19 മത് ഏഷ്യന്‍ മെഡിക്കല്‍ ക്യാമ്പ് നാളെ;ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

0

ദോഹ: ഏഷ്യന്‍ രാജ്യങ്ങളിലെ താഴ്ന്ന വരുമാനക്കാരായ തൊഴിലാളികളെയും ജീവനക്കാരെയും ഉദ്ദേശിച്ച് സെന്റര്‍ ഫോര്‍ ഇന്ത്യന്‍ കമ്മ്യൂണിറ്റി (സിഐസി) ഇന്ത്യൻ ഡോക്ടേഴ്സ് ക്ലബ്ബയുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന 19ാമത് ഏഷ്യന്‍ മെഡിക്കല്‍ ക്യാമ്പ് ഐന്‍ഖാലിദ് ഉമ്മുല്‍ സനീം ഹെല്‍ത്ത് സെന്ററില്‍ നാളെ രാവിലെ 7 മണിക്ക് ആരംഭിക്കും. ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷന്‍, പ്രൈമറി ഹെല്‍ത്ത് കെയര്‍ കോര്‍പറേഷന്‍ എന്നിവയുടെ മേല്‍നോട്ടത്തില്‍ സംഘടിപ്പിക്കുന്ന ക്യമ്പിനുള്ള വിപുലമായ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി.

ആയിരക്കണക്കിന് രോഗികള്‍ക്ക് ആശ്വാസമായി മാറിയ ഏഷ്യന്‍ മെഡിക്കല്‍ ക്യാമ്പിന് 2002 ലാണ് തുടക്കമായത്. ജനപങ്കാളിത്തം, മെഡിക്കല്‍ സേവനങ്ങള്‍ എന്നിവയില്‍ മിഡില്‍ ഈസ്റ്റിലെ ഏറ്റവും വലുതും വിപുലവുമായ ക്യാമ്പ് പതിനെട്ട് വര്‍ഷത്തെ തുടര്‍ച്ചയായ സേവനത്തിന് ശേഷം കോവിഡ് മഹാമാരി കഴിഞ്ഞ് ആദ്യമായാണ് വീണ്ടുമെത്തുന്നത്.

3000 റിയാലില്‍ താഴെ മാസവരുമാനമുളളവരും വിദഗ്ധ ചികിത്സക്ക് അവസരം ലഭിക്കാത്തവരുമായ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്ത രണ്ടായിരത്തോളം പേര്‍ക്ക് കാര്‍ഡിയോളജി, ഇ.എന്‍.ടി, ഓര്‍ത്തോപീഡിക്, ഫിസിയോതെറാപ്പി, ഓഫ്താല്‍മോളജി തുടങ്ങിയ വിഭാഗങ്ങളില്‍ വിദഗ്ധ ഡോക്ടര്‍മാരുടെ പരിശോധനയും സ്‌കാനിംഗ്, ഇ.സി.ജി, ഓഡിയോമെട്രി, ഓഫ്താല്‍മോളജി, ഓറല്‍ ചെക്കപ്പ്, കൊളസ്‌ട്രോള്‍, ഷുഗര്‍, പ്രഷര്‍ തുടങ്ങിയ ക്ലിനിക്കല്‍ ടെസ്റ്റുകളും മരുന്നും സൗജന്യമായി ലഭ്യമാവും. രാവിലെ 7 ന് ആരംഭിക്കുന്ന പരിശോധന 4 ഷിഫ്റ്റുകളിലായി വൈകിട്ട് 6 വരെ തുടരും.

കേമ്പ് സന്ദര്‍ശിക്കുന്ന പൊതുജനങ്ങള്‍ക്ക് ഷുഗര്‍, കൊളസ്‌ട്രോള്‍ ടെസ്റ്റുകള്‍ക്കൊപ്പം കാഴ്ച – കേള്‍വി പരിശോധനകള്‍, ഓറല്‍ ചെക്കപ്പ് തുടങ്ങിയവക്കുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. രക്തദാനം, അവയവദാനാം എന്നിവക്കുള്ള രജിസ്‌ട്രേഷന്‍ ക്യാമ്പിൽ നടക്കും.

ഉച്ചക്ക് ശേഷം വിദഗ്ധ ഡോക്ടര്‍മാര്‍ നയിക്കുന്ന ആരോഗ്യബോധവത്കരണ ക്ലാസുകളും സംഘടിപ്പിച്ചിട്ടുണ്ട്. പല്ലിന്റെ ആരോഗ്യം ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍, നടുവേദനയും പരിഹാരമാര്‍ഗങ്ങളും, കാന്‍സര്‍ രോഗനിര്‍ണയം സ്ത്രീകളില്‍, മറവി രോഗം എങ്ങിനെ നേരിടാം എന്നീ വിഷയങ്ങളില്‍ യഥാക്രമം ഡോക്ടര്‍ മഹേഷ് മേനോന്‍, ഡോ. രശ്മി ഗുരവ്, ഡോ. ദേവി കൃഷ്ണ, ഡോ. മണിചന്ദ്രന്‍ എന്നിവരാണ് ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കുക.

ഡോക്ടര്‍മാര്‍ക്ക് പുറമെ നൂറുകണക്കിന് പാരാമെഡിക്കല്‍ സ്റ്റാഫുകള്‍, വളണ്ടിയര്‍മാര്‍, ടെക്‌നിക്കല്‍ സ്റ്റാഫ് തുടങ്ങിയവരും കേമ്പില്‍ സേവനമനുഷ്ഠിക്കും.
ഇന്ത്യന്‍ ഡോക്ടേഴ്‌സ് ക്ലബ്ബിന് പുറമെ ഇന്ത്യന്‍ ഫാര്‍മസിസ്റ്റ്‌സ് അസോസിയേഷന്‍ ഖത്തര്‍, ഖത്തര്‍ ഡയബെറ്റ്‌സ് അസോസിയേഷന്‍, അല്‍ഹമദ് സെക്യൂരിറ്റി സര്‍വീസസ് തുടങ്ങിയവ സംഘടനകളും സ്ഥാപനങ്ങളും കേമ്പുമായി സഹകരിക്കുന്നു.

You might also like

Leave A Reply

Your email address will not be published.