ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിന്‍റെ വസതിയില്‍ വെച്ച് കയ്യേറ്റം ചെയ്യപ്പെട്ടെന്ന എഎപി എംപി: സ്വാതി മലിവാളിന്റെ പരാതിയിൽ കെജരിവാളിന്റെ പിഎ ബിഭവ് കുമാറിനെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തു. അരവിന്ദ് കെജ്രിവാളിന്റെ വസതിയിൽ നിന്നാണ് അറസ്റ്റ് ചെയ്തത്. സ്വാതി മലിവാളിന്റെ ശരീരത്തിൽ പരിക്കുകളുണ്ടെന്ന വ്യക്തമാക്കുന്ന വൈദ്യപരിശോധനാ ഫലം പുറത്തു വന്നിട്ടുണ്ട്. ഇടതുകാലിനും, കണ്ണിന് താഴെയും, കവിളിലും പരിക്കുകളുണ്ടെന്നാണ് റിപ്പോര്‍ട്ടിൽ പറയുന്നത്. ഡൽഹി എയിംസിലാണ് സ്വാതി മലിവാൾ വൈദ്യ പരിശോധനക്ക് വിധേയയായത്.
അരവിന്ദ് കെജരിവാളിന്‍റെ വസതിയില്‍ വെച്ച് കയ്യേറ്റം ചെയ്തെന്ന പരാതിയിലാണ് നടപടി. ബിഭവ് കുമാർ തന്‍റെ തലമുടി ചുരുട്ടിപിടിച്ച് ഇടിച്ചെന്നും മുറിയിലൂടെ വലിച്ചിഴച്ചെന്നുമായിരുന്നു സ്വാതി മലിവാള്‍ എംപിയുടെ പരാതി. പൊലീസിന് സംഭവത്തിൽ എംപി മൊഴിയും നൽകി. സ്വാതിയെ കെജരിവാളിന്‍റെ വസതിയിലെത്തിച്ച് പോലീസ് കഴിഞ്ഞ ദിവസം തെളിവെടുത്തിരുന്നു. സംഭവത്തിൽ സ്വാതി മലിവാളിനെതിരെ ബിഭവ് കുമാറും പരാതി നൽകിയിരുന്നു.