കുട്ടികളുടെ ഹരിതസഭ നവംബര്‍ 14 ന്;വിദ്യാര്‍ത്ഥികളിലൂടെ മാലിന്യമുക്ത നവകേരളം സൃഷ്ടിക്കുക ലക്ഷ്യം

0

തിരുവനന്തപുരം:  മാലിന്യമുക്തം നവകേരളം കാമ്പയിന്‍ രണ്ടാം ഘട്ടത്തിന്‍റെ ഭാഗമായി സംസ്ഥാനത്തെ സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി തദ്ദേശ സ്വയംഭരണ വകുപ്പ് ഹരിതസഭ സംഘടിപ്പിക്കും. നവംബര്‍ 14 ന് ഓരോ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേയും സ്കൂളുകളെ ഉള്‍പ്പെടുത്തിയാണ് ഹരിതസഭ സംഘടിപ്പിക്കുന്നത്.
മാലിന്യ നിര്‍മാര്‍ജന സംവിധാനങ്ങളില്‍ കുട്ടികളുടെ പങ്കാളിത്തം ഉറപ്പു വരുത്തുകയാണ് ഹരിതസഭയുടെ ലക്ഷ്യം.  തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ മാലിന്യ സംസ്ക്കരണ സംവിധാനങ്ങളെക്കുറിച്ച് മനസ്സിലാക്കുന്നതിനും മാലിന്യ പ്രശ്നത്തില്‍ ക്രിയാത്മകമായി ഇടപെടുന്നതിനും വിദ്യാര്‍ത്ഥികള്‍ക്ക് ഇതിലൂടെ അവസരം ലഭിക്കും. പൊതുവിദ്യാഭ്യാസ വകുപ്പ് ഇത് സംബന്ധിച്ച മാര്‍ഗനിര്‍ദേശങ്ങള്‍ സ്കൂളുകള്‍ക്ക് നല്‍കിയിരുന്നു. വിശദമായ മാര്‍ഗനിര്‍ദ്ദേശം തദ്ദേശ സ്വയംഭരണ വകുപ്പും നല്കിയിട്ടുണ്ട്.

പുതുതലമുറകളില്‍ മാലിന്യ നിര്‍മാര്‍ജനത്തെ കുറിച്ച് അവബോധം സൃഷ്ടിക്കാനും മാലിന്യമുക്തം നവകേരളത്തിന് പുതിയ ആശയങ്ങള്‍ സംഭാവന ചെയ്യാനും വിദ്യാര്‍ത്ഥികള്‍ക്ക് ഇത് വേദിയാകും.  
മാലിന്യ സംസ്ക്കരണ സംവിധാനങ്ങള്‍ വിദ്യാലയങ്ങളില്‍  ഉണ്ടെന്ന്   ഉറപ്പുവരുത്തുക, ശുചിത്വം സംബന്ധിച്ച ഗുണങ്ങളും വിവിധ മാലിന്യ സംസ്ക്കരണ പ്രവര്‍ത്തനങ്ങളുടെ ഗുണദോഷങ്ങളും സമൂഹത്തിനെ ബോധ്യപ്പെടുത്തുക എന്നിവയും ഹരിതസഭയുടെ ലക്ഷ്യങ്ങളാണ്.
സ്കൂള്‍ സ്ഥിതി ചെയ്യുന്ന പ്രദേശത്തെ നിലവിലെ മാലിന്യ പ്രശ്നങ്ങള്‍, അവ പരിഹരിക്കേണ്ടതിന്‍റെ ആവശ്യകത, പരിഹരിക്കുന്നതിനുള്ള മാര്‍ഗങ്ങള്‍ തുടങ്ങിയവ ഹരിതസഭയില്‍ വിദ്യാര്‍ത്ഥി പ്രതിനിധികള്‍ ചര്‍ച്ച ചെയ്യും. മാലിന്യ സംസ്ക്കരണത്തിനുള്ള സ്കൂള്‍തല പദ്ധതിയെക്കുറിച്ചും അതിന്‍റെ പ്രവര്‍ത്തന പുരോഗതിയെക്കുറിച്ചും വിദ്യാര്‍ത്ഥികള്‍ അവതരണങ്ങള്‍ നടത്തും. സ്കൂള്‍തല പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കുന്നതില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്‍റെ സഹായം ആവശ്യമുണ്ടെങ്കില്‍ അക്കാര്യവും ഹരിതസഭകളില്‍ ചര്‍ച്ച ചെയ്യും.

മാലിന്യ സംസ്ക്കരണരംഗത്ത് കുട്ടികളുടെ പങ്കാളിത്തവും നേതൃത്വവും ഉറപ്പാക്കാന്‍ ഹരിതസഭകള്‍ സഹായകമാകുമെന്ന് തദ്ദേശ സ്വയംഭരണ മന്ത്രി എം ബി. രാജേഷ് പറഞ്ഞു. ഖര-ദ്രവ മാലിന്യ സംസ്ക്കരണരീതി ശാസ്ത്രീയമായി നടപ്പിലാക്കുന്നതിന് ജനങ്ങളുടെ ശീലവും മനോഭാവവും മാറ്റണം. ഇതിനായി വിപുലമായ സാമൂഹിക വിദ്യാഭ്യാസ പരിപാടി അനിവാര്യമാണ്. ഈ മാറ്റം സാധ്യമാക്കാന്‍ കഴിയുന്ന വലിയ വിഭാഗമാണ് വിദ്യാര്‍ത്ഥികള്‍. മാറ്റം വിദ്യാലയങ്ങളില്‍ നിന്ന് തുടങ്ങണം. ശുചിത്വ മാലിന്യ സംസ്ക്കരണ പ്രവര്‍ത്തനങ്ങളുടെ മാതൃകയായി വിദ്യാഭ്യാസ സ്ഥാപനങ്ങളെ മാറ്റണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സംസ്ഥാനത്തെ മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളിലേയും(സര്‍ക്കാര്‍, സ്വകാര്യ, എയ്ഡഡ്) വിദ്യാര്‍ത്ഥികള്‍ക്ക് ഇതില്‍ പങ്കെടുക്കാന്‍ അവസരമുണ്ട്. തദ്ദേശ സ്വയംഭരണ സ്ഥാപന പരിധിയിലെ എല്ലാ സ്കൂളുകള്‍ക്കും പ്രാതിനിധ്യം നല്കിക്കൊണ്ട് തെരഞ്ഞെടുക്കുന്ന 150-200 കുട്ടികള്‍ക്ക് ഒരു ഹരിത സഭയില്‍ പങ്കെടുക്കാം. മാലിന്യം കൃത്യമായി സംസ്ക്കരിക്കാത്തത്, മാലിന്യക്കൂനകള്‍, മാലിന്യം കത്തിക്കുന്നതും വലിച്ചെറിയുന്നതും, നിരോധിത പ്ലാസ്റ്റിക്ക് ഉത്പന്നങ്ങളുടെ ഉപഭോഗം തുടങ്ങിയവയുമായി ബന്ധപ്പെട്ട് ഹരിതസഭാംഗങ്ങള്‍ കണ്ടെത്തിയതും ശേഖരിച്ചതുമായ വിവരങ്ങളും നിര്‍ദേശങ്ങളും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ വിലയിരുത്തും.

വിദ്യാഭ്യാസ സ്ഥാപനതലത്തില്‍ കണ്ടെത്തുന്ന അതത് പ്രദേശത്തെ മാലിന്യ സംസ്ക്കരണ സംവിധാനങ്ങള്‍ മെച്ചപ്പെടുത്തുന്നതിനുള്ള ക്രിയാത്മകമായ ആശയങ്ങള്‍ ഹരിതസഭയില്‍ ചര്‍ച്ച ചെയ്യും. ഹരിതസഭയില്‍ പങ്കെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് മാലിന്യ സംസ്ക്കരണവുമായി ബന്ധപ്പെട്ട് ജനപ്രതിനിധികളോട് ചോദ്യം ചോദിക്കുന്നതിനുള്ള അവസരവും ലഭിക്കും.

ഈ വര്‍ഷം മാര്‍ച്ച് 15 ന് ആരംഭിച്ച ‘മാലിന്യ മുക്തം നവകേരളം’ കാമ്പയിന്‍റെ ഭാഗമായാണ് കുട്ടികളുടെ ഹരിത സഭകള്‍ വരുന്നത്. 2024 മാര്‍ച്ചോടെ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളേയും മാലിന്യമുക്തമാക്കുക എന്ന ലക്ഷ്യത്തോടെ മൂന്ന് ഘട്ടങ്ങളിലായാണ് കാമ്പയിന്‍ നടത്തുന്നത്.

You might also like

Leave A Reply

Your email address will not be published.