ചർമ്മപ്രശ്നങ്ങളുടെ കാലമാണ് വേനൽ വേനൽക്കാല ചർമ്മപ്രശ്നങ്ങളും അവയുടെ പ്രതിവിധിയും അറിയാം

0

വേനൽക്കാല ചർമ്മപ്രശ്നങ്ങൾ

സൂര്യതപം (Sun burn)
നേരിട്ടു വെയിൽ എൽക്കുന്നതിലൂടെ ആണ് സൂര്യതപം ഉണ്ടാകുന്നത്.
വെയിലേറ്റ ഭാഗങ്ങളില്‍ നീറ്റലും പുകച്ചിലും, ഒപ്പം പൊള്ളിയ പോലെയുള്ള പാടുകളും കാണാം. ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ ഈ പാടുകൾ പൊളിഞ്ഞിളകി പോയി ക്രമേണ ചര്‍മ്മം പഴയപടി ആയിത്തീരും.

സൂര്യതപം ഏറ്റാൽ
ചൂടുള്ള സ്ഥലത്ത് നിന്ന് ഉടനടി മാറുക.

സൂര്യതപം ഏറ്റഭാഗങ്ങൾ തണുത്ത വെള്ളമോ നനഞ്ഞ തുണിയോ ഉപയോഗിച്ച് തണുപ്പിക്കുക.

സൂര്യതപം ഏറ്റ ഭാഗത്തെ പൊള്ളിയ ചർമ്മം സ്വയം ഇളക്കാതിരിക്കുക.

ധാരാളം വെള്ളം കുടിക്കുക. (കരിക്ക്, കുക്കുമ്പർ ജ്യൂസ്‌, തണ്ണിമത്തൻ, കരിമ്പു ജ്യൂസ്‌, ഓറഞ്ച് മുതലായവ)

സൂര്യപ്രകാശത്തോടുള്ള അലർജി അഥവാ ഫോട്ടോഡെർമടൈറ്റിസ് (Photodermatitis).

ചൂടുകാലത്തു ഉണ്ടാകുന്ന മറ്റൊരു ചർമ്മ പ്രശ്നമാണ് സൂര്യപ്രകാശത്തോടുള്ള അലർജി. സൂര്യപ്രകാശം (അൾട്രാ വയലറ്റ് രശ്മികൾ) ഏൽക്കുന്ന ശരീരഭാഗങ്ങളിൽ (മുഖം, കഴുത്ത്, കൈകളുടെ പുറം ഭാഗം) ചുവപ്പ്, മൊരിച്ചിലോടു (Scaling) കൂടിയ പാടുകൾ, ചൊറിച്ചിൽ എന്നീ ലക്ഷണങ്ങൾ കാണപ്പെടുന്നു. വസ്ത്രം കൊണ്ട് പൊതിഞ്ഞ ശരീര ഭാഗങ്ങളിൽ ചൊറിച്ചിൽ / പാടുകൾ ഉണ്ടാകില്ല.

നേരത്തെ സൂര്യപ്രകാശത്തോട് അലർജി ഇല്ലാത്തവർക്കും പെട്ടെന്ന് ഒരു ദിവസം അലർജി വരാം. പ്രത്യേകിച്ച് കാരണങ്ങൾ ഒന്നുമില്ലാതെയും, ചില മരുന്നുകൾ മൂലവും, ലൂപസ് പോലെയുള്ള രോഗങ്ങളുടെ ലക്ഷണമായും ഫോട്ടോഡെർമടൈറ്റിസ് കണ്ടു വരാറുണ്ട്.

പ്രതിരോധം (സൂര്യതപം, സൂര്യപ്രകാശത്തോടുള്ള അലർജി)

വെയിൽ കൂടുതൽ ഉള്ള രാവിലെ 11 മണി മുതൽ വൈകുന്നേരം 3 മണി വരെ പുറത്തിറങ്ങുന്നത് സാധിക്കുമെങ്കിൽ ഒഴിവാക്കുക.

വസ്ത്രങ്ങൾ, കുട, തൊപ്പി മുതലായവ ഉപയോഗിച്ച് ചർമ്മത്തിൽ പരമാവധി വെയിലേൽക്കാതെ സൂക്ഷിക്കുക.

സൺസ്‌ക്രീൻ ശരിയായ രീതിയിൽ ഉപയോഗിക്കുക.

നമ്മുടെ കാലാവസ്ഥയിൽ SPF 30 ഉള്ള സൺസ്‌ക്രീൻ (കറ്റാർവാഴ) മതിയാകും.

സൂര്യരശ്മികൾ ഏൽക്കാൻ സാധ്യത ഉള്ള സമയത്തിന് അര മണിക്കൂർ മുൻപ് സൺസ്‌ക്രീൻ (കറ്റാർവാഴ) പുരട്ടണം.

രണ്ടു മുതൽ നാലു മണിക്കൂർ കഴിയുമ്പോൾ വീണ്ടും പുരട്ടണം.

കൂടുതൽ വിയർത്താൽ, നീന്തി കഴിഞ്ഞു, കുളിച്ചു കഴിഞ്ഞു സൺസ്‌ക്രീൻ വീണ്ടും പുരട്ടണം.

സൂര്യരശ്മികൾ ഏൽക്കാൻ സാധ്യത ഉള്ള എല്ലാ ശരീരഭാഗങ്ങളിലും സൺ സ്‌ക്രീൻ ആവശ്യമുള്ള അളവിൽ പുരട്ടണം.

ചൂടുകുരു.
ചർമ്മത്തിലെ വിയർപ്പുഗ്രന്ഥിക്കുഴലുകളിലുണ്ടാകുന്ന തടസ്സം കാരണമാണ് ചൂടുകുരു ഉണ്ടാകുന്നത്. ഈ തടസ്സം മൂലം വിയർപ്പ് ഗ്രന്ഥിക്കുഴലുകൾ പൊട്ടി വിയർപ്പ് ചർമ്മത്തിലേക്ക് ആഴ്ന്നിറങ്ങി കുരുക്കളുണ്ടാക്കുന്നു.

ഇങ്ങനെ തടസ്സം ഉണ്ടാകാൻ കാരണം താഴെ പറയുന്ന വിയർപ്പ് തങ്ങി നിൽക്കാൻ സാധ്യതയുള്ള സാഹചര്യങ്ങളാണ്.

അന്തരീക്ഷ ഊഷ്മാവും ആർദ്രതയും കൂടുതലുള്ള കാലാവസ്ഥ.

ഇറുകിയ വസ്ത്രങ്ങൾ, പ്രത്യേകിച്ച് പോളിയെസ്റ്റർ വസ്ത്രങ്ങൾ.

കിടപ്പു രോഗികൾ.

കുഞ്ഞുങ്ങൾ – ഇവരിൽ വിയർപ്പു ഗ്രന്ഥി കുഴലുകൾ പൂർണ്ണമായും പ്രവർത്തനക്ഷമമല്ലാത്തതിനാൽ ചൂടുകുരു വരാൻ സാധ്യത കൂടുതലാണ്.

വിയർപ്പുഗ്രന്ഥിക്കുഴലുകളിലുണ്ടാകുന്ന തടസ്സം ചർമ്മത്തിലെ പല തലങ്ങളിൽ സംഭവിക്കാം.

ഏറ്റവും ഉപരിതലത്തിൽ തടസ്സം നേരിട്ടാൽ മുത്തു (Crystal) പോലെ ചെറിയ കുരുക്കൾ ശരീരത്തിൽ പ്രത്യക്ഷപ്പെടുന്നു (Miliaria crystallina). സാധാരണ കിടപ്പുരോഗികളിൽ മുതുകിലും മറ്റും ആയാണ് ഇത് കാണപ്പെടുന്നത്. ചൊറിച്ചിൽ ഉണ്ടാകാറില്ല.

കുറച്ചു കൂടി ആഴത്തിൽ തടസ്സം നേരിടുമ്പോഴാണ് സാധാരണയായി കണ്ടു വരുന്ന ചുവന്ന കുരുക്കൾ ഉണ്ടാകുന്നത് (Miliaria rubra). മടക്കുകളിലും വസ്ത്രങ്ങൾ ഉരസുന്ന ഇടങ്ങളിലും സാധാരണയായി കണ്ടു വരുന്ന ഇത്തരം ചൂടുകുരുവിൽ ചൊറിച്ചിൽ അനുഭവപ്പെടാറുണ്ട്. മുള്ള്/സൂചി കൊണ്ട് കുത്തുന്നത് പോലെയുള്ള തോന്നലിൽ നിന്നാണ് പ്രിക്ക്ലി ഹീറ്റ് (Prickly heat) എന്ന പേര് വന്നത്.

ഇനിയും ആഴത്തിൽ തടസ്സം സംഭവിച്ചാൽ കൂടുതൽ തടിപ്പുള്ള പാടുകൾ പ്രത്യക്ഷപ്പെടുന്നു (Miliaria profunda).

ചുരുക്കം ചില സാഹചര്യങ്ങളിൽ ചൂടുകുരുവിൽ അണുബാധയുണ്ടായി പഴുപ്പും വേദനയും അനുഭവപ്പെടാമെങ്കിലും, സാധാരണ ചെറിയ മൊരിച്ചിലോടു കൂടി കുരുക്കൾ ചികിത്സ കൂടാതെ തന്നെ ഭേദമാകുകയാണ് പതിവ്.

ചൂടുകുരുവിനെ എങ്ങനെ നേരിടാം?
അമിത വിയർപ്പും വിയർപ്പ് തങ്ങി നിൽക്കാൻ സാധ്യതയും ഒഴിവാക്കുക എന്നതാണ് പ്രധാനം.

അയഞ്ഞ നേർത്ത പരുത്തി വസ്ത്രങ്ങൾ ധരിക്കുക.

ഏ.സി, ഫാൻ തുടങ്ങിയവ ഉപയോഗിച്ച് അന്തരീക്ഷോഷ്മാവ് ക്രമീകരിക്കുക.

ഇടയ്ക്കിടെ തണുത്ത വെള്ളമോ നനഞ്ഞ തുണിയോ ഉപയോഗിച്ചു ശരീരം തണുപ്പിക്കുക.

ലേപനങ്ങൾ, എണ്ണകൾ, പൗഡറുകൾ എന്നിവ വിയർപ്പ് ഗ്രന്ഥി കുഴലുകളിൽ കൂടുതൽ തടസ്സം സൃഷ്ടിക്കും എന്നതിനാൽ കഴിവതും ഇവ ഒഴിവാക്കുക.
പ്രിക്കിലി ഹീറ്റ് പൗഡറുകൾ ഇട്ടതു കൊണ്ടു ചൊറിച്ചിലിന് ആശ്വാസം ലഭിച്ചേക്കാം എന്നതൊഴിച്ചാൽ, ചൂടുകുരു ഭേദമാകില്ല. മാത്രമല്ല, ചിലപ്പോൾ വിയർപ്പ് ഗ്രന്ഥി കുഴലുകളിൽ കൂടുതൽ തടസ്സം സൃഷ്ടിച്ച്, അവസ്ഥ കൂടുതൽ മോശമാകാം.
മറിച്ച്, പൗഡർ ഇട്ടില്ലെങ്കിലും ചൂടുകുരു തനിയെ പോകുകയും ചെയ്യും.

അലർജി ഉണ്ടാക്കാനിടയുള്ള പദാര്‍ത്ഥങ്ങൾ പുരട്ടുകയോ, സോപ്പ് അമിതമായി ഉപയോഗിക്കുകയോ അരുത്.

വിറ്റാമിൻ സി ചൂടുകുരുവിനെ പ്രതിരോധിക്കും എന്ന് പല പഠനങ്ങളും സൂചിപ്പിക്കുന്നു.

മറ്റു വേനൽക്കാല ചർമ്മരോഗങ്ങൾ
സൂര്യപ്രകാശം മൂലമുള്ള പ്രശ്നങ്ങൾ കൂടുതൽ ബാധിക്കുന്ന ഒരു കൂട്ടം ആളുകൾ ഉണ്ട്. ഓട്ടോ ഇമ്മ്യൂൺ രോഗമായ ലൂപസ്, അൾട്രാ വയലറ്റ് രശ്മികളിൽ നിന്ന് സ്വാഭാവികസംരക്ഷണം നൽകുന്ന ചർമ്മത്തിലെ മെലാനിൻ എന്ന പദാർത്ഥത്തിൽ കുറവ് വരുന്ന ആൽബിനിസം, വെള്ളപ്പാണ്ട്, ജനിതക രോഗങ്ങൾ ആയ സിറോഡെർമ പിഗ്മെന്റൊസ, പോർഫൈറിയ തുടങ്ങിയവ ഉള്ളവർ, ഡോക്സിസൈക്ലിൻ പോലെയുള്ള ചിലയിനം മരുന്നുകൾ കഴിക്കുന്നവർ. ഇവർ സൂര്യരശ്മികളിൽ നിന്ന് സ്വയം സംരക്ഷിക്കാൻ മേല്പറഞ്ഞ പ്രതിരോധമാർഗങ്ങൾ കൂടുതൽ ശ്രദ്ധയോടെ സ്വീകരിക്കേണ്ടതുണ്ട്.

ചർമത്തിലെ ഫംഗൽ, ബാക്റ്റീരിയൽ അണുബാധകൾ, ചില ആളുകളിൽ സോറിയാസിസ് എന്നിവ വേനൽ കാലത്തു കൂടി കാണാറുണ്ട്.

ചർമ്മത്തിലെ അണുബാധകളെ പ്രതിരോധിക്കാൻ താഴെ പറയുന്ന കാര്യങ്ങൾ ശ്രദ്ധിക്കുക.
വ്യക്തിശുചിത്വം പാലിക്കുക.

ശരീരഭാഗങ്ങൾ ഈർപ്പരഹിതമായി വയ്ക്കാൻ ശ്രമിക്കുക.

വസ്ത്രങ്ങൾ പങ്കിടുന്നത് കഴിവതും ഒഴിവാക്കുക.

പ്രമേഹം നിയന്ത്രണവിധേയമാക്കുക.

മെഡിക്കൽ സ്‌റ്റോറിൽ നിന്നും വാങ്ങുന്ന ലേപനങ്ങൾ പരീക്ഷണാർത്ഥം ഉപയോഗിക്കാതിരിക്കുക

ഡോക്ടറുടെ നിർദേശങ്ങൾ കൃത്യമായി പാലിച്ചു ജീവിതരീതി ക്രമീകരിക്കുക.

ചുരുക്കി പറഞ്ഞാൽ, അന്തരീക്ഷ ഊഷ്മാവ് മാത്രമല്ല, സൂര്യരശ്മികളും ചർമ്മരോഗങ്ങൾക്ക് കാരണമാകാം. മേല്പറഞ്ഞ പ്രതിരോധ മാർഗങ്ങൾ സ്വീകരിച്ചാൽ ഒരു പരിധി വരെ ചർമ്മപ്രശ്നങ്ങൾ ഒഴിവാക്കാം.
ചർമ്മരോഗലക്ഷണങ്ങൾ ഉള്ള പക്ഷം ഒരു വിദഗ്ധനെ സമീപിച്ചു ശരിയായ രോഗനിർണയം നടത്തി ചികിത്സ സ്വീകരിക്കുക.

You might also like

Leave A Reply

Your email address will not be published.