ഇറാന്റെ പ്രധാന ആണവകേന്ദ്രം ആക്രമിക്കുന്നതിനുള്ള സാധ്യതകള്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് കഴിഞ്ഞ ആഴ്ച തേടിയിരുന്നതായി റിപ്പോര്‍ട്ട്. എന്നാല്‍ ഈ നാടകീയമായ പദ്ധതി പിന്നീട് വേണ്ടെന്ന് വെക്കുകയായിരുന്നുവെന്നും ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.ദേശീയ സുരക്ഷാ ഉന്നതര്‍ പങ്കെടുത്ത യോഗത്തിലാണ് ട്രംപ് ഇത്തരത്തിലൊരു ആവശ്യം മുന്നോട്ടുവെച്ചത്. വൈസ് പ്രസിഡന്റ് മൈക് പെന്‍സ്, പുതിയ ആക്ടിങ് ഡിഫന്‍സ് സെക്രട്ടറി ക്രിസ്റ്റഫര്‍ മില്ലര്‍, ചെയര്‍മാന്‍ ഓഫ് ജോയന്റ് ചീഫ് ഓഫ് സ്റ്റാഫ് ജനറല്‍ മാര്‍ക്ക് മില്ലെ തുടങ്ങിയവര്‍ ഈ യോഗത്തില്‍ പങ്കെടുത്തിരുന്നു.വിശാലമായ സംഘര്‍ഷത്തിന്റെ അപകടസാധ്യത ചൂണ്ടിക്കാട്ടി ആക്രമണത്തിന് മുതിരരുതെന്ന് ഉപദേശകര്‍ ട്രംപിനെ പ്രേരിപ്പിച്ചുവെന്നാണ് റിപ്പോര്‍ട്ട്. ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്ത യോഗത്തിന്റെ വിശദാംശങ്ങള്‍ യുഎസ് ഉദ്യോഗസ്ഥര്‍ സ്ഥിരീകരിച്ചിട്ടുണ്ട്.