അടുത്ത മാസം നടക്കുന്ന നാവിക പരിശീലന പരിപാടിയായ മലബാറില്‍ ഇന്ത്യയ്‌ക്കൊപ്പം പങ്കെടുക്കാന്‍ ഓസ്‌ട്രേലിയയും. ഇന്തോ-പസഫിക് മേഖലയിലെ നാല് പ്രധാന പങ്കാളികളെ ഒരുമിച്ച് കൊണ്ടുവരുന്നതിനായി അമേരിക്ക, ജപ്പാന്‍, ഇന്ത്യ എന്നിവ ഉള്‍പ്പെടുന്ന മലബാര്‍ നാവിക പരിശീലനത്തില്‍ ഓസ്ട്രേലിയ പങ്കെടുക്കുമെന്ന് ഓസ്ട്രേലിയന്‍ സര്‍ക്കാര്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കി. അതിര്‍ത്തിയില്‍ തര്‍ക്കം തുടരുന്ന സാഹചര്യത്തില്‍ ചൈനയ്ക്കുള്ള ശക്തമായ മുന്നറിയിപ്പായി മാറുകയാണ് ശക്തരായ നാലു രാജ്യങ്ങള്‍ ചേര്‍ന്നുള്ള നാവിക പരിശീലനം.ഓസ്ട്രേലിയയുടെ സമുദ്ര ശേഷി വര്‍ദ്ധിപ്പിക്കുന്നതിനും ഇന്ത്യ ഉള്‍പ്പെടെയുള്ള പങ്കാളികളുമായി പരസ്പര സഹകരണം വളര്‍ത്തുന്നതിനും മലബാര്‍ പോലുള്ള ഉന്നത സൈനികാഭ്യാസങ്ങള്‍ പ്രധാനമാണെന്ന് ഓസ്‌ട്രേലിയന്‍ പ്രതിരോധമന്ത്രി ലിന്‍ഡ റെയ്‌നോള്‍ഡ്‌സ്, വിദേശകാര്യ മന്ത്രി മാരിസ് പെയ്ന്‍ എന്നിവര്‍ ചേര്‍ന്നിറക്കിയ സംയുക്ത പ്രസ്താവനയില്‍ പറയുന്നു.നവംബര്‍ ആദ്യത്തെയും മൂന്നാമത്തെയും ആഴ്ചകളില്‍ രണ്ട് ഘട്ടങ്ങളായി ബംഗാള്‍ ഉള്‍ക്കടലിലും അറേബ്യന്‍ കടലിലും നടക്കുന്ന മലബാറിന്റെ 24-ാം പതിപ്പ്, സമുദ്രങ്ങളിലെ പോരാട്ട തന്ത്രങ്ങള്‍ക്കാണ് മുന്‍തൂക്കം നല്‍കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി പ്രധാനമന്ത്രി സ്‌കോട്ട് മോറിസണും തമ്മില്‍ നടത്തിയ വിര്‍ച്വല്‍ ഉച്ചകോടിയിലാണ് മലബാര്‍ പരിശീലനത്തിനായി ഇന്ത്യ ഓസ്‌ട്രേലിയയെ ക്ഷണിച്ചത്.