മണ്ണില്ലാതെയും കൃഷിചെയ്യാം: കെ എസ് യു എം സ്റ്റാര്‍ട്ടപ്പ് വഴികാട്ടും

0

തിരുവനന്തപുരം: ഒരു സ്മാര്‍ട്ട് ഫോണും ചെടികള്‍ക്കാവശ്യമായ ചകിരിച്ചോറും പോഷകലായനിയുമുണ്ടെങ്കില്‍ മണ്ണില്ലാതെയും നൂറുമേനി വിളവെടുക്കാമെന്ന് തെളിയിയ്ക്കുകയാണ് കേരള സ്റ്റാര്‍ട്ടപ്പ് മിഷനു (കെഎസ് യുഎം) കീഴിലെ യുഫാംസ്.ഐ ഒ സ്റ്റാര്‍ട്ടപ്പ്. എട്ടു യുവാക്കള്‍ ചേര്‍ന്ന്  ഒന്നരക്കൊല്ലം മുന്‍പ് ആരംഭിച്ച യുഫാംസിന്‍റെ സാങ്കേതിക വിദ്യാധിഷ്ഠിത ഉപകരണങ്ങള്‍   മണ്ണില്ലാതെയുള്ള ഹൈഡ്രോപോണിക്സ് കൃഷിരീതിയെ മെച്ചപ്പെടുത്താന്‍ സഹായകമാണ്.


മണ്ണില്ലാതെയുള്ള ഹൈഡ്രോപോണിക്സ് കൃഷിരീതിയില്‍ വിജയഗാഥ രചിച്ച  കേരളത്തിലെ  ഏറ്റവും വലിയ ഫാമിംഗ് കമ്പനികളിലൊന്നായ അപ്ടൗണ്‍ അര്‍ബന്‍ ഫാംസുമായി സഹകരിച്ചു  പ്രവര്‍ത്തിക്കുകയാണിവര്‍. അപ്ടൗണ്‍ അര്‍ബന്‍ ഫാംസിന്‍റെ കേരളത്തിലെ ആദ്യ വാണിജ്യ യൂണിറ്റ് തിരുവനന്തപുരത്ത് പൊതുവിദ്യാഭ്യാസ-തൊഴില്‍ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി ഉദ്ഘാടനം ചെയ്തു.

നഗരത്തില്‍ കൃഷിചെയ്യാന്‍ സ്ഥലമില്ലെന്ന് വിഷമിക്കുന്നവര്‍ക്ക് ടെറസ് ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ ചെയ്യാനാകുന്ന ഹൈഡ്രോപോണിക്സ് കൃഷിരീതിയ്ക്ക് ആവശ്യമായ സാങ്കേതിക പിന്തുണ യുഫാംസ് നല്കും. ഒരാള്‍ക്ക് സ്വയം ഏതു കാലാവസ്ഥയിലും സ്ഥലപരിമിതിയിലും കൃഷിചെയ്യാന്‍ ചെയ്യാന്‍ ഇവരുടെ സാങ്കേതിക വിദ്യാധിഷ്ഠിത സെന്‍സറിംഗ് ഉപകരണം സഹായിക്കും. കീടനാശിനികള്‍ ഉപയോഗിക്കാതെയുള്ള കൃഷിരീതിയാണ് ഇവര്‍ പ്രോത്സാഹിപ്പിക്കുന്നതെന്നതും ശ്രദ്ധേയം.

എബിന്‍ ഏലിയാസ്, തന്‍വീര്‍ അഹമ്മദ.്എസ്, റിച്ചാര്‍ഡ് എം. ജോയ്, പ്രിന്‍സ് ജോണ്‍ ജോസഫ്, സംഗീത് സുരേന്ദ്രന്‍, അജയ് ബേസില്‍ വര്‍ഗീസ്, പ്രജോഷ് പ്രേംദാ, ജോപോള്‍ ജോണ്‍ എന്നിവരാണ് യുഫാംസ്.ഐ ഒ സ്റ്റാര്‍ട്ടപ്പിനു പിന്നില്‍. ഒരു സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിച്ച് കൃഷിസ്ഥലം   നിരീക്ഷിക്കാനും വിവരങ്ങള്‍ ശേഖരിക്കാനും വിലയിരുത്താനും ഈ സാങ്കേതിക വിദ്യ ഉപകാരപ്രദമാകും.

കാര്‍ഷിക മേഖലയിലെ സ്റ്റാര്‍ട്ടപ്പായ ഇവരുടെ സാങ്കേതിക വിദ്യാ ഉപകരണത്തിന് നിരവധി   അംഗീകാരങ്ങളും ലഭിച്ചിട്ടുണ്ട്. കേന്ദ്ര സര്‍ക്കാറിന്‍റെ ഉന്നത് ഭാരത് അഭിയാന്‍ പരിപാടിയിലേക്ക് കേരളത്തില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട മൂന്ന് സ്റ്റാര്‍ട്ടപ്പുകളില്‍ ഒന്ന് യുഫാംസ്.ഐ ഒ ആണ്. കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ സംഘടിപ്പിച്ച ഹാക്കത്തോണിലും ഇവര്‍ വിജയികളായിട്ടുണ്ട്.

തിരുവനന്തപുരം കേന്ദ്രമാക്കി വാണിജ്യാടിസ്ഥാനത്തില്‍ ഹൈഡ്രോപോണിക്സ് കൃഷിരീതി വ്യാപകമാക്കുന്നതിനും ഫാമുകള്‍ ഓട്ടോമാറ്റിക് ആക്കുന്നതിനുമായാണ് യുഫാംസിന്‍റെ സാങ്കേതികവിദ്യാധിഷ്ഠിത ഉപകരണങ്ങള്‍ അപ്ടൗണ്‍ അര്‍ബന്‍ ഫാംസ് നിലവില്‍ ഉപയോഗിക്കുന്നതെന്ന് യുഫാംസ് സ്റ്റാര്‍ട്ടപ്പിന്‍റെ സ്ഥാപകരിലൊരാളായ എബിന്‍ പറയുന്നു.  

ഇതിനാവശ്യമായ സാങ്കേതികവിദ്യാ ഉപകരണങ്ങളാണ് ഞങ്ങള്‍ വികസിപ്പിച്ചത്. ചെടികള്‍ വളരുന്ന പോഷക ലായനിയുടെ പിഎച്ച്, വെള്ളത്തിന്‍റെ അളവ്, ആര്‍ദ്രത, താപനില തുടങ്ങിയവ 24 മണിക്കൂറും നിരീക്ഷിക്കാനും കൃത്യമായ അളവില്‍ ആവശ്യമായ പോഷകഘടകങ്ങള്‍ നല്കാനും ഞങ്ങളുടെ ഉപകരണത്തിലൂടെ സാധിക്കും. ജലസേചന പമ്പുകള്‍, വാല്‍വുകള്‍, മിക്സറുകള്‍, ഡോസറുകള്‍, എസി യൂണിറ്റുകള്‍, ഫാനുകള്‍, വ്യത്യസ്ത പവര്‍ കപ്പാസിറ്റികളുള്ള ഗ്രോ ലൈറ്റുകള്‍ എന്നിവ ഞങ്ങളുടെ ഉപകരണത്തിന്‍റെ ഭാഗമാണ്. പാരമ്പര്യ കൃഷിരീതികള്‍ പിന്തുടരുന്നവര്‍ക്കും യു ഫാംസിനെ സമീപിക്കാം-എബിന്‍ കൂട്ടിച്ചേര്‍ത്തു.

ഹൈഡ്രോപോണിക്സ് കൃഷിരീതി എന്നത് മണ്ണ് ഉപയോഗിക്കാതെ വിളകള്‍ കൃഷി ചെയ്യാനുള്ള ആധുനിക കൃഷിരീതിയാണ്. ചെടികള്‍ക്ക് ആവശ്യമായ ധാതുക്കളും പോഷകങ്ങളും നല്‍കുന്ന പോഷക സമൃദ്ധമായ ജലലായനിയിലാണ് ചെടികള്‍ വളര്‍ത്തുന്നത്. ഉയര്‍ന്ന വിളവ്, കുറഞ്ഞ ജല ഉപഭോഗം, മണ്ണിലെ കൃഷിയ്ക്ക് അനുയോജ്യമല്ലാതെയുള്ള സ്ഥലങ്ങളില്‍ വിളകളെ വളര്‍ത്താനുള്ള കഴിവ് എന്നിവയുള്‍പ്പെടെ നിരവധി ഗുണങ്ങള്‍ ഈ കൃഷിരീതിയ്ക്കുണ്ട്.

അപ്ടൗണ്‍ അര്‍ബന്‍ ഫാംസിന്‍റെ കരമനയിലെ ഫാം 16,000 ചതുരശ്ര അടിയില്‍  സജ്ജീകരിച്ച സമ്പൂര്‍ണ ഓട്ടോമേറ്റഡ് ഫാമാണിത്. പ്രാരംഭ ഘട്ടത്തില്‍ കരമനയിലെ ഹൈഡ്രോപോണിക് ഓട്ടോമേറ്റഡ് ഫാമില്‍ 7000 പാലക്ക് കൃഷി ചെയ്യുന്നുന്നുണ്ട്. 35 ദിവസത്തിനുള്ളില്‍ 1.5 ടണ്‍ പാലക്ക് ഇവിടുന്ന് വിളവെടുക്കാമെന്നാണ് ഇവരുടെ പ്രതീക്ഷ.

You might also like

Leave A Reply

Your email address will not be published.