ജിഎസ്ടി;ഇന്‍ഫോപാര്‍ക്കിന് കേന്ദ്ര ധനമന്ത്രാലയത്തിന്റെ അഭിനന്ദനം

0
കൊച്ചി: ചരക്ക് സേവന നികുതി (ജിഎസ്ടി)യടയ്ക്കലിലെ മികച്ച പ്രവര്‍ത്തനത്തിന്  ഇന്‍ഫോപാര്‍ക്കിന് കേന്ദ്രധനമന്ത്രാലയത്തിന്റെ കീഴിലുള്ള പ്രത്യക്ഷ നികുതി-കസ്റ്റംസ് വകുപ്പിന്റെ അഭിനന്ദനം ലഭിച്ചു. തുടര്‍ച്ചയായ മൂന്നാം വര്‍ഷമാണ് ഇന്‍ഫോപാര്‍ക്കിന് ഈ പ്രശസ്തിപത്രം ലഭിക്കുന്നത്.
രാജ്യത്ത് ജിഎസ്ടി നടപ്പാക്കിയതിന്റെ നാലാം വാര്‍ഷികത്തില്‍ 2021 ലാണ് കേന്ദ്രസര്‍ക്കാര്‍ മികച്ച ട്രാക്ക് റെക്കോര്‍ഡുള്ള നികുതിദായകര്‍ക്ക് അനുമോദനപത്രം നല്‍കാന്‍ തീരുമാനിച്ചത്. അതിനു ശേഷം എല്ലാ സാമ്പത്തികവര്‍ഷവും ഇന്‍ഫോപാര്‍ക്കിന് ഈ ബഹുമതി ലഭിച്ചിട്ടുണ്ട്.
ജിഎസ്ടിയുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ ഇന്‍ഫോപാര്‍ക്ക് പുലര്‍ത്തുന്ന അതീവ ശ്രദ്ധയുടെ ഫലമാണ് ധനകാര്യമന്ത്രാലയത്തില്‍ നിന്ന് ലഭിച്ച അനുമോദനപത്രമെന്ന് സിഇഒ സുശാന്ത് കുറുന്തില്‍ പറഞ്ഞു. നികുതിദായകര്‍ക്ക് പ്രചോദകമാണ് ഇത്തരം നടപടികളെന്നും അദ്ദേഹം പറഞ്ഞു.
വര്‍ഷം തോറും 66 കോടി ജിഎസ്ടി റിട്ടേണുകളാണ് രാജ്യത്ത് ഫയല്‍ ചെയ്യുന്നത്. അതില്‍ നിന്നും വിവിധ മാനദണ്ഡങ്ങള്‍ക്ക് വിധേയമായാണ് അനുമോദനപത്രത്തിന് അര്‍ഹരായവരെ തെരഞ്ഞെടുക്കുന്നത്. നികുതിദായകരുമായി നേരിട്ട് ആശയവിനിമയം നടത്താനും രാജ്യപുരോഗതിയില്‍ അവര്‍ നല്‍കുന്ന സംഭാവനകളെ അഭിനന്ദിച്ചു കൊണ്ട് കൂടുതല്‍ പേര്‍ക്ക് പ്രചോദനം പകരാനും ലക്ഷ്യമിട്ടാണ് ഈ ഉദ്യമം ആരംഭിച്ചതെന്ന് കേന്ദ്ര ധനമന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.
You might also like
Leave A Reply

Your email address will not be published.