കള്ളിയത്ത് ഗ്രൂപ്പിന്റെ ടിഎംടി പ്ലാന്റിന് മന്ത്രി പി. രാജീവ് തറക്കല്ലിട്ടു രണ്ട് ഘട്ടങ്ങളിലായി 510 കോടി രൂപയുടെ നിക്ഷേപം 1000 ത്തിലധികം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടും
പാലക്കാട്: അതിവേഗം വളരുന്ന വ്യവസായ കേന്ദ്രമെന്ന നിലയില്‍ കേരളത്തിന്റെ സ്ഥാനം ഉറപ്പിക്കുന്ന കള്ളിയത്ത് ഗ്രൂപ്പിന്റെ നവീന സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള ടിഎംടി പ്ലാന്റിന് ( പ്രൊജക്റ്റ് ഗ്രീന്‍ കോര്‍ പദ്ധതി) കഞ്ചിക്കോട് വ്യവസായ മേഖലയിലെ ഗാഷ സ്റ്റീലില്‍ വ്യവസായ നിയമ കയര്‍ വകുപ്പ് മന്ത്രി പി. രാജീവ് തറക്കല്ലിട്ടു.
ആദ്യ ഘട്ടത്തില്‍ 110 കോടി രൂപയും രണ്ടാം ഘട്ടത്തില്‍ 400 കോടിയുമാണ് ഇതിനായി നിക്ഷേപിക്കുക. പദ്ധതിയിലൂടെ പ്രത്യക്ഷവും പരോക്ഷവുമായ 1,000-ത്തിലധികം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടും. പദ്ധതിയുടെ ഭാഗമായി പ്രാദേശിക തൊഴില്‍ സാധ്യതകള്‍ വര്‍ദ്ധിക്കുന്നതോടെ സുസ്ഥിരത, സാമ്പത്തിക മുന്നേറ്റം എന്നിവ സാധ്യമാകും.
രാജ്യത്തിന്റെ സുസ്ഥിര നിര്‍മ്മാണരംഗത്തെ മുന്നോട്ട് നയിക്കാന്‍ കേരളത്തിന് എങ്ങനെ സാധിക്കുമെന്നതിന്റെ തിളക്കമാര്‍ന്ന ഉദാഹരണങ്ങളിലൊന്നാണ് പ്രോജക്ട് ഗ്രീന്‍ കോര്‍ എന്ന് മന്ത്രി രാജീവ് പറഞ്ഞു.
കള്ളിയത്ത് ഗ്രൂപ്പിന്റെ ഹരിത സാങ്കേതികവിദ്യയും പ്രാദേശിക തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനുള്ള പ്രതിബദ്ധതയും പ്രശംസനീയമാണ്. സംസ്ഥാനത്തെ വ്യാവസായിക മേഖലയ്ക്ക് സര്‍ക്കാര്‍ നല്കുന്ന പിന്തുണ ഇതിലൂടെ പ്രതിഫലിക്കുന്നതായും മന്ത്രി കൂട്ടിച്ചേര്‍ത്തു.
ഒരു നിര്‍മ്മാണ യൂണിറ്റ് എന്നതിനപ്പുറത്ത് സുസ്ഥിര അടിസ്ഥാന സൗകര്യ വികസനത്തില്‍ കേരളം ആഗോളതലത്തില്‍ മുന്നേറുന്നതിന്റെ തെളിവാണ് പുതിയ പ്ലാന്റെന്ന് കള്ളിയത്ത് ഗ്രൂപ്പ് ചെയര്‍മാന്‍ നൂര്‍ മുഹമ്മദ് നൂര്‍ഷാ പറഞ്ഞു.
കേന്ദ്രീകൃത ഊര്‍ജ സംരംക്ഷണ സംവിധാനം, വായു ഊര്‍ജം എന്നിവയാല്‍ പ്രവര്‍ത്തിക്കുന്ന ദക്ഷിണേന്ത്യയിലെ അത്യാധുനിക ഗ്രീന്‍ സ്റ്റീല്‍ പ്ലാന്റായി രൂപകല്പന ചെയതിട്ടുള്ളതാണ് പ്രോജക്ട് ഗ്രീന്‍ കോര്‍ എന്ന് കള്ളിയത്ത് ഗ്രൂപ്പിന്റെ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ദിര്‍ഷ കെ മുഹമ്മദ് പറഞ്ഞു. ദക്ഷിണേന്ത്യയിലെ ഒന്നാം നമ്പര്‍ ഗ്രീന്‍ സ്റ്റീല്‍, ടിഎംടി ബ്രാന്‍ഡ് എന്ന നിലയില്‍ കള്ളിയത്തിന്റെ നേതൃത്വത്തെ കൂടുതല്‍ ഉറപ്പിക്കുന്നതിനാണ് ഈ പ്ലാന്റ് ലക്ഷ്യമിടുന്നത്. നൂതനാശയങ്ങള്‍, സുസ്ഥിരത, നൂതന സാങ്കേതികവിദ്യ എന്നിവയുടെ പിന്തുണയോടെയാണ് ഇത് പ്രവര്‍ത്തിക്കുന്നത്. ഭാവിയില്‍ നൂതനവും സുസ്ഥിരവും കാലാവസ്ഥാമാറ്റത്തെ പ്രതിരോധിക്കുന്നതുമായ നിര്‍മ്മാണരീതി രൂപകല്പന ചെയ്യുന്നത് കള്ളിയത്ത് ഗ്രൂപ്പിന്റെ പ്രതിബദ്ധതയുടെ തെളിവാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഐജിബിറ്റി നിയന്ത്രിത ഇന്‍ഡക്ഷന്‍ മെല്‍റ്റിംഗ് ഫര്‍ണസ് സാങ്കേതികവിദ്യയാണ് പ്ലാന്റില്‍ ഉപയോഗപ്പെടുത്തുന്നത്. എഐ സാങ്കേതികവിദ്യയില്‍ പ്രവര്‍ത്തിക്കുന്ന സീറോ-കംബസ്റ്റിയന്‍ സംവിധാനം, തത്സമയ ഓട്ടോമേഷന്‍, എമിഷന്‍ കണ്‍ട്രോള്‍, സീറോ-വേസ്റ്റ് എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു.
ചടങ്ങില്‍ എ. പ്രഭാകരന്‍ എംഎല്‍എ (മലമ്പുഴ), വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി എപിഎം മുഹമ്മദ് ഹനീഷ്, കെഎസ്ഐഡിസി മാനേജിംഗ് ഡയറക്ടര്‍ മിര്‍ മുഹമ്മദ് അലി, വ്യവസായ വാണിജ്യ വകുപ്പ് ഡയറക്ടര്‍ പി. വിഷ്ണു രാജ്, പുതുശ്ശേരി പഞ്ചായത്തംഗം മിന്‍മിനി തുടങ്ങിയവര്‍ പങ്കെടുത്തു.
നാഷണല്‍ സെന്റര്‍ ഫോര്‍ എര്‍ത്ത് സയന്‍സ് സ്റ്റഡീസിലെ (എന്‍സിഇഎസ്എസ്) ശാസ്ത്രജ്ഞര്‍ വിഭാവനം ചെയ്ത 12 ഹെക്ടര്‍ വിസ്തീര്‍ണമുള്ള വാട്ടര്‍ഷെഡിലൂടെ പ്രതിവര്‍ഷം 1.87 ലക്ഷം കിലോലിറ്റര്‍ വെള്ളം ഭൂമിയില്‍ സംഭരിച്ച് സമീപപ്രദേശങ്ങളിലെ ജലസമ്പത്ത് വര്‍ധിപ്പിക്കുക, 1,000 തദ്ദേശീയ വൃക്ഷങ്ങള്‍ പ്ലാന്റിന്റെ സമീപ പ്രദേശങ്ങളില്‍ 1,000 തദ്ദേശീയ വൃക്ഷങ്ങള്‍ നട്ടുപിടിപ്പിക്കുക എന്നിവയും പദ്ധതിയുടെ ഭാഗമായി നടപ്പില്‍ വരുത്തും.
ദക്ഷിണേന്ത്യയിലെ മുന്‍നിര സ്റ്റീല്‍ നിര്‍മ്മാതാക്കളില്‍ ഒരാളായ കള്ളിയത്ത് ഗ്രൂപ്പിന് മൂന്ന് പതിറ്റാണ്ടിലേറെയുള്ള പാരമ്പര്യമുണ്ട്. ദക്ഷിണേന്ത്യയിലുടനീളം അടിസ്ഥാന സൗകര്യങ്ങള്‍ നിറവേറ്റുന്ന പ്രീമിയം ടിഎംടി ബാറുകളുടെ നിര്‍മ്മാതാക്കളും വിതരണക്കാരുമാണ് കള്ളിയത്ത് ഗ്രൂപ്പ്.