഗ്രതാ നിർദ്ദേശങ്ങൾ ഓരോരുത്തരും ഗൗരവത്തിലെടുക്കണം.
നേരത്തെ സംഭവിച്ച സുനാമിയും ഓഖിയും രണ്ട് പ്രളയങ്ങളും വിതച്ച ദുരന്തം അനുഭവിച്ചവരാണ് നമ്മൾ.ദുർബല മനസ്കരുടെ മനോനില തെറ്റി പോകുന്ന രീതിയിൽ ഇത്തരം വാർത്തകൾ ആഖ്യാനിക്കാതിരിക്കാൻ മാധ്യമങ്ങളും സോഷ്യൽ മീഡിയയിൽ ഇടപെടുന്നവരും പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്.അതോടൊപ്പം, പ്രകൃതിയിലുണ്ടാകുന്ന ഇത്തരം പ്രതിഭാസങ്ങളെ കുറിച്ച് ചിന്തിക്കാനും അതിനു പിന്നിലുള്ള സ്രഷ്ടാവിൻ്റെ കഴിവിനെ കുറിച്ചും നമ്മുടെ കഴിവുകേടിനെ കുറിച്ചും ആലോചിച്ച് വിനയാന്വിതരായി സ്രഷ്ടാവിൻ്റെ മാർഗനിർദേശങ്ങൾ സ്വീകരിക്കാനും നാം തയ്യാറാകണം.വിശ്വാസികളെ സംബന്ധിച്ചിടത്തോളം വിശ്വാസം വർദ്ധിക്കാനും
ഇഹലോകത്തിൻ്റെ നശ്വരത കൂടുതൽ ബോധ്യപ്പെടാനും ഇടയാക്കുന്നതാണ് ഇത്തരം സന്ദർഭങ്ങൾ.ഏതു ഘട്ടത്തിലും സമചിത്തതയോടെ പെരുമാറാൻ വിശ്വാസികൾക്ക് സാധിക്കും.ആകാശം ഇരുണ്ട് പോവുകയും കാറ്റ് പ്രത്യക്ഷപ്പെടുകയും പ്രകൃതിയിൽ അവിചാരിതമായ മാറ്റങ്ങൾ ഉണ്ടാവുകയും ചെയ്യുമ്പോൾ എന്തുചെയ്യണമെന്ന് പ്രവാചക തിരുമേനിയുടെ ജീവിതത്തിൽ കൃത്യമായ മാതൃക നമുക്ക് കാണാൻ സാധിക്കും.

👇 അതിപ്രകാരമാണ്

ആയിശാ (റ) പറഞ്ഞു:
” നബി തിരുമേനി മേഘം കണ്ടാൽ അല്ലെങ്കിൽ കാറ്റ് കണ്ടാൽ അത് നബിയുടെ മുഖത്ത് അറിയപ്പെടുമായിരുന്നു. “
അപ്പോൾ അവർ ചോദിച്ചു:
” അല്ലാഹുവിൻ്റെ റസൂലേ.. ജനങ്ങൾ മേഘം കണ്ടാൽ സന്തോഷിക്കുന്നതായി ഞാൻ കാണാറുണ്ട്.അതിൽ മഴയുണ്ടാകുമെന്ന പ്രതീക്ഷയിൽ. എന്നാൽ നിങ്ങൾ അത് കണ്ടാൽ നിങ്ങളുടെ മുഖത്ത് ഒരു വെറുപ്പ് ഞാൻ കാണുന്നു.” അപ്പോൾ നബി(സ) പറഞ്ഞു: ” ആയിഷാ അതിൽ ശിക്ഷയായിരിക്കാം.അതില്ലയെന്നതിന് എനിക്ക് നിർഭയത്വം നൽകുന്നത് എന്താണ്? ഒരു വിഭാഗം കാറ്റു കൊണ്ട് ശിക്ഷിക്കപ്പെട്ടിട്ടുണ്ട്.ഒരു സമുദായം ശിക്ഷ കണ്ടു. അപ്പോൾ ഇത് നമുക്ക് മഴ നൽകുന്ന മേഘമാണ് എന്നവർ പറഞ്ഞു, എന്നാൽ വേദനയേറിയ ശിക്ഷയുൾക്കൊള്ളുന്ന ഒരു കാറ്റായിരുന്നു അത്. “

👇 കാറ്റും ഇടിയും ഉണ്ടാകുമ്പോള്‍ നബി(സ) പ്രാര്‍ത്ഥിക്കാൻ പഠിപ്പിച്ചത് ഇപ്രകാരമാണ്.

اللّهُـمَّ إِنَّـي أَسْـأَلُـكَ خَيْـرَها، وَأَعـوذُ بِكَ مِنْ شَـرِّها
: (سنن ابن ماجة:٣٧٢٧ وصححه الألباني في صحيح الجامع:٧٣١٦)

“ അല്ലാഹുവേ! ഇതിലെ (ഈ കാറ്റിലെ) നന്മയെ നിന്നോട് ഞാന്‍ ചോദിക്കുകയും ഇതിലെ തിന്മയില്‍ നിന്ന് ഞാന്‍ നിന്നോട് രക്ഷതേടുകയും ചെയ്യുന്നു.”
 
اللّهُـمَّ إِنَّـي أَسْـأَلُـكَ خَيْـرَها، وَخَيْـرَ ما فيهـا، وَخَيْـرَ ما اُرْسِلَـتْ بِه، وَأَعـوذُ بِكَ مِنْ شَـرِّها، وَشَـرِّ ما فيهـا، وَشَـرِّ ما اُرْسِلَـتْ بِه
: (البخاري:٣٢٠٦ ومسلم:٨٩٩)

“ അല്ലാഹുവേ! ഇതിലെ (ഈ കാറ്റിലെ) നന്‍മയെയും ഇതുള്‍ക്കൊണ്ടതിലെ നന്മയെയും ഇത് അയക്കപ്പെട്ടതിലെ നന്മയെയും നിന്നോട് ഞാന്‍ ചോദിക്കുന്നു. ഇതിലെ (ഈ കാറ്റിലെ) തിന്മയില്‍ നിന്നും, ഇതുള്‍ക്കൊണ്ടതിലെ തിന്മയില്‍ നിന്നും, ഇത് അയക്കപ്പെട്ടതിലെ തിന്മയില്‍ നിന്നും നിന്നോട് ഞാന്‍ രക്ഷ തേടുന്നു. ”

അല്ലാഹു എല്ലാ വിപത്തിൽനിന്നും നമ്മെ കാത്തുരക്ഷിക്കുമാറാകട്ടെ.

You might also like

Leave A Reply

Your email address will not be published.