സമ്പൂര്‍ണ മാലിന്യമുക്ത സംസ്ഥാനമാകാന്‍ നിയമനടപടികള്‍ കര്‍ക്കശമാകണം: മന്ത്രി എം.ബി രാജേഷ്;ഹരിതസഭയുടെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വ്വഹിച്ചു

0

തിരുവനന്തപുരം: കേരളം സമ്പൂര്‍ണ മാലിന്യമുക്ത സംസ്ഥാനമാകാന്‍ ബോധവത്കരണം മാത്രം പോരാ, നിയമ നടപടികള്‍ കൂടി കര്‍ക്കശമാകണമെന്ന് തദ്ദേശ സ്വയംഭരണ-എക്സൈസ് വകുപ്പ് മന്ത്രി എം.ബി. രാജേഷ് പറഞ്ഞു. മാലിന്യമുക്ത നവകേരളം പ്രചാരണത്തിന്‍റെ ഭാഗമായുള്ള മൂന്ന് ഘട്ട പ്രവര്‍ത്തനങ്ങളുടെ ആദ്യഘട്ടം വിജയകരമായി കൈവരിച്ചതിന്‍റെ ഭാഗമായുള്ള ഹരിതസഭയുടെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വ്വഹിക്കുകയായിരുന്നു മന്ത്രി.
മാലിന്യനിര്‍മ്മാര്‍ജ്ജനത്തിനായുള്ള ബോധവത്കരണ പ്രവര്‍ത്തനങ്ങളും ഒട്ടനവധി പദ്ധതികളും നടക്കുന്നുണ്ടെന്നും എന്നാല്‍ ജനങ്ങളുടെ പൂര്‍ണ്ണപിന്തുണയോടെ മാത്രമേ ലക്ഷ്യത്തിലെത്താനാകൂവെന്ന് മന്ത്രി പറഞ്ഞു. പൊതുയിടങ്ങളില്‍ മാലിന്യം നിക്ഷേപിക്കുന്നതില്‍ നിയമനടപടികള്‍ കൂടുതല്‍ ശക്തമാക്കും. ഉറവിട മാലിന്യ സംസ്ക്കരണം ഗൗരവത്തോടെ കാണണം. ഇപ്പോള്‍ ആരംഭിച്ചിട്ടുള്ള മാലിന്യമുക്ത നവകേരളം കാമ്പയിന്‍ കൃത്യമായും ചിട്ടയോടെയും പാലിച്ചാല്‍ ലക്ഷ്യമിട്ടതു പോലെ 2024 ല്‍ സംസ്ഥാനത്തെ മുഴുവന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെയും മാലിന്യമുക്തമാക്കി സമ്പൂര്‍ണ്ണ ശുചിത്വ പദവിയില്‍ എത്താനാകും. മൂന്നു ഘട്ടങ്ങളിലായുള്ള കാമ്പയിനിന്‍റെ ഓരോ ഘട്ടത്തിലെയും പ്രവര്‍ത്തന പുരോഗതി കൃത്യമായി വിലയിരുത്തിയ ശേഷമേ അടുത്ത ഘട്ടത്തിലേക്ക് പോകൂ. ഏതെങ്കിലും ഒരു ഘട്ടത്തില്‍ നിര്‍ത്താന്‍ ഉദ്ദേശിക്കുന്നില്ല. ഇതൊരു തുടര്‍പ്രവര്‍ത്തനമായി മുന്നോട്ടു കൊണ്ടുപോകാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. നവംബര്‍ ഒന്നിന് നവകേരള ഹരിത സഭയും നവംബര്‍ 14 ന് നവകേരള ശിശുദിന ഹരിതസഭയും  സംഘടിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു.

സംസ്ഥാനതല ഹരിതസഭയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ച് തദ്ദേശസ്വയംഭരണ-എക്‌സൈസ് മന്ത്രി എം.ബി രാജേഷ് സംസാരിക്കുന്നു. ഗതാഗത മന്ത്രി ആന്‍റണി രാജു, മേയര്‍ ആര്യ രാജേന്ദ്രന്‍, ഡെപ്യൂട്ടി മേയര്‍ പി.കെ രാജു, തദ്ദേശ സ്വയംഭരണ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ശാരദ മുരളീധരന്‍, കൗണ്‍സിലര്‍ ജമീല ശ്രീധരന്‍ തുടങ്ങിയവര്‍ വേദിയില്‍.

തിരുവനന്തപുരം കോര്‍പ്പറേഷന്‍ പുതിയതായി ആവിഷ്കരിക്കുന്ന തുണിസഞ്ചിക്കു വേണ്ടിയുള്ള വെന്‍ഡിംഗ് മെഷീന്‍, പൊതുയിടങ്ങളില്‍ മാലിന്യം വലിച്ചെറിഞ്ഞാല്‍ കണ്ടെത്താനുള്ള പ്രത്യേക ക്രമീകരണത്തോടെയുള്ള ക്യാമറ, കൈപുസ്തകം, ഗ്രീന്‍ ടെക്‌നീഷ്യന്മാരെ  വിന്യസിക്കല്‍, സാനിറ്ററി മാലിന്യങ്ങള്‍ നീക്കം ചെയ്യാനായി എറണാകുളത്തെ കീലുമായുള്ള കരാറൊപ്പിടല്‍, മാലിന്യരംഗത്ത് ജി.ഐ.സെഡിന്‍റെ സഹകരണ കരാര്‍ തുടങ്ങിയ പദ്ധതികളുടെ ഉദ്ഘാടനവും മന്ത്രി നിര്‍വ്വഹിച്ചു.
എല്ലാ സര്‍ക്കാര്‍ വകുപ്പുകളും ചേര്‍ന്ന് മാലിന്യമുക്ത കേരളത്തിനായി ശ്രമിക്കണമെന്നും ഇതില്‍ പൊതുജനങ്ങള്‍ ഉള്‍പ്പെടെ എല്ലാവരുടെയും സംഭാവന ഉണ്ടായിരിക്കണമെന്നും ചടങ്ങില്‍ അധ്യക്ഷനായിരുന്ന ഗതാഗത വകുപ്പ് മന്ത്രി ആന്‍റണി രാജു പറഞ്ഞു. മലിനീകരണം കുറയ്ക്കുന്നതിനായി കെഎസ്ആര്‍ടിസി ഇലക്ട്രിക് ബസ്സുകളിലേക്ക് നീങ്ങുകയാണ്. 113 ഇലക്ട്രിക് ബസ്സുകള്‍ കൂടി വാങ്ങുന്നതോടെ തിരുവനന്തപുരം നഗരത്തില്‍ 163 ബസ്സുകളാകും. കിഫ്ബി സഹായത്തോടെ വാങ്ങുന്ന ബസ്സുകളില്‍ വലിയൊരു പങ്കും ഇലക്ട്രിക് ബസ്സുകളായിരിക്കും. ജലഗതാഗതത്തിനായി സോളാര്‍, ഇലക്ട്രിക് ബോട്ടുകളെയാണ് കൂടുതല്‍ ആശ്രയിക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

സംസ്ഥാനതല ഹരിതസഭയുടെ ഉദ്ഘാടനം തദ്ദേശസ്വയംഭരണ-എക്‌സൈസ് മന്ത്രി എം.ബി രാജേഷ് നിര്‍വ്വഹിക്കുന്നു. ഗതാഗത മന്ത്രി ആന്‍റണി രാജു, മേയര്‍ ആര്യ രാജേന്ദ്രന്‍, ഡെപ്യൂട്ടി മേയര്‍ പി.കെ രാജു, തദ്ദേശ സ്വയംഭരണ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ശാരദ മുരളീധരന്‍, കൗണ്‍സിലര്‍മാരായ ജമീല ശ്രീധരന്‍, ഡോ. റീന കെ.എസ്, ഹെല്‍ത്ത് ഓഫീസര്‍ ഡോ. ഗോപകുമാര്‍ ആര്‍.എസ് തുടങ്ങിയവര്‍ സമീപം.

വികസനവും ജനക്ഷേമവും പോലെ പ്രാധാന്യമുള്ളതാണ് മാലിന്യനിര്‍മ്മാര്‍ജ്ജനവുമെന്ന് ചടങ്ങിന് സ്വാഗതം പറഞ്ഞ മേയര്‍ ആര്യ രാജേന്ദ്രന്‍ പറഞ്ഞു.

വി.കെ. പ്രശാന്ത് എം.എല്‍.എ, തദ്ദേശ സ്വയംഭരണ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ശാരദ മുരളീധരന്‍, ഡെപ്യൂട്ടി മേയര്‍ പി.കെ. രാജു, കൗണ്‍സിലര്‍മാരായ ജമീല ശ്രീധരന്‍, എസ്. സലീം, മേടയില്‍ വിക്രമന്‍, ആതിര എല്‍.എസ്, ഡോ. റീന കെ.എസ്, ജിഷ ജോണ്‍, പദ്മകുമാര്‍, ശുചിത്വ മിഷന്‍ ഡയറക്ടര്‍ ജോതിഷ്ചന്ദ്രന്‍ ജി., ജി.ഐ.സെഡ് പ്രതിനിധി ഡോ. കത്രീന പാട്രോക്ക്, നഗരസഭ സെക്രട്ടറി ബിനു ഫ്രാന്‍സിസ്, ഹെല്‍ത്ത് ഓഫീസര്‍ ഡോ. ഗോപകുമാര്‍ ആര്‍.എസ് തുടങ്ങിയവര്‍ സംബന്ധിച്ചു.

തിരുവവനന്തപുരം കോര്‍പ്പറേഷനിലെ മികച്ച ഹരിതകര്‍മ്മസേന, വാര്‍ഡ്, സര്‍ക്കിള്‍ ഓഫീസ്, റെസിഡന്‍സ് അസോസിയേഷന്‍, ആര്‍.ആര്‍.ആര്‍ (വാര്‍ഡ്), വലിച്ചെറിയല്‍ വിമുക്ത വാര്‍ഡ് എന്നിവയ്ക്കുള്ള പുരസ്കാരങ്ങളും ഹരിതകര്‍മ്മ സേനാംഗങ്ങള്‍ക്കുള്ള ഇന്‍ഷുറന്‍സ് കാര്‍ഡ് വിതരണവും ചടങ്ങില്‍ നടന്നു.

മാലിന്യമുക്ത നവകേരളം കാമ്പയിനിന്‍റെ ഒന്നാംഘട്ടത്തില്‍ 100 ശതമാനം ഉറവിടത്തില്‍ തരംതിരിക്കല്‍, 100 ശതമാനം അജൈവ മാലിന്യങ്ങളുടെ വാതില്‍പ്പടി ശേഖരണം, 100 ശതമാനം ജൈവമാലിന്യവും ഉറവിടത്തില്‍ സംസ്ക്കരിക്കല്‍, പൊതുയിടങ്ങളിലെ മാലിന്യ നിക്ഷേപങ്ങള്‍ നീക്കം ചെയ്യല്‍, ജലാശയങ്ങളിലെ ഖരമാലിന്യങ്ങള്‍ നീക്കം ചെയ്യല്‍ എന്നിവയായിരുന്നു ലക്ഷ്യമിട്ട പ്രവര്‍ത്തനങ്ങള്‍. ഒന്നാംഘട്ട പ്രവര്‍ത്തനങ്ങളുടെ പുരോഗതിയും നടത്തിപ്പില്‍ നേരിട്ട പ്രശ്നങ്ങള്‍ വിലയിരുത്താനും വിശകലനം ചെയ്യുന്നതിനുമാണ് സംസ്ഥാനത്തെ എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും ജൂണ്‍ അഞ്ചിന് ഹരിതസഭകള്‍ ചേര്‍ന്നത്. 2 ലക്ഷം പ്രതിനിധികളാണ് ഹരിതസഭയില്‍ പങ്കാളിയാകുന്നത്.

ഹരിതസഭയില്‍ രൂപപ്പെടുന്ന നിര്‍ദ്ദേശങ്ങള്‍ പരിഗണിച്ചായിരിക്കും രണ്ടാംഘട്ട പ്രവര്‍ത്തന പരിപാടികള്‍ക്ക് രൂപം നല്‍കുക. കൂടാതെ ഹരിതസഭയില്‍ അവതരിപ്പിക്കുന്ന റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ സോഷ്യല്‍ ഓഡിറ്റ് സംഘടിപ്പിക്കുന്നതിനുള്ള നടപടിയും ആരംഭിച്ചിട്ടുണ്ട്.  

You might also like

Leave A Reply

Your email address will not be published.