ടൂറിസം മേഖലയില്‍ വനിതകള്‍ക്ക് തൊഴിലവസരങ്ങള്‍ ലഭ്യമാക്കുന്ന കോഴ്സുകള്‍ ആരംഭിക്കും: മന്ത്രി മുഹമ്മദ് റിയാസ്
കിറ്റ്സ് സംഘടിപ്പിക്കുന്ന സൗജന്യ പരിശീലന പരിപാടിയില്‍ 600 വനിതകള്‍ക്ക് പങ്കെടുക്കാം
തിരുവനന്തപുരം: സംസ്ഥാന ടൂറിസം വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആന്‍റ് ട്രാവല്‍ സ്റ്റഡീസ് (കിറ്റ്സ്) വനിതകള്‍ക്കായി സ്കോളര്‍ഷിപ്പോടു കൂടിയ ടൂറിസം -ഹോസ്പിറ്റാലിറ്റി കോഴ്സുകളും സൗജന്യ പരിശീലന പരിപാടികളും സംഘടിപ്പിക്കുമെന്ന് സംസ്ഥാന ടൂറിസം വകുപ്പ് മന്ത്രി പി എ. മുഹമ്മദ് റിയാസ് പത്രസമ്മേളനത്തില്‍ പറഞ്ഞു.
വനിതകള്‍ക്ക് കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനും സംരംഭകത്വം പ്രോത്സാഹിപ്പിക്കുന്നതിനുമായാണ് സൗജന്യ പരിശീലനവും സ്കോളര്‍ഷിപ്പോടു കൂടിയ കോഴ്സുകളും നടത്തുന്നത്. കിറ്റ്സിനെ മികവിന്‍റെ കേന്ദ്രമാക്കാനുള്ള വിവിധ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോകുമെന്നും അദ്ദേഹം പറഞ്ഞു.
കിറ്റ്സിലെ മുന്‍ അധ്യാപികയും സിവില്‍ സര്‍വീസ് ജേതാവുമായ ആര്യ വി എമ്മിനുള്ള അനുമോദന ചടങ്ങിലും മന്ത്രി പങ്കെടുത്തു.
ചടങ്ങില്‍ കിറ്റ്സ് പ്രിന്‍സിപ്പല്‍ ഡോ. ബി രാജേന്ദ്രന്‍, കിറ്റ്സ് ഡയറക്ടര്‍ ഡോ. ദിലീപ് എം.ആര്‍ എന്നിവര്‍ സന്നിഹിതരായി.
ഹോസ്പിറ്റാലിറ്റി- ടൂറിസം മേഖലകളില്‍ തൊഴില്‍ ലഭ്യമാക്കുന്ന മള്‍ട്ടി സ്കില്‍ഡ് ഹോസ്പിറ്റാലിറ്റി എക്സിക്യൂട്ടീവ് ഡിപ്ലോമ കോഴ്സുകളാണ് വനിതകള്‍ക്കായി കിറ്റ്സ് നടത്തുന്നത്. ആറു കോഴ്സുകളിലൂടെയും 13 പരിശീലന പരിപാടികളിലൂടെയും 600 ലധികം വനിതകള്‍ക്ക് തൊഴിലവസരങ്ങള്‍ ലഭ്യമാകും.
രാജ്യത്തെ മുഴുവനെടുത്താല്‍ ആതിഥേയ മര്യാദയുടെ തലസ്ഥാനമാണ് കേരളം. ഇവിടുത്തെ സമഭാവന, മതസൗഹാര്‍ദ അന്തരീക്ഷം, മതനിരപേക്ഷ മനസ് തുടങ്ങിയവ വിനോദസഞ്ചാരികളെ ഇങ്ങോട്ട് ആകര്‍ഷിക്കുന്നു. ഇത്തരം കോഴ്സുകള്‍ ടൂറിസം മേഖലയുടെ വളര്‍ച്ചയ്ക്ക് സഹായകമാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഫ്രണ്ട് ഓഫീസ് മാനേജ്മെന്‍റ്, ഹൗസ് കീപ്പിംഗ്, ഫുഡ് ആന്‍റ് ബിവറേജ് സര്‍വീസ് തുടങ്ങിയ വിഭാഗങ്ങളില്‍ തൊഴില്‍ ലഭിക്കുന്ന കോഴ്സിന് മുപ്പതിനായിരം രൂപയാണ് ഫീസ്. എസ്.സി, എസ്.ടി വിഭാഗത്തിലുള്ള വനിതകള്‍ക്ക് ഫീസ് ഇളവുണ്ടാകും. മറ്റ് വിഭാഗത്തിലുള്ളവര്‍ക്ക് 50 ശതമാനം സ്കോളര്‍ഷിപ്പും ലഭിക്കും.
മെരിറ്റടിസ്ഥാനത്തിലാകും അഡ്മിഷന്‍ നടത്തുക. പ്ലസ്ടു പാസ്സായിരിക്കണം. ആറുമാസ കാലാവധി പൂര്‍ത്തിയാക്കി കോഴ്സ് വിജയികളാകുന്നവര്‍ക്ക് കിറ്റ്സ് നൂറ് ശതമാനം പ്ലേസ്മെന്‍റ് നല്കുമെന്നും അദ്ദേഹം പറഞ്ഞു.
തദ്ദേശീയര്‍ക്ക് തൊഴില്‍-സംരംഭക അവസരങ്ങള്‍ ഒരുക്കുക എന്നത് സുസ്ഥിരടൂറിസ വികസനത്തിന്‍റെ ഭാഗമാണ്. ചെറുകിട സംരംഭങ്ങള്‍ തുടങ്ങുന്നതിനായുള്ള കിറ്റ്സിലെ ഒരു മാസത്തെ സംരംഭകത്വ വികസന പരിശീലന പരിപാടിയിലൂടെ മാര്‍ഗനിര്‍ദേശങ്ങളും നൈപുണ്യപരിശീലനവും സൗജന്യമായി ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്തെ ടൂറിസം പഠന ഗവേഷണത്തിന് പ്രോത്സാഹനം നല്‍കുന്നതിനായി ‘കിറ്റ്സ് നോളജ് ഷെയറിംഗ് ഇനിഷ്യേറ്റീവ്’ പരിപാടിയുടെ ഭാഗമായി കിറ്റ്സിന്‍റെ ലൈബ്രറി ഗവേഷകര്‍ക്കായി തുറന്നു കൊടുക്കുമെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനത്തെ സര്‍ക്കാര്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, യൂണിവേഴ്സിറ്റി സെന്‍ററുകള്‍ എന്നിവിടങ്ങളില്‍ നിന്നുള്ളവര്‍ക്ക് സൗജന്യമായി കിറ്റ്സ് ലൈബ്രറി ഉപയോഗിക്കാം.
എയ്ഡഡ്, സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങളില്‍ നിന്നുള്ളവര്‍ക്ക് 5000 രൂപ നല്കി ലൈബ്രറിയിലെ റഫറന്‍സ് മെമ്പര്‍ഷിപ്പ് നേടാം. മറ്റ് പുസ്തകങ്ങള്‍ക്ക് പുറമെ ടൂറിസം വിഷയത്തില്‍ മാത്രമുള്ള 5000 ത്തിലധികം പുസ്തകങ്ങളും അന്താരാഷ്ട്ര ടൂറിസം ജേണലുകളുടെ ഡിജിറ്റല്‍ പതിപ്പുകളും കിറ്റ്സില്‍ ലഭ്യമാണ്.
ടൂറിസത്തില്‍ എം.ബി.എ, ബി.ബി.എ, ബി.കോം എന്നിവയ്ക്കു പുറമേ ഡിപ്ലോമ കോഴ്സുകളും നിലവില്‍ കിറ്റ്സിലുണ്ട്.