ബഹു. സാംസ്കാരിക വകുപ്പ് മന്ത്രി ശ്രീ. പി. സി. വിഷ്ണുനാഥ് ചിത്രാഞ്ജലി സ്റ്റുഡിയോ സന്ദർശിക്കുന്നു**
ബഹു. സാംസ്കാരിക വകുപ്പ് മന്ത്രി ശ്രീ. പി. സി. വിഷ്ണുനാഥ് ചിത്രാഞ്ജലി സ്റ്റുഡിയോ സന്ദർശിക്കുന്നു**
ചിത്രാഞ്ജലി സ്റ്റുഡിയോയുടെ സമഗ്ര വികസനത്തിനായി കെ.എസ്.എഫ്.ഡി.സി. ആവിഷ്കരിച്ചിട്ടുള്ള പദ്ധതികളും തുടർനടപടികളും വിലയിരുത്തുന്നതിനായി ബഹു. സാംസ്കാരിക വകുപ്പ് മന്ത്രി ശ്രീ. പി.സി. വിഷ്ണുനാഥ് ഒക്ടോബർ 27-ന് ഉച്ചകഴിഞ്ഞ് 3 മണിക്ക് സ്റ്റുഡിയോ സന്ദർശിക്കും.
ഒക്ടോബർ 15-ന് കെ.എസ്.എഫ്.ഡി.സി. ചെയർമാൻ ശ്രീ. പ്രേംകുമാർ സ്റ്റുഡിയോ ജീവനക്കാരുമായും പ്രദേശവാസികളുമായും നടത്തിയ ജനകീയ ആശയവിനിമയത്തിന്റെ തുടർച്ചയായാണ് മന്ത്രിയുടെ സന്ദർശനം. അന്ന് ഉയർന്നുവന്ന നിർദേശങ്ങളും അഭിപ്രായങ്ങളും പരിഗണിച്ച് വികസന പ്രവർത്തനങ്ങൾക്ക് ആവശ്യമായ സർക്കാർ പിന്തുണ ഉറപ്പാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
സ്റ്റുഡിയോയുടെ അടിസ്ഥാന സൗകര്യ നവീകരണം, ആധുനിക സാങ്കേതിക സംവിധാനങ്ങൾ ഒരുക്കൽ, പുതിയ വികസന സാധ്യതകൾ കണ്ടെത്തൽ, വരുമാന മാർഗങ്ങൾ വിപുലീകരിക്കൽ തുടങ്ങിയ വിഷയങ്ങൾ സന്ദർശനത്തിൽ ചർച്ച ചെയ്യും. ജീവനക്കാരുടെയും പ്രദേശവാസികളുടെയും ചലച്ചിത്ര പ്രവർത്തകരുടെയും സഹകരണത്തോടെ വികസന പദ്ധതികൾ നടപ്പാക്കുന്നതിനുള്ള തുടർനടപടികളും വിലയിരുത്തും.
ചിത്രാഞ്ജലിയുടെ ചരിത്രപരമായ പൈതൃകം സംരക്ഷിക്കുന്നതിനൊപ്പം ആധുനിക സിനിമാ നിർമാണത്തിനും അനുബന്ധ സാങ്കേതിക പ്രവർത്തനങ്ങൾക്കും ആവശ്യമായ സൗകര്യങ്ങളുള്ള പ്രധാന കേന്ദ്രമായി സ്ഥാപനത്തെ വികസിപ്പിക്കുകയാണ് ലക്ഷ്യമെന്ന് കെ.എസ്.എഫ്.ഡി.സി. ചെയർമാൻ ശ്രീ. പ്രേംകുമാർ അറിയിച്ചു.